Latest

നടി ശരണ്യയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു

തിരുവനന്തപുരം:: പ്രശ്സ്ത അഭിനേത്രി ശരണ്യയുടെ നിര്യാണം അതീവ വേദനാജനകമാണ്. കടുത്ത രോഗാവസ്ഥയോടും ശാരീരിക പ്രയാസങ്ങളോടും പോരാടുകയായിരുന്നു അവർ. പ്രതീക്ഷ കൈവിടാതെ, പുഞ്ചിരിയോടെ ശരണ്യ ഏറ്റവും കടുത്ത പരീക്ഷണത്തെ നേരിട്ടു. അസാമാന്യ ധൈര്യവും രോഗത്തോട് പോരാടാനുള്ള ആർജവവും അവർ കാണിച്ചു. വലിയൊരു മാതൃകയും പാഠവുമായി മാറുകയാണ് ശരണ്യ. ദീപ്തമായ ആ വ്യക്തിത്വത്തിന് ആദരാഞ്ജലി. ശരണ്യക്കും മാതാവിനും ഒപ്പം ഈ കഠിന കാലമാകെ താങ്ങും തണലുമായി നിന്ന ശ്രീമതി. സീമാ ജി.നായരും മറ്റ് സുഹൃത്തുക്കളും കാരുണ്യത്തിൻ്റെ വലിയ മാതൃകയാണ് നമുക്കു മുന്നിൽ വെച്ചിരിക്കുന്നത്. അതും ഈ ദുഖനിമിഷത്തിൽ ഓർക്കേണ്ടതാണ്.

ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സർജറിക്ക് വിധേയയായിരുന്നു. കോവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽനിന്ന് മുക്തയായ ശരണ്യ വീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

[ads4]

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.

കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സീരിയലുകളിൽ തിളങ്ങി നിൽക്കുമ്പോൾ 2012ലാണ് തലച്ചോറിന് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് എട്ട് വർഷം പത്തോളം സർജറികൾ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുർബലമായി ഭാരവും വർദ്ധിച്ചതോടെ ശരണ്യ അഭിനയം നിർത്തി. ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു.

സഹോദരങ്ങൾ ശരൺ, ശോണിമ. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്നത്. നടി സീമാ ജി നായരാണ് ശരണ്യയുടെ ജീവിതത്തിൽ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. സീമ ജി നായരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയും മറ്റ് സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ സഹായിച്ച് സ്നേഹസീമ എന്നൊരു വീട് ശരണ്യ സ്വന്തമാക്കിയത് വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button