‘നിങ്ങൾ ഭാര്യാ ഭർത്താക്കൻമാർ ആണോടാ..?’ ജീവനെടുക്കുന്ന സദാചാരം

‘‘നിങ്ങൾ ഭാര്യാ ഭർത്താക്കൻമാർ ആണോടാ..?’’

മുന്നിൽ നിൽക്കുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ വളരെ പരുഷമായ ഭാഷയിൽ അങ്ങിനെ ചോദിച്ചപ്പോൾ ജോമോൻ അക്ഷരാർഥത്തിൽ ഒന്നു പേടിച്ചു പോയിരുന്നു..!  ഒപ്പം അടത്തുണ്ടായിരുന്ന  ലതയെ അവൻ ഒന്നുകൂടി ചേർത്തു പിടിച്ചു കൊണ്ട് നിന്നു.

‘‘ചോദിച്ചത് കേട്ടില്ലേടാ..?’’

ഒന്നും മിണ്ടാതിരുന്നപ്പോൾ അയാളുടെ ദേഷ്യം ഒന്നുകൂടി  ഇരട്ടിയ്ക്കുകയായിരുന്നു എന്നവന് മനസ്സിലായി.

പ്രായഭേദമന്യേ ആളുകൾ ഓരോന്നായി അടുത്തുകൂടുന്നതു കണ്ട് കരച്ചിലിൻ്റെ വക്കോളമെത്തിയിരുന്ന ലതയെ അവൻ ഒന്നുകൂടി ചേർത്തു പിടിച്ചു കൊണ്ട് അനങ്ങാതെ നിന്നിട്ടവളോട് പറഞ്ഞു

“താൻ പേടിയ്ക്കണ്ട ഈ സദാചാര കോമാളികൾ കരഞ്ഞു തീർക്കട്ടെ എവിടെ വരെ എത്തും എന്നു നോക്കാം”

സാമ്പത്തികമായി വളരെയേറെ പാവപ്പെട്ട ഒരു വീട്ടിലെ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു ലത.

അവളുടെ  കോളേജിലേതന്നെ മുൻ വിദ്യാർത്ഥിയായിരുന്ന ജോമോൻ അവളുടെ നല്ലൊരുസുഹൃത്തും, സർവ്വോപരി വഴികാട്ടികൂടിയാണ്.

സാമ്പത്തികമായി ഏറെ മുന്നിൽ നിന്നിരുന്ന ജോമോനാണ് ലതയുടെ പഠന ചിലവുകളും മറ്റും ചെയ്തു കൊടുത്തിരുന്നത് അതിന് അയാളുടെ കുടുംബവും സഹകരിച്ചിരുന്നു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ലതയ്ക്ക് രോഗിയായ ഒരമ്മയും ടെക്നിക്കൽ കോഴ്സ് ചെയ്യുന്ന ഒരനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആകെയുള്ള ആ അനിയനെ ഒരാത്മഹത്യാ ശ്രമത്തെ  തുടർന്ന് അത്യാസനിലയിൽ  ആശുപത്രിയിലാക്കി ലതയെ കോളേജിൽ പോയി കൂട്ടികൊണ്ടു പോരുന്ന വഴി പൊതുവേ തന്റേടിയല്ലാത്ത  അവളെ തന്റെ അനിയന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ഒഴിഞ്ഞ ഒരു വഴിയോരത്ത് വണ്ടി നിർത്തിയപ്പോൾ ആണ് സദാചാര കോമാളികളുടെ വരവ്..! 

അതിനെ എങ്ങിനെ നേരിടണം എന്ന് ജോമോൻ ചിന്തിച്ചു നിൽക്കവേ വേറൊളുടെ വകയായി  മറ്റൊരു ചോദ്യം കൂടി പുറത്തേയ്ക്ക് ശർദ്ദിച്ചു. 

‘‘നിങ്ങളുടെയൊക്കെ ഇവിടെയുള്ള  ചുറ്റിക്കളികൾ ഏറെ ദിവസമായി ഞങ്ങൾ ഈ നാട്ടുകാർ ശ്രദ്ധിയ്ക്കുന്നുണ്ട് ഏതാടാ താൻ…?’’

ലതയുടെ അനിയന് സംഭവിച്ച കാര്യം ഈ ഒരവസരത്തിൽ ഇവരോട് പറയുന്നതും  ലതയെ കൊല്ലുന്നതും തുല്യമാവും എന്നറിയാമായിരുന്നതുകൊണ്ട് അവൻ അതിനും മറുപടി പറഞ്ഞില്ല പക്ഷേ ആളുകളുടെ എണ്ണം പെരുകുകയും ആക്രോശങ്ങൾ പല വഴികളിലൂടെയും വന്നു തുടങ്ങുന്നതും അവനിൽ സ്വൽപം ഭീതിയുണർത്തി. അവന്റെ മൗനം പലർക്കും ഊർജ്ജം പകരുകയാണ് എന്ന വൻ മനസ്സിലാക്കി അതിൽ ഒരുവൻ വല്ലാത്ത ആഹ്ലാദത്തോടെ മറ്റുള്ളവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. 

“കഴിഞ്ഞയാഴ്ച്ചയല്ലേടാ നമ്മൾ കുറച്ചു പേരെ ഇവിടെ ഈ പരിസരത്തു നിന്നും കയ്യോടെ  പൊക്കി വിട്ടത്… അതിലെ ഏതോ ഒരു  പെണ്ണ് രണ്ടു ദിവസം മുൻപ് തൂങ്ങിചത്തു എന്നു കേട്ടു ….!  പോരാതെ ഒരു ചെക്കൻ  ഇന്ന്  ഐ സി യു വിലാന്നും അറിഞ്ഞു അവരുടെ ഒരു പ്രേമം മണ്ണാം കട്ട നല്ല തല്ലു കിട്ടാത്ത സൂക്കേടാ കുടുംബത്ത് പിറക്കാത്ത തെണ്ടികൾ  പൊട്ടിയ്ക്കടാ ഇവനെ..!”

അപ്പോഴേയ്ക്കും ലത കരച്ചിൽ തുടങ്ങിയിരുന്നു അതു കണ്ട് വേറൊരാൾ ഒന്നുകൂടി മുന്നിലേയ്ക്ക് വന്നു കൊണ്ട് പറഞ്ഞു.

“വോ…തെന്നെ തെന്നെ..! പണ്ടാരങ്ങൾ… ഇവിടെ വച്ച്  എന്തെങ്കിലും പറ്റിയാൽ നമ്മൾ നാട്ടാര് സമാധാനം പറയണം” “പോലീസിനെ വിളി..”എന്ന് മറ്റൊരുത്തൻ..!  

ജോമോൻ ഒന്നും മിണ്ടാതെ ലതയെ ഒരു കൈ കൊണ്ട് തന്നോട് ചേർത്തുനിർത്തി കാറിനടുത്തേക്ക് നടന്നതും ഒരുവൻ  അവൻ്റെ  കയ്യിൽ നിന്നും കാറിൻ്റെ ചാവി തട്ടിപ്പറിച്ചെടുത്തു കൊണ്ട് ആക്രോശിച്ചു.

“ഞങ്ങൾ ചോദിച്ചതിന് സമാധാനം പറഞ്ഞിട്ട് പോടാ” 

ഒരൊറ്റ സെക്കൻ്റ് അവൻ്റെ മുഖമടച്ചുള്ള ഒരറ്റ അടിയായിരുന്നു അതിനുള്ള മറുപടിയായി  ജോമോനിൽ നിന്നും പുറത്തുവന്നത്..! ഒപ്പം ആദ്യം വന്നവനു നേരേ തിരിഞ്ഞ് അവൻ്റെ മുഖത്തേയ്ക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

“ഓർത്തു വച്ചോളിനെടാ ആ പയ്യനെന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഒരെണ്ണത്തേയും ഞാൻ വെറുതെ വിടില്ല കൊലപാതകക്കേസിൽ ഞാൻ അഴിയ്ക്കുള്ളിലാക്കും..!”

ജോമോനിൽ നിന്നും അടി കൊണ്ടവൻ തലകറങ്ങി നിലത്തിരുന്നുപോയിരുന്നു. ആ  ഒരു സെക്കൻ്റിലെ  പ്രതികരണം അവിടെ കൂടി നിൽക്കുന്ന എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞിരിയ്ക്കുന്നു എന്നവന് നല്ല ബോധ്യമായതും ഒട്ടും സമയം കളയാതെ അടി കൊണ്ടവന്റെ  കയ്യിൽ നിന്നും താക്കോൽ ബലമായി പിടിച്ചു വാങ്ങി കാറിൻ്റെ വാതിൽ തുറന്ന് ലതയെ അകത്തേയ്ക്കു കയറ്റി ശേഷം അവനും കാറിൽ കയറി.

വണ്ടി സ്റ്റാർട്ടു ചെയ്തതും   മുന്നിൽ നിൽക്കുന്നവരെല്ലാം പെട്ടന്ന് ചിതറി മാറുന്നത് കണ്ട് ലത തെല്ലൊന്ന് ആശ്വസിച്ച പോലെ അവന് തോന്നി..! 

ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ  ഇടതടവില്ലാതെ അടിയ്ക്കുന്ന അവൻ്റെ മൊബെലിലെ ബെല്ല് മനപൂർവ്വം അവൻ മ്യൂട്ട് ചെയ്തു വച്ചു ഒരു പക്ഷേ ആ പയ്യൻ മരിച്ചു പോയി എങ്കിൽ ലതയെങ്ങാനും ഊഹിച്ചെടുത്താൽ കാര്യങ്ങൾ കൈവിട്ടു പോകും എന്നവൻ ഭയപ്പെട്ടിരുന്നു.

ആശുപത്രിയിലെത്താൻ കുറച്ചു ദൂരം അവശേഷിക്കേ അവളോട് അവൻ കാര്യങ്ങൾ മെല്ലെ അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.

അവിടെ എത്തുബോഴേയ്ക്കും ലതയുടെ അയൽക്കാരും അവളുടെ അനിയൻ്റെ   മറ്റുസുഹൃത്തുക്കളും നാട്ടുകാരായി ചിലരുമെല്ലാം അവിടെ കൂടി നിൽക്കുന്നതാണ് കണ്ടത് എല്ലാവരുടേയും മുഖത്ത് ഒരു വലിയ നിരാശ തളം കെട്ടി നിനതെന്താണെന്ന് അവന് മനസ്സിലായിക്കഴിഞ്ഞിരുന്നു.

അവർ കാറിൽ നിന്നിറങ്ങി ലതയേയും കൂട്ടി ആശുപത്രിയിലേയ്ക്ക് കയറിയതും ഒരാൾ വന്നവനെ മാറ്റി നിർത്തി കൊണ്ട് പറഞ്ഞു.

“വിളിച്ചപ്പോൾ എന്തേ ഫോൺ എടുക്കാതിരുന്നത്.? മുപ്പത് മിനിറ്റുമുൻപ് എല്ലാം കഴിഞ്ഞു ഉത്തരവാദിത്വപ്പെട്ടവർ ഒപ്പിട്ടു കൊടുത്താൽ ബോഡി മോർച്ചറിയിലേക്ക് മാറ്റും നാളെയേ പോസ്റ്റുമാർട്ടം നടക്കൂ…!”

“പോലീസ് കേസു രജിസ്റ്റർ ചെയ്തില്ലേ.”

“അവരുടെ ഫോർമാലിറ്റി കഴിഞ്ഞു എന്നു പറഞ്ഞു. സംഗതി സദാചാര വിഷയമാണെന്ന് ആരോ പറയുന്നത് കേട്ടു ഇവൻ്റെയും രണ്ടു ദിവസം മുന്നേ ആത്മഹത്യ ചെയ്ത ഒരു പെണ്ണിൻ്റേയും മറ്റേ വീഡിയോ ഒക്കെ ഉണ്ടെന്ന് ആൾക്കാര് പറയുന്നു ജോമോനേ..!”

“ശരി… ഞാൻ ഇവളെ ഒന്നവളുടെ വീട്ടിലാക്കട്ടെ” എന്നു പറഞ്ഞു കൊണ്ട് ജോമോൻ  കുറച്ചു ദൂരെ നിൽക്കുന്ന കവിതയെ നോക്കി കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നതിന്ശേഷമാണ്  അവളെയും കൂടി കാറിനടുത്തേക്ക് നടന്നത്  കാര്യങ്ങൾ ഏതാണ്ട്  ഊഹിച്ചെടുത്തു കഴിഞ്ഞ അവൾ അലമുറയിട്ടു കരഞ്ഞു. 

അവൻ ആലോചിയ്ക്കുകയായിരുന്നു.

സദാചാര പോലീസ് ചമയുന്ന ഒരു കൂട്ടം മാനസിക വൈകല്യം ബാധിച്ച  ചെന്നായ്ക്കളേപ്പോലുള്ളവർ ലോകത്ത് എല്ലായിടത്തുമുണ്ടാവാമെങ്കിലും  ഈ  സമൂഹത്തിൽ മാത്രമേ അത് കൂടുതലായി കാണുന്നുള്ളൂ..! മറ്റുള്ളവർ ഇരിയ്ക്കുന്ന കുടക്കീഴിൽ നോക്കി കരഞ്ഞു തീർക്കുന്ന കാപാലിക ജൽമങ്ങൾ..! 

അതുപോലൊരു കൂട്ടം ചെന്നായ്ക്കൾ കാരണം പക്വതയില്ലാത്ത രണ്ടു ജീവനുകൾ ഇല്ലാതായിരിയ്ക്കുന്നു എന്നവൻ വേദനയോടെ ഓർത്തു.! 

നാട്ടിലെ തൊഴിലില്ലായ്മയാണ് ഇതിനെല്ലാം കാരണമായ ഒരു പ്രധാനഘടകം

മറ്റു സംസ്ഥാനങ്ങളിലുള്ള ജനങ്ങളെ പോലെ ജോലിയോ സ്വയം തൊഴിലോ മറ്റു തിരക്കുകളുമായി എപ്പോഴും ബിസിയായിരുന്നാൽ ഇതുപോലുള്ള കോമാളിത്തരങ്ങൾ  ഒരു പരിധിവരെ ഒഴിവായി പോകാമായേക്കാവുന്ന വിഷയമാണ് എന്നവനു തോന്നി..! 

ലതയെ അവളുടെ വീട്ടിൽ കൊണ്ടു പോയാക്കിയതിനു ശേഷം ജോമോൻ തിരിച്ച് ആശുപത്രിയിലേക്ക് വരവേ ഒരു സുഹൃത്തിൻ്റെ ഫോൺകാൾ അവനെ തേടിയെത്തി 

“ഡാ ജോമോനേ ഏതാടാ ആ പെണ്ണ്..? ദേ ഒരു വീഡിയോ വാട്സാപ്പിൽ കിടന്നു കളിയ്ക്കണു നീ നല്ല കീറാണല്ലോ അവൻ്റെ മോന്തയ്ക്കിട്ട്  കൊടുത്തേയ്ക്കണത്..! ഒറപ്പാ നീ രണ്ടീസം കൊണ്ട് ഹീറോ ആവും ട്ടാ..!” 

സുഹൃത്തതു പറയുമ്പോൾ ചിരിയ്ക്കുന്നുണ്ടായിരുന്നു.

നേരത്തേ ആ സംഭവം നടക്കുബോൾ ഫോണിൽ ആരെങ്കിലും  വീഡിയോ എടുത്തിരിയ്ക്കണം എന്നവൻ ഊഹിച്ചു. ഒന്നും ശ്രദ്ധിയ്ക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലല്ലോ..!?

” നിന്റെ കൈയ്യിലുണ്ടെങ്കിൽ ഒന്നയക്ക് നോക്കട്ടെ”

“ഇതിപ്പോ ഫേസ് ബുക്കിലും യൂ ടുബിലും ഒക്കെ ഉണ്ടന്നേയ്…! ന്നാലും ഞാൻ അയക്കാം”

” ലതയെ ചേർത്തു നിർത്തി താൻ കാറിനടുത്തേയ്ക്ക് പോകുന്നതും, അവൻ ചാവി പിടിച്ചു വാങ്ങുന്നതും, അവന്റെ കരണക്കുറ്റിയ്ക്കടിയ്ക്കുന്നതും, ആദ്യം വന്നവനു നേരേ വിരൽ ചൂണ്ടുന്നതും, അവളെയും കൂട്ടി താൻ  കാറെടുത്തു പോവുന്നതും തുടങ്ങിയ സീനുകൾ ഒരു സിനിമയിലെന്ന പോലെ തന്റെ ഫോണിൽ കണ്ട് ജോമോൻ ഒന്നു നെടുവീർപ്പിട്ടു.

നാളെ ഇതിനു വല്ല കേസും ആവുന്നതിനു മുന്നേ ഈ ആത്മഹത്യ ചെയ്ത കുട്ടികളുടെ മരണകാരണം സംശയിച്ച് ഇവർക്കെതിരേ പോലീസിൽ ഒരു പരാതി കൊടുക്കണമെന്ന് ചിന്തിച്ചതും പരിചയമില്ലാത്ത ഒരു നംമ്പറിൽ നിന്നും ഒരു കോൾ അവന്റെഫോണിലെത്തി.

“ഹലോ ഇത് ജോമോൻ അല്ലേ..?”

“അതെ താങ്കൾ ആരാണ് ?”

“ഞാൻ സ്ഥലം എസ്  ഐ യാണ് നിങ്ങൾ സ്റ്റേഷൻ വരെ ഒന്നു വരണം “

“എന്തിന്..!”

“താൻ ഓൺലൈനിൽ  ഹിറ്റാവാൻ വേണ്ടി  ഒരുവൻ്റെ ചെവി അടിച്ചു പൊട്ടിച്ചതിന്റെ വീഡിയോ സഹിതം ഒരു പരാതി കിട്ടിയിട്ടുണ്ട് അവനിപ്പോൾ ആശുപത്രിയിലാ”

“ശരി സർ ഞാൻ വരാം ഇപ്പോൾ ഒരു  അത്യാവശ്യവുമായി  ആശുപത്രിയിലാണ് ” എന്നു തുടങ്ങി നടന്ന കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു കൊണ്ട് ഫോൺ കട്ടാക്കുന്നതിനു  മുന്നേ ഒരു കാര്യം കൂടി ഓർമിപ്പിച്ചു.

“സർ അവിടെ പലരും വീഡിയോ എടുത്തിട്ടുണ്ടാവാം അതിന്റെറെ ശബ്ദമടക്കമുള്ള ഒറിജിനൽ കിട്ടിയാൽ ഇപ്പോൾ ഈ പയ്യനും അതിനു മുന്നേ ആ പെൺകുട്ടിയും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവും ചിലപ്പോൾ സാറിന്  മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരാം ഒരു പക്ഷേ  അവർ ആ കുട്ടികളെ  ഭീഷണിപ്പെടുത്തി മുതലെടുപ്പ് നടത്താൻ പാകത്തിന് എന്തെങ്കിലും പിടിച്ചു വയ്ക്കുകയോ മറ്റോ  ചെയ്തു കാണും എന്നു ഞാൻ സംശയിയ്ക്കുന്നു.!” 

“ഒകെ താൻ രാവിലെ പത്തു മണിയ്ക്ക് സ്‌റ്റേഷനിൽ വരൂ ബാക്കി ഞാൻ നോക്കാം.

ജോമോൻ രാവിലെ സ്റ്റേഷനിൽ ചെല്ലുമ്പോൾ തലേ ദിവസം തന്നോട് തട്ടിക്കയറിയവരും താൻ തല്ലിയവനും മറ്റു ചില വ്യക്തികളും സ്റ്റേഷൻ വരാന്തയിൽ വിഷമത്തോടെ നിൽപ്പുണ്ടായിരുന്നു.

എസ് ഐ ജോമോനോട് വിശദമായിട്ടൊരു പരാതി എഴുതി വാങ്ങിയതിനു ശേഷം പറഞ്ഞു.

“തന്റെ ഒബ്സർവേഷൻ ശരിയാണ് എന്നു ഞങ്ങൾക്കും  തോന്നുന്നു അതു കൊണ്ട്  വിശദമായ അന്വേഷണത്തിലാണ് ആ കുട്ടികൾ മരിയ്ക്കാൻ കാരണക്കാരായവരെ  ഞങ്ങൾ ഒരിയ്ക്കലും വെറുതെ വിടില്ല”

“ഇന്നലെ അവൻ പറഞ്ഞിരുന്നു ഒരാഴ്ച്ച മുന്നേ കുറേയെണ്ണത്തെ അവിടെ നിന്നും പൊക്കിയിരുന്നു അതിലെ പെണ്ണ് ആത്മഹത്യ ചെയ്തു പയ്യൻ ഐ സി യു വിലാ എന്നൊക്കെ..”

“ഉം അവനെ ഞങ്ങൾ ഇന്നലെ തന്നെ ആശുപത്രിയിൽ പോയി പൊക്കി..! വരാന്തയിൽ നിൽപ്പുണ്ട് പിന്നെ താൻ പറഞ്ഞതെല്ലാം പിടിച്ചെടുത്ത വീഡിയോലുണ്ട് താൻ പൊയ്ക്കോളൂ ആവശ്യമെങ്കിൽ വിളിയ്ക്കാം “

ജോമോൻ പോലീസ്റ്റേഷനിൽ നിന്നിറങ്ങവേ താൻ തല്ലിയവനേയും വിരൽ ചൂണ്ടിയ വനേയും ഒന്നു സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു

“സദാചാരചെന്നായ്ക്കളേ.. രണ്ടു പേരുടെ മരണത്തിന് ഉത്തരവാദികളായവരാണ് നിങ്ങൾ അനുഭവിയ്ക്ക്..!”

തലേ ദിവസത്തെ ശൂരതയ്ക്ക് പകരം ഭീതി നിറഞ്ഞ ഒരു വലിയ കുറ്റബോധമായിരുന്നു അവരുടെ മുഖത്തവൻ കണ്ടത്.!

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok