ജനങ്ങളെ പിഴിയുന്ന ഈ ക്രൂരത ഇനിയെങ്കിലും നിർത്തിക്കൂടെ?

'ഞാൻ എന്ത് ചെയ്യാനാ, യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടിന്റെ ബാധ്യത തിരിച്ചടയ്ക്കണം. പൈസ ഉണ്ടായിരുന്നെങ്കിൽ പെട്രോൾ വിലയിൽ ജനങ്ങൾക്ക് ആശ്വാസം നൽകിയേനേ?'

കത്തിക്കയറുന്ന ഇന്ധന വിലയിൽ പൊറുതിമുട്ടിയ ജനത്തിന്റെ മുഖത്ത് നോക്കി ഒരു കൂസലുമില്ലാതെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞതാണിത്.

ഇന്ധന വിലവർദ്ധനവിന് കാരണമായ എക്സൈസ് തീരുവ കുറയ്ക്കില്ല. കാരണവും അസന്ദിഗ്ധമായി അവർ വ്യക്തമാക്കി- ഓയിൽ ബോണ്ട്. അതും യു പി എ സർക്കാർ ഇറക്കിയത്. അങ്ങനെ ഓയിലിൽ നിർമ്മലാജി നന്നായി കൈ കഴുകി.സത്യമാണ്, യുപി എ സർക്കാർ ഓയിൽ ബോണ്ട് ഇറക്കിയിട്ടുണ്ട്, അതിന്റെ പലിശയും മുതലും അടയ്ക്കേണ്ടതുണ്ട്. എന്താണ് ഈ ഓയിൽ ബോണ്ട്‌? എത്ര അടയ്ക്കാനുണ്ട്?

എന്താണ് ഈ ഓയിൽ ബോണ്ട്‌?

2005-2010 കാലഘട്ടത്തിൽ ഇന്ധന വില നിയന്ത്രിക്കാനായി ഓയിൽ കമ്പനികൾക്ക് നൽകേണ്ട 1.44 ലക്ഷം കോടി സബ്സിഡിക്ക് വേണ്ടിയായിരുന്നു അന്നത്തെ സർക്കാർ ഓയിൽ ബോണ്ട് ഇറക്കിയത്. ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നൽകാൻ കയ്യിൽ പണമില്ലാതിരുന്നതുകൊണ്ട് ബോണ്ടിറക്കി. കുതിച്ചുയർന്ന ഇന്ധന വില ബാധ്യതയായില്ല എന്നതാണ് പരോക്ഷമായി ജനങ്ങൾക്കുണ്ടായ ഗുണം.പക്ഷെ, ഇടവേളകളിൽ പലിശ ഇനത്തിൽ ഉൾപ്പെടെ കോടികൾ നൽകേണ്ടതിനാൽ ഓയിൽ ബോണ്ട് ബാധ്യത തന്നെയാണ്. ഓയിൽ ബോണ്ടിന്റെ ബാധ്യത തീർക്കാൻ 2021-2026 വർഷങ്ങളിൽ സർക്കാരിന് വേണ്ടിവരുന്നതാകട്ടെ 1.30 ലക്ഷം കോടി രൂപയും. എന്നാൽ, അതിന്റെ പേരിൽ തുടരുന്ന അധിക എക്സൈസ് തീരുവ പിരിവ് ന്യായമോ?ഓയിൽ ബോണ്ട് ബാധ്യത തീർക്കാൻ ഉള്ളതിനാൽ എക്സൈസ് തീരുവ കുറയ്ക്കില്ലെന്നാണ് നിർമ്മലാ സീതാരാമന്റെ ന്യായം. കേൾക്കുമ്പോൾ ശരിയായി തോന്നാം. പക്ഷെ ഓയിൽ ബോണ്ടിന്റെ പേരിൽ സർക്കാർ നടത്തുന്ന കൊള്ള എത്രയാണെന്ന് അറിയാമോ?

2026 വരെയുള്ള ബാധ്യത 1.30 ലക്ഷം കോടി രൂപയാണ്. എന്നാൽ, 2019-2020 ൽ മാത്രം എക്സൈസ് ഡ്യൂട്ടിയിൽ സർക്കാരിന് 2.4 ലക്ഷം കോടി രൂപ വരുമാനം ഉണ്ടായി. 2020-2021ൽ വരുമാനം 3.8 ലക്ഷമായി ഉയർന്നു. ഈ വർഷം ആദ്യ പാദത്തിലെ വരുമാനം ആകട്ടെ 94,000 കോടി രൂപയും. മുൻ വർഷം സമാന കാലയളവിൽ 35,000 കോടി രൂപയായിരുന്നു വരുമാനം എന്നുകൂടി ഓർക്കണം. അതായത്, ബാധ്യതയുടെ എത്രയോ ഇരട്ടി സർക്കാർ പിരിച്ചു കഴിഞ്ഞു.ഇതറിയാതെ എത്രയോ പേർ നിർമ്മലാ സീതാരാമൻ പറഞ്ഞ ഓയിൽ ബോണ്ടെന്ന മാറാരോഗത്തിന്റെ ദയനീയതയിൽ വീണുപോയിരിക്കുന്നു. ജനങ്ങളെ പിഴിയുന്ന ഈ ക്രൂരത ഇനിയെങ്കിലും നിർത്തിക്കൂടെ?

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok