ഷെയറിട്ടാണോ ഓണം ബമ്പര്‍ Onam Bumper എടുത്തത്; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, നറുക്കെടുപ്പിന് ദിവസങ്ങള്‍

10 - September - 2022

തിരുവനന്തപുരം: ഇനി ദിവസങ്ങള്‍ മാത്രമാണ് ഓണം ബമ്പര്‍ നറുക്കെടുപ്പിനുള്ളത്. ഈ വരുന്ന സെപ്റ്റംബര്‍ 18ന് നറുക്കെടുപ്പ് നടക്കും. ഇത്തവണ ടിക്കറ്റിന് 300 രൂപയില്‍ നിന്ന് 500 രൂപയാക്കിയതോടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് ലോട്ടറിവ വകുപ്പ് പ്രതീക്ഷിക്കുന്നത്. അവസാന നാളുകളില്‍ ബംമ്പര്‍ നറുക്കെടുപ്പ് പൊടി പൊടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനത്തുകയെന്ന വിശേഷണവുമായാണ് കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഈവര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഭാഗ്യം കടാക്ഷിക്കുന്നയാള്‍ക്ക് 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

ഓണം ബമ്പറിന്റെ സമ്മാനത്തുക കുത്തനെ വര്‍ധിപ്പിച്ചതോടെ ടിക്കറ്റ് വിലയും ഉയര്‍ത്തിയിരുന്നു. ഇത്തവത്തെ ഓണം ബമ്പറിന് 500 രൂപയാണ് ടിക്കറ്റ് വില ഈടാക്കുന്നത്. ടിക്കറ്റ് വിലയില്‍ വര്‍ധന വരുത്തിയിട്ടും വില്‍പനയെ കാര്യമായി ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ടിക്കറ്റ് എടുക്കുന്ന ശൈലിയില്‍ ചില പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് ലോട്ടറി വില്‍പ്പനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂട്ടം ചേര്‍ന്നുള്ള ഭാഗ്യപരീക്ഷണമാണ് ഇത്തവണ ഓണം ബമ്പറിനെ വ്യത്യസ്തമാക്കുന്നത്. ടിക്കറ്റ് വില പങ്കിട്ട് കൂട്ടമായി ടിക്കറ്റ് എടുക്കുന്നവര്‍ ഏറെയാണെന്ന് വില്‍പനക്കാരും ഏജന്‍സികളും സൂചിപ്പിച്ചു. ടിക്കറ്റ് വില വര്‍ധിപ്പിച്ചത് ഇതിനൊരു ഘടകമാണെന്ന് വിലയിരുത്തുന്നു. ചെലവ് പങ്കിടുന്നതോടെ ഒന്നിലധികം ടിക്കറ്റുകള്‍ എടുക്കാമെന്നതും നേട്ടമാണ്. വിജയസാധ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

ഇതിനോടൊപ്പം സമീപകാലത്ത് ഒരുമിച്ച് ടിക്കറ്റ് എടുത്തവര്‍ക്ക് വമ്പന്‍ സമ്മാനം ലഭിച്ച ചരിത്രവും പ്രേരണയാകുന്നുണ്ട്. അതേസമയം പങ്കിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചാല്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഓണം ബമ്പർ അടിച്ചാല്‍ പണം എങ്ങനെ കിട്ടും

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുന്നതല്ല. ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തുകയും ചുമതലപ്പെടുത്തിയ കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കുകയും വേണം.

ഈ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്ത്. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

ഓണം ബമ്പർ ഒന്നാം സമ്മാനം നിങ്ങൾക്ക് അടിച്ചാൽ കയ്യിൽ കിട്ടുന്നത്

ആദായനികുതി കുറച്ചതിന് ശേഷമാണ് സമ്മാനത്തുക കൈമാറുക. അതിനാൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.

എവിടെ നിന്ന് ടിക്കറ്റ് മാറി പണം സ്വന്തമാക്കാം

  • 500 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്.
  • 500 രൂപയ്ക്ക് മുകളിലാണ് നിങ്ങൾക്ക് അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം.
  • 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

ഇതിൻ്റെ കാലാവധി നോക്കാം

നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.

Related Articles

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok