പടക്കവുമായി ട്രെയിൻ യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്

കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്.

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. ട്രെയിൻ വഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളില്‍നിന്ന് വടകര ഭാഗത്തേക്കുമൊക്കെയാണ് ഇത്തരത്തിലുള്ള യാത്ര. മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാല്‍ ഒട്ടേറെപേര്‍ മാഹിയില്‍ പോയി പടക്കം വാങ്ങാറുണ്ട്.

എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂര്‍ണമായും തടയാനാണ് ആര്‍.പി.എഫ്. ലക്ഷ്യമിടുന്നത്. തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്. കൊണ്ടുവരുന്നത് ചെറിയ അളവിലായാല്‍പോലും നടപടി ഉണ്ടാകും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്.

ഇത് പലര്‍ക്കും അറിയില്ലെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നത്. വടകര റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടന്നു. കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button