
എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും ആവേശമായിരുന്നു യമഹ ആർഎക്സ് 100 തിരിച്ചുവരുന്നു. തിരിച്ചു വരവിന്റെ സൂചന നൽകിയിരിക്കുകയാണ് യമഹ ഇന്ത്യ. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് എസ്‌കോര്‍ട്‌സ് യമഹ പുറത്തിറക്കിയ ആര്‍എക്‌സ് 100 പെട്ടെന്നു തന്നെ ഹിറ്റായി മാറി. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാല വില്‍പന.

മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉൽപാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്ന് ആർഎക്സ് 100 ന് ആരാധകർ ഏറെയാണ്. ആർഎക്സ് 100 പ്രേമികൾക്ക് സന്തോഷ വാർത്ത നൽകിക്കൊണ്ട് യമഹ ആർഎക്സ് മോഡലുമായി തിരിച്ചെത്തുന്നു. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുന്ന സൂചനകൾ നൽകിയത്.

ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആർഎക്സ് 100ന്റെ പ്ലസ് പോയിന്റ്. ആർഎക്സ് എന്ന ബ്രാൻഡ് തിരിച്ചു കൊണ്ടുവരുമ്പോൾ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈൻ. നൂറ് സിസി എൻജിന് പകരം പുതിയ ശേഷി കൂടിയ എൻജിനായിരിക്കും പുതിയ ബൈക്കിൽ, യമഹ ഇന്ത്യ മേധാവി പറയുന്നു.