
ന്യൂഡൽഹി: യുഎസ് യാത്രയ്ക്കിടെ വിമാനത്തിലിരുന്നും ജോലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബിജെപി നേതാക്കൾ വലിയ ചർച്ചാ വിഷയമാക്കിയതിനെ ട്രോളി കോൺഗ്രസ്. മോദി മാത്രമല്ല വിമാനത്തിലിരുന്ന് ജോലി ചെയ്ത പ്രധാനമന്ത്രിയെന്ന് ചൂണ്ടിക്കാണിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിദേശ യാത്രാ വേളയിലെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് കോൺഗ്രസിന്റെ പരിഹാസം.വിദേശ യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വാർത്താ സമ്മേളനം വിളിച്ചുചേർത്ത മൻമോഹൻ സിങിന്റെ ചിത്രങ്ങളാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വർഷക്കാലത്തെ മൂന്ന് വിദേശ സന്ദർശന സമയത്തെ ചിത്രങ്ങളാണിവ. ചില ചിത്രങ്ങൾ പകർത്താൻ വളരെ പ്രയാസമാണന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസിന്റെ ട്വീറ്റ്.
ദീർഘദൂര യാത്രയെന്നാൽ ചില പേപ്പറുകളും ഫയൽ വർക്കും തീർക്കാനുള്ള അവസരം കൂടിയാണെന്ന തലക്കെട്ടോടെയാണ് വിമാനത്തിനുള്ളിലുള്ള ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എല്ലായിപ്പോഴും ഒരു ക്ഷീണവുമില്ലാതെ രാജ്യസേവനം നടത്തുന്ന വ്യക്തിയെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. മണിക്കൂറുകൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിദേശയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കാൻ വാർത്താ സമ്മേളനം വരെ വിളിച്ചിരുന്നുവെന്ന് കോൺഗ്രസ് ഓർമ്മപ്പെടുത്തിയത്. അതേസമയം വിദേശ യാത്രകളിൽ നികുതിദായകരുടെ പണം ഉപയോഗിച്ച് കൂടുതൽ മാധ്യമപ്രവർത്തകരെ പ്രധാനമന്ത്രിക്കൊപ്പം കൂട്ടിയ പാർട്ടി കോൺഗ്രസാണോയെന്ന ചോദ്യവും ട്വീറ്റിന് താഴെ വിമർശനം ഉയർന്നു. മോദിയെ പുകഴ്ത്തിയും വിമർശിച്ചും നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി.
അതേ സമയം രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനമായ ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’വിമാനത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന മുൻ പ്രധാനമന്ത്രിമാരുടെ ചിത്രം ട്വീറ്റ് ചെയ്തു. ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ് എന്നിവർ വിമാന യാത്രയ്ക്കിടയിലും തങ്ങളുടെ ജോലിയിൽ മുഴുകുന്ന തങ്ങളുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് ഇത്തരത്തിൽ ഇന്ത്യൻ എക്സ്പ്രസ്സ് പങ്കുവച്ചത്. ഇവ ട്വിറ്ററിൽ വൈറലായി.