റൊണാൾഡോ യുവന്റസ് വിടുന്നു

ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി.

ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പി.എസ്‌.ജി.യുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് കൂടുതൽ വ്യക്തതയുണ്ടായില്ല.

റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു. ‘റയലിൽ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവർക്ക് അത് സാന്റിയാഗോ ബെർണാബ്യൂവിലെ റയൽ മ്യൂസിയത്തിൽ ചെന്നാൽ കാണാം. അതുപോലെ ഓരോ റയൽ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വർഷം പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങൾ കഴിഞ്ഞത്. ആ സ്‌നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.

ഓരോ യഥാർത്ഥ റയൽ ആരാധകന്റെ ഹൃദയത്തിലും മനസിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. സ്‌പെയിനിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ എന്റെ പേര് നിരവധി ക്ലബ്ബുകളുമായി ചേർത്ത് പറയുന്നുണ്ട്. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് ആരും ഇതുവരെ
അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പേര് വെച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് അവസാനമിടാൻ ഞാൻ നേരിട്ട് രംഗത്തുവന്നിരിക്കുകയാണ്’- എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok