Narendra Modi

‘ബിജെപി ഭരിക്കുന്ന ഗോവയിലെ അഴിമതി മോദി കാണില്ലേ?’; രണ്ടുംകൽപിച്ച് സത്യപാൽ മാലിക്

ന്യൂഡൽഹി∙ സത്യമെന്നു തോന്നുന്നതെല്ലാം മുൻപിൻ നോക്കാതെ വിളിച്ചു പറയുന്നതാണ് മേഘാലയ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്കിന്റെ ശീലം. പറയുന്നത് ആർക്കൊക്കെ കൊള്ളുമെന്നോ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്നോ അദ്ദേഹം നോക്കാറില്ല. അത്തരത്തിലൊരു ആത്മരോഷ പ്രകടനം പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കു വരെ വിരൽ ചൂണ്ടിയിരിക്കുകയാണിപ്പോൾ.

അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്ന നരേന്ദ്രമോദി, താൻ ഗവർണറായിരുന്ന ഗോവയിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ കാര്യമായി എടുത്തില്ല എന്നായിരുന്നു സത്യപാൽ മാലിക്കിന്റെ പ്രതികരണം. മോദിക്കും അമിത് ഷായ്ക്കുമെതിരെ ഉറക്കത്തിൽപ്പോലും വിരൽചൂണ്ടാൻ മടിക്കുന്ന പാർട്ടിയെ അസ്തപ്രജ്ഞരാക്കിയിരിക്കുകയാണ് സത്യപാൽ മാലിക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ.

സത്യപാൽ മാലിക്കിനെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന് വ്യക്തമായ നിലപാടില്ലെന്നതാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിൽനിന്നു ലഭിക്കുന്ന വിവരം. പടിഞ്ഞാറൻ യുപിയിൽ നല്ല വേരോട്ടമുള്ള കർഷക നേതാവാണ് സത്യപാൽ മാലിക്കെന്നതാണ് പ്രധാന കാര്യം. ഒരു വർഷത്തോളമായി നീളുന്ന കർഷക സമരത്തിന് യുപിയിൽ അൽപം വേരോടുന്നതും സത്യപാൽ മാലിക്കിന്റെ സ്വന്തം സ്ഥലമായ ഭാഗ്പത് അടക്കമുള്ള പടിഞ്ഞാറൻ യുപി ജില്ലകളിൽത്തന്നെയാണ്. നിർണായകമായ ഒരു തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ നിലപാടിന്റെ പേരിൽ സത്യപാൽ മാലിക്കിനെ വലിച്ചെറിഞ്ഞു കളയാൻ ബിജെപി തയാറാകുമോ എന്നതാണ് മുഖ്യമായ ചോദ്യം.

മറുഭാഗത്ത് സത്യപാൽ മാലിക്ക് എന്തു കണ്ടാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതെന്ന് അദ്ഭുതം കൂറുന്നവരുമുണ്ട്. ചരൺസിങ്ങിന്റെ ക്രാന്തിദളിലൂടെ കോൺഗ്രസും ജനതാദളും കടന്ന് ബിജെപിയിലെത്തിയ സത്യപാൽ മാലിക്കിന് 75 വയസ്സായി. ബിജെപിയിൽ ഇനിയൊരങ്കത്തിനു ബാല്യമില്ല. 2004ലാണ് ബിജെപിയിലെത്തിയതെങ്കിലും കേന്ദ്രമന്ത്രിസ്ഥാനവും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളും ഗവർണർ സ്ഥാനങ്ങളുമൊക്കെ നൽകി പാർട്ടി അനുഗ്രഹിച്ചു കഴിഞ്ഞു. എന്നിട്ടും സത്യപാൽ മാലിക് അസ്വസ്ഥനാവുന്നതെന്തിന് എന്ന ചോദ്യത്തിനും ഇതുവരെ രാഷ്ട്രീയ നിരീക്ഷകർക്ക് ഉത്തരമില്ല. പക്ഷേ അവിടെയും മാലിക് ഉത്തരം പറഞ്ഞിട്ടുണ്ട്: ‘ഞാൻ ലോഹ്യയിസ്റ്റാണ്. ചൗധരി ചരൺസിങ്ങിന്റെ കൂടെ പ്രവർത്തിച്ച സോഷ്യലിസ്റ്റാണ്. അഴിമതി കണ്ടാൽ എനിക്കു സഹിക്കില്ല. ഞാനതു പറയും’

ബിജെപിയോട് മാലിക് ചെയ്തത്…

അഴിമതി വിരുദ്ധർ എന്ന നിലപാടാണ് രാഷ്ട്രീയത്തിൽ ബിജെപിയുടെ മുഖമുദ്ര. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന കരുത്തനാണ് നരേന്ദ്രമോദിയെന്നതാണ് പാർട്ടിയും അതിന്റെ പ്രചാരണ വിഭാഗവും കൊണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നത്. എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഗോവയിൽ അഴിമതി നടന്നുവെന്ന് മോദിയോടു പറഞ്ഞിട്ടും നടപടിയുണ്ടായില്ല എന്ന് ബിജെപിയുടെ നേതാവായ ഗവർണർ തന്നെ തുറന്നടിക്കുമ്പോൾ അതു ചെന്നു കൊളളുന്നതെവിടെയാണ്? ആർഎസ്എസിനെ വരെ അഴിമതി ആരോപണത്തിലേക്കു വലിച്ചു കൊണ്ടുവന്ന് പിന്നീട് മാപ്പു പറഞ്ഞതിനു ശേഷമാണ് മാലിക് ഗോവ വച്ച് ബിജെപിയുടെ അഴിമതി വിരുദ്ധതയ്ക്കെതിരെ ഒരു ‘താങ്ങു’ കൊടുത്തത്.

കശ്മീരിലെ 300 കോടി വാഗ്ദാനം

ജമ്മു കശ്മീരിൽ ഗവർണറായിരിക്കേ 2 പദ്ധതികൾ പാസാക്കാൻ തനിക്കു 300 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് രാജസ്ഥാനിലെ ഝുൻഝുനിൽ ഒരു ചടങ്ങിലാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയത്. സംഭവം നടന്നു 2 ദിവസം കഴിഞ്ഞാണു വിഡിയോ വൈറലായത്. 2 ഫയലുകൾ വന്നത് ഒന്ന് ‘അംബാനി’യുടേതും മറ്റേത് ഒരു ആർഎസ്എസ് പ്രമുഖന്റെ ഒത്താശയിലുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ ആരാണ് ആർഎസ്എസ് പ്രമുഖനെന്നു ചോദ്യമുയർന്നു.മാലിക് പറഞ്ഞു:

അക്കാലത്ത് ആർക്കായിരുന്നു കശ്മീരി‍ൽ ആർഎസ്എസിന്റെ ചുമതല എന്ന് ‍ഞാൻ പറഞ്ഞു തരണോ? അതു ചെന്നുകൊണ്ടത് ആർഎസ്എസിന്റെ ഉന്നത നേതാവും ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിമായ റാം മാധവിന്റെ നെഞ്ചത്ത്. ക്ഷുഭിതനായ അദ്ദേഹം സത്യപാൽ മാലിക്കിന്റെ കാലത്ത് കശ്മീരിൽ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

തനിക്കെതിരെ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് പുതിയ പോർമുഖവും തുറന്നു. സത്യപാൽ മാലിക് ആരുടെയും പേരു പറഞ്ഞിരുന്നില്ലെങ്കിലും റാം മാധവ് ആരോപണം ഏറ്റെടുത്ത് പ്രതികരിച്ചതെന്തിന് എന്നു ബിജെപിയിൽ പലരും രഹസ്യമായി ചോദിക്കുന്നുമുണ്ട്.എന്നിരുന്നാലും പാർട്ടിയുടെ പ്രതിഛായക്കു മേൽ സത്യപാൽ മാലിക് കുറേ മഷി കോരിയൊഴിച്ചുവെന്നാണ് പലരും കരുതുന്നത്. ആർഎസ്എസിന്റെ പേരു പറഞ്ഞത് ശരിയായില്ല എന്ന് മാലിക്കിന് 2 ദിവസം കഴിഞ്ഞപ്പോൾ തോന്നി.

അപ്പോൾ അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആർഎസ്എസിനെപ്പറ്റി പറഞ്ഞതിൽ ഖേദിക്കുന്നതായി സമ്മതിച്ചു. ഫയൽ കൊണ്ടുവന്നയാൾ ആർഎസ്എസ് നേതാവാണെന്നാണു പറഞ്ഞിരുന്നതെന്നും ആ ഒരു തോന്നലിൽ ആർഎസ്എസിന്റെ പേരു പറഞ്ഞതാണെന്നും വിശദീകരിച്ചു.

മാലിക് പറഞ്ഞ 2 പദ്ധതികളിലൊന്ന് റിലയൻസ് ഇൻഷുറൻസിന്റെ നേതൃത്വത്തിൽ കശ്മീരിൽ നടപ്പാക്കാനുദ്ദേശിച്ച ഇൻഷുറൻസ് പദ്ധതിയായിരുന്നു. ആർഎസ്എസ് നേതാവ് കൊണ്ടുവന്നു എന്നു പറയുന്ന പദ്ധതി ഏതെന്നു വ്യക്തമല്ല. എന്തായാലും തന്റെ ഇടപെടൽകൊണ്ട് വലിയൊരു അഴിമതി കശ്മീരിൽ ഇല്ലാതായി എന്നും മാലിക് അവകാശപ്പെട്ടു. ഈ വിവരം താൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചിരുന്നുവെന്നും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് അദ്ദേഹവും പറഞ്ഞതായും തന്റെ നിലപാടിനെ അഭിന്ദിച്ചതായും മാലിക് പറഞ്ഞു.

അടുത്ത ഉന്നം ഗോവ; കൂട്ടത്തിൽ മോദിക്കും

കശ്മീരിനെയും ആർഎസ്എസിനെയും പറ്റിയുള്ള വിവാദം അടങ്ങിയതിനു പിന്നാലെ ഗോവയിലെ പ്രമോദ് സാവന്ത് സർക്കാർ അഴിമതിയുടെ കൂടാരമാണെന്ന അടുത്ത വെടിയും മാലിക് പൊട്ടിച്ചു. ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അത്. അവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നത് മുഴുവൻ അബദ്ധവും അഴിമതിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വിവരവും മോദിയെ അറിയിച്ചു. പക്ഷേ അവിടെനിന്നുളള അന്വേഷണം ശരിയായില്ല.

പ്രമോദ് സാവന്ത്

അവർ അന്വേഷിച്ചത് അഴിമതി നടത്തിയ കൂട്ടരോടു തന്നെയായിരുന്നു. അവരെങ്ങനെ സത്യം പറയും? മാലിക് ചോദിച്ചപ്പോൾ അവതാരകൻ രാജ്ദീപ് സർദേശായി എടുത്തു ചോദിച്ചു. ആരെപ്പറ്റിയാണ് പറയുന്നതെന്ന് മറന്നില്ലല്ലോ? അപ്പോൾ മാലിക് പറഞ്ഞു: ‘പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നയാളാണ്. പക്ഷേ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിക്കാമല്ലോ..’

വന്നത് പല പാർട്ടികളിലൂടെ

മുൻ പ്രധാനമന്ത്രിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ചരൺസിങ് 1967ൽ രൂപീകരിച്ച ഭാരതീയ ക്രാന്തിദൾ പാർട്ടിയിലൂടെയാണ് സത്യപാൽ മാലിക്കിന്റെ രാഷ്ട്രീയ പ്രവേശം. മീറ്ററിൽനിന്ന് 1974ൽ അദ്ദേഹം എംഎൽഎ ആയി. 1974ൽ ചരൺസിങ് ഭാരതീയ ലോക് ദളുണ്ടാക്കിയപ്പോൾ അതിലെത്തി. രാജ്യസഭാംഗമായി. 1984ൽ കോൺഗ്രസിൽ ചേർന്നു. അവിടെയും രാജ്യസഭാംഗമായി.

ബോഫോഴ്സ് ആരോപണവും വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള വിമത നീക്കവുമായപ്പോൾ കോൺഗ്രസ് വിട്ട് സിങ്ങിനൊപ്പം ജനതാദളിലെത്തി. അതും കഴിഞ്ഞ് 2004ലാണ് ബിജെപിയിലെത്തിയത്. പിന്നെ വച്ചടി കയറ്റമായിരുന്നു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്ററികാര്യ മന്ത്രിയായി. പിന്നെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി. കർഷകമോർച്ചയുടെ ചുമതലക്കാരനായി. 2017 മുതൽ ഗവർണറുമായി.

ഗവർണറായിരുന്നിടത്തെല്ലാം വിവാദം

നാലു സംസ്ഥാനങ്ങളിലാണ് സത്യപാൽ മാലിക് ഗവർണറായിരുന്നിട്ടുള്ളത്. 2017ൽ ബിഹാറിലായിരുന്നു ആദ്യം. ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ജെഡി(യു) സർക്കാർ ഭരിക്കുന്ന സമയം. നിതീഷ് കുമാർ മുഖ്യമന്ത്രി. മുസഫർപുരിലെ ബാലികാ സദനത്തിലെ ലൈംഗികാതിക്രമങ്ങളുടെ വാർത്തകൾ തീ പോലെ വന്നു വീണത് അക്കാലത്താണ്. പ്രതിപക്ഷത്തേക്കാൾ ശക്തമായി ഗവർണർ സത്യപാൽ മാലിക് വിഷയത്തിൽ ഇടപെട്ടു. തുരുതുരാ മുഖ്യമന്ത്രിക്കു കത്തെഴുതി. പോരാത്തതിന് കേന്ദ്രസർക്കാരിനും സുപ്രീംകോടതിക്കുമെല്ലാം വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു കത്തും നൽകി.

നിതീഷ് കുമാർ

ഒരു വർഷം കഴിഞ്ഞപ്പോഴേക്കു കശ്മീരിലേക്കു മാറ്റമായി. അവിടെയും മാലിക് വിവാദ പുരുഷനായി. രാഷ്ട്രീയ കക്ഷികളുടെ യോഗങ്ങൾ വിളിച്ചു ചേർത്തും വിവിധ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞുമൊക്കെ അദ്ദേഹം നിറഞ്ഞുനിന്നു. ഭീകരരോട് ‘നീയൊക്കെ തോക്കുമായി നടന്ന് പാവപ്പെട്ട പൊലീസുകാരെയും നാട്ടുകാരെയും കൊല്ലുന്നതിനു പകരം അഴിമതിക്കാരെയും ഈ നാടിനെ കൊള്ളയടിക്കുന്നവരെയും കൊന്നുകൂടേ?

അതിനു ധൈര്യമുണ്ടോ’ എന്നുവരെ ചോദിച്ചു. പിന്നീടു മാപ്പു പറഞ്ഞെങ്കിലും താൻ പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ലെന്നാണ് ഇപ്പോഴും നിലപാട്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെ ബിജെപി ആഘോഷിച്ചപ്പോൾ സത്യപാൽ മാലിക് എതിർത്തു. ‘കശ്മീരിനെ തരം താഴ്ത്തരുത്. ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ ഒരു ദിവസം നടക്കുന്ന കൊലപാതകങ്ങൾ കശ്മീരിൽ ഒരാഴ്ച നടക്കുന്നില്ല. ഇവിടെ അത്ര ഭീകരവാദമൊന്നുമില്ല’ എന്നൊക്കെയായിരുന്നു വാക്കുകള്‍. കശ്മീരിൽ നീണ്ട ലോക്ഡൗണുകൾ വന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കശ്മീർ കാണാൻ ശ്രമിച്ചു.

രാഹുൽ ഗാന്ധി

രാഹുൽ ശ്രീനഗറിലെത്തിയപ്പോൾ തന്റെ ക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമാനത്താവളത്തിൽനിന്ന് പുറത്തിറക്കാതെ തിരിച്ചു ഡൽഹിക്കു കയറ്റി വിട്ടു. അതൊക്കെ കഴിഞ്ഞപ്പോഴാണ് ഗോവയ്ക്കു സ്ഥലം മാറ്റിയത്. അവിടെ പ്രമോദ് സാവന്തിനു തലവേദനയായപ്പോൾ മേഘാലയയിലേക്കു മാറ്റി. അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് കർഷക സമരം വന്നത്. അതിനെ അനുകൂലിച്ചു നിരന്തരം പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയ സത്യപാൽ മാലിക് ബിജെപിക്കു തലവേദനയായി.

കർഷക സമരത്തിനു പൂർണ പിന്തുണ

ലഖിംപുർ ഖേരിയിൽ കർഷകർക്കു മേൽ വാഹനമോടിച്ചു കയറ്റിയും ജനക്കൂട്ട ആക്രമണത്തിലും എട്ടു പേർ കൊല്ലപ്പെട്ട സംഭവമുണ്ടായപ്പോൾ സിഖുകാരെ നിസ്സാരരായി കാണരുതെന്ന് മാലിക് മുന്നറിയിപ്പു നൽകി. അവരുടെ ദേശസ്നേഹത്തെയും അർപ്പണ ബോധത്തെയും ചോദ്യം ചെയ്യരുത്. കർഷക സമരം കാരണം പടിഞ്ഞാറൻ യുപിയിൽ ബിജെപിയുടെ എംപിമാർക്കും എംഎൽഎമാർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കിൽ ഗവർണർ സ്ഥാനം രാജിവച്ച് കർഷകർക്കു വേണ്ടി ഇറങ്ങും. കേന്ദ്രസർക്കാർ പറഞ്ഞാൽ ചർച്ചകൾക്കു തയാറാണ്. മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കുകയും കൃഷി നിയമങ്ങൾ കുറച്ചു കാലത്തേക്കു മരവിപ്പിക്കുകയും ചെയ്താലേ അടുത്ത തവണയും ബിജെപി അധികാരത്തിൽ വരൂവെന്നും അല്ലെങ്കിൽ തോറ്റു തുന്നം പാടുമെന്നും മാലിക് തുറന്നടിച്ചു.

ബിജെപിയുടെ കർഷക മോർച്ചയുടെ ചുമതലക്കാരനായിരുന്ന മാലിക് തന്നെ അതു പറയുമ്പോൾ പ്രതികരണമില്ലാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം.യുപിയിൽ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിരന്തരം അടിക്കാൻ വടിയെടുത്തു കൊടുക്കുന്ന സത്യപാൽ മാലിക്കിനെതിരെ വടിയെടുക്കാൻ പാർട്ടി തയാറാകുമോ എന്നതാണ് ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok