വീണ്ടും റോഡിലിറങ്ങി ‘കബാലി’; ഭയപ്പാടിൽ യാത്രക്കാർ; ജാഗ്രതാ നിർദേശം

Story Highlights
  • ചൊവ്വാഴ്ച അമ്പലപ്പാറയില്‍ മുതല്‍ ആനക്കയത്തിന് സമീപം വരെയാണ് ഒറ്റയാന്‍ വാഹനങ്ങള്‍ തടഞ്ഞത്
  • സ്വകാര്യ ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുത്തു

ഷോളയാർ: ആനമല റോഡിൽ വീണ്ടും ഒറ്റയാൻ ‘കബാലി’ ഇറങ്ങി. മലക്കപ്പാറയിൽ നിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ കാട്ടാന തടഞ്ഞു. തുടർന്നു കാറും ലോറിയും അടക്കമുള്ള വാഹനങ്ങൾ പുറകോട്ടെടുക്കുകയായിരുന്നു. ഏറെനേരം ഗതാഗത തടസം സൃഷ്ടിച്ച ആന പിന്നീട് ഷോളയാർ പവർ ഹൗസ് റോഡിലേക്ക് മാറിപ്പോയി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കബാലിയെ കണ്ട് ലോറി പിന്നോട്ടെടുക്കുന്നതും ലോറിയ്ക്കുനേരെ ആന നടന്നുവരുന്നതും ദൃശ്യങ്ങളിൽ കാണാം. കബാലി ഒന്നും ചെയ്യില്ലെന്ന് ഡ്രൈവർമാർ പറയുന്നതും കേൾക്കാം.

ഇന്നലെയും കബാലി എന്ന് വിളിക്കുന്ന ഒറ്റയാൻ റോഡിൽ ഇറങ്ങി അമ്പലപ്പാറ മുതൽ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരം വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും മാറാതെ നിന്നുമായിരുന്നു ആനയുടെ വിളയാട്ടം. മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെഎസ്ആർടിസി ബസ് ആക്രമിക്കാൻ ചിന്നം വിളിച്ച് ആന ഓടിയെത്തി ബസിൽ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി. ആനക്കയത്ത് വെച്ച് ആന കാട്ടിലേക്ക് കയറിപ്പോയതോടെയാണ് വാഹനങ്ങൾക്ക് യാത്ര തുടരാനായത്.

ഇന്നലെ സ്വകാര്യ ബസടക്കമുള്ള വാഹനങ്ങൾ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുത്തിരുന്നു. അതേസമയം പ്രദേശത്തേക്ക് കൂടുതൽ വനപാലകസംഘം എത്തുമെന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപ് ആന വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ഒറ്റയാൻ വാഹനങ്ങൾ തടയാൻ തുടങ്ങിയതോടെ യാത്രക്കാരും വിനോദ സഞ്ചാരികളും ആശങ്കയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button