ഭാ​ഗ്യദേവത കടാക്ഷിച്ചത് മലേഷ്യയിലേക്ക് പോകാനിരിക്കെ; 500 രൂപ തികച്ചത് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച്

Story Highlights
  • ഓണം ബംബർ അനൂപിന്
  • ബംബറടിച്ചത് മലേഷ്യയിലേക്ക് പോകാനിരിക്കെ
  • ഓട്ടോ ഡ്രൈവറാണ് അനൂപ്
18 - September - 2022

തിരുവനന്തപുരം: ആകാംഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഓണം ബംബര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിക്ക് ലഭിക്കുന്നത്. 25കോടിയുടെ ഓണം ബംബര്‍ സ്വന്തമാക്കിയത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ്. അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യത്തിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് അനൂപും കുടുംബവും. ഓട്ടോ ഡ്രൈവറാണ് 30കാരനായ അനൂപ്. ശനിയാഴ്ചയാണ് അനൂപ് ഓണം ബംബർ എടുത്തത്. ആദ്യം മറ്റൊരു ടിക്കറ്റാണ് എടുത്തത്. നമ്പർ ഇഷ്ടപ്പെടാതിരുന്നതോടെ അത് തിരികെ വെച്ച് സമ്മാനാർഹമായ ടിക്കറ്റ് എടുത്തു. ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കെയാണ് അനൂപിനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്.

ശനിയാഴ്ച രാത്രിയാണ് അനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുക്കുന്നത്. ഫലം വന്നപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഭാര്യയേക്കൊണ്ടും പരിശോധിപ്പിച്ചു. ഇതിനും ശേഷമാണ് ബംബറടിച്ചെന്ന് ഉറപ്പിച്ചത്. മുന്‍പും ടിക്കറ്റ് എടുക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് അനൂപ് പറയുന്നു. 5000 രൂപയാണ് ഇതിന് മുന്‍പ് ലഭിച്ച ഏറ്റവും വലിയ സമ്മാനത്തുക. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

ജോലിക്കായി മലേഷ്യയിലേക്ക് പോകാനിരിക്കെയാണ് അനൂപിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ഇനി വിദേശത്തേയ്ക്കില്ലെന്നാണ് അനൂപ് പറയുന്നത്. ഓണം ബംബര്‍ എടുക്കണമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ ഇന്നലെ പണം ഒത്തുവന്നപ്പോള്‍ എടുക്കുകയായിരുന്നു. അമ്പതുരൂപയുടെ കുറവുണ്ടായിരുന്നു. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽ നിന്ന് 50 രൂപ കൂടി ഇടുകയായിരുന്നുവെന്നും അനൂപ് പറയുന്നു. മറ്റൊരു ടിക്കറ്റായിരുന്നു എടുത്തത്. നമ്പര്‍ ഇഷ്ടപ്പെടാതെ വന്നതോടെ തിരികെ വച്ചശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് അനൂപ് പറയുന്നു. സഹകരണ ബാങ്കിൽ നിന്നും 3 ലക്ഷത്തിന്റെ ലോൺ പാസായിരുന്നു. ഇതിനി വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്ന് അനൂപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok