ന്യൂഡൽഹി: നിങ്ങളുടെ വണ്ടിക്ക് പ്രായം 20 കഴിഞ്ഞോ? എങ്കിൽ അറിഞ്ഞിരിക്കുക, ഉടൻ പൊളിച്ച് നീക്കേണ്ട 85 ലക്ഷം വാഹനങ്ങളിൽ നിങ്ങളുടെ വണ്ടിയുമുണ്ട്. പഴയ വാഹനങ്ങളെ സ്നേഹിച്ച് കഴിയുന്നവർക്കും പുതിയ വണ്ടി വാങ്ങാൻ സാമ്പത്തികമില്ലാത്തവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന കണ്ടംചെയ്യൽ നയം വേഗത്തിൽ നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പുതിയ നയം പ്രഖ്യാപിച്ചത്.
വാണിജ്യവാഹനങ്ങളുടെ ആയുസ്സ് 15 വർഷം, സ്വകാര്യ വാഹനങ്ങൾ 20 വർഷം
ഗുജറാത്തിൽ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമാവധി കാലാവധി 20 വർഷമാണ്. വാണിജ്യവാഹനങ്ങൾക്ക് 15 വർഷവും. ശേഷം ഇവ പൊളിച്ചുനീക്കേണ്ടി വരും.അടുത്തവർഷം മുതൽ ഈ നയം പ്രാബല്യത്തിൽ വരും. ആദ്യം കേന്ദ്ര-സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് പുതിയ നയം നടപ്പിലാക്കുക. 2023 മുതൽ ഹെവി വാഹനങ്ങൾക്ക് നയം ബാധകമാക്കും. 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക് നയം ബാധകമാവുക.
70 പൊളി കേന്ദ്രങ്ങൾ തുടങ്ങും
നയം നടപ്പാക്കാൻ രാജ്യമൊട്ടാകെ 70 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കൽ നയമെന്നാണ് അദ്ദേഹം പറയുന്നത്. ‘യുവാക്കളും സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ഇതിന്റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കും’ -അദ്ദേഹം വ്യക്തമാക്കി.
85 ലക്ഷം വാഹനം പൊളിക്കേണ്ടി വരും
ഇന്ത്യയിൽ 85ലക്ഷം വാഹനങ്ങൾ പൊളിേകണ്ടി വരുമെന്നാണ് ഈ വർഷം മാർച്ചിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചത്. 51 ലക്ഷം വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുണ്ടെന്നും ഗഡ്കരി പറഞ്ഞു. 15 വർഷത്തിനുമുകളിൽ പ്രായമുള്ള 17 ലക്ഷം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനങ്ങൾ 10-12 മടങ്ങ് കൂടുതൽ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷയ്ക്കും ഈ വാഹനങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടും, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാനം വർധിക്കും
വാഹനമേഖലയിലെ വളർച്ചയ്ക്കും പുതിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്ക്രാപ്പേജ് പോളിസി (കണ്ടംചെയ്യൽ നയം) സഹായിക്കുമെന്നാണ് ഗഡ്കരിയുടെ വാദം. പഴയ വാഹനങ്ങൾ ഒഴിവാക്കാനും പുതിയവ വാങ്ങാൻ സാമ്പത്തികമായി ആളുകളെ സഹായിക്കാനും പദ്ധതി ഉപകരിക്കും. സ്ക്രാപ്പ് സെന്ററുകൾ, വാഹന വ്യവസായം, ഘടക വ്യവസായങ്ങൾ എന്നിവക്കെല്ലാം ഈ നയത്തിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
”പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് പുതിയ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തും. ഇത് വാഹനമേഖലയിൽ ഉണർവ്വ് ഉണ്ടാക്കും. കൂടുതൽ ജി.എസ്.ടി നേടാൻ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കാൻ ഈ നീക്കം ഉപകരിക്കും. പുതിയ പോളിസിപ്രകാരം വാഹനം ഉപേക്ഷിക്കുന്നവർ പുതിയവ വാങ്ങുേമ്പാൾ അഞ്ച് ശതമാനം കിഴിവ് നൽകാൻ എല്ലാ വാഹന നിർമാതാക്കൾക്കും നിർദേശം നൽകും. സ്പെയർപാർട്സുകളുടെ വില കുറയും” -ഗഡ്കരി അന്ന് പറഞ്ഞു.