
- ഇന്റര്‍നെറ്റ് സേവന ദാതാക്കളെ കണ്ടെത്തി ടെന്റര്‍ ഉറപ്പിച്ചെങ്കിലും പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനിടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസൻസിനും കെ ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്
തിരുവനന്തപുരം: മെയ് അവസാനത്തോടെ ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുമെന്ന കെ ഫോൺ വാദ്ഗാനം പാതി വഴിയിൽ. ഇതിനായി ഇന്റര്‍നെറ്റ് സേവന ദാതാക്കളെ കണ്ടെത്തി ടെന്റര്‍ ഉറപ്പിച്ചെങ്കിലും പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനിടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസൻസിനും കെ ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്.
കേബിൾ ശൃഖലയടക്കം അടിസ്ഥാന സൗകര്യങ്ങൾ കെ ഫോൺ ഒരുക്കും. സര്‍വ്വീസ് പ്രൊവൈഡരെ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ സേവനം ജനങ്ങളിലേക്കെത്തിക്കും എന്നാതായിരുന്നു പദ്ധതി. ആദ്യ ഘട്ടമെന്ന നിലയിൽ ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നും പരമാവധി 500 കുടുംബങ്ങളെ കണ്ടെത്തി സേവനം ഉറപ്പാക്കാനായിരുന്നു തീരുമാനം. സര്‍വ്വീസ് പ്രൊവൈഡര്‍മാരിൽ നിന്ന് ടെന്ററെടുത്ത് ഏറ്റവും കുറഞ്ഞ തുക കേരളാ വിഷൻ ക്വാട്ട് ചെയ്യുകയും ചെയ്തു. ഗാര്‍ഹിക കണക്ഷൻ നൽകിത്തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമെന്ന ഘട്ടത്തിൽ നിന്നാണ് നിര്‍ണ്ണായ ചുവടുമാറ്റം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവയ്ക്കാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പുതിയ തീരുമാനം അനുസരിച്ച് അടിസ്ഥാന സൗകര്യ ദാതാവ് എന്ന പദവിക്ക് പുറമെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസൻസിനും കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിൽ കെ ഫോൺ അപേക്ഷ നൽകി. അതായത് ലൈസൻസ് കിട്ടിയാൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് ഇന്റര്‍നെറ്റ് കണക്ഷൻ നൽകാൻ കെ ഫോണിന് കഴിയും. ഒപ്പം ബാന്റ് വിഡ്ത് സേവന ദാതാവിനെ കണ്ടെത്താനും ടെന്റര്‍ ക്ഷണിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത മറികടന്ന് വരുമാനം ഉണ്ടാക്കൽ ആണ് ലക്ഷ്യമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ടെലിക്കോം കമ്പനികളുടെ പ്രതികരണം വ്യക്തമല്ല. വൻകിട കമ്പനികളോട് കിടപിടിക്കുന്ന സേവനത്തിനും അതിനൊരുക്കേണ്ട അനുബന്ധ സൗകര്യങ്ങളിലും എടുക്കേണ്ട മുന്നൊരുക്കങ്ങൾ കെ ഫോണിനും വെല്ലുവിളിയാണ്.