‘മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു’ : വി.ഡി. സതീശൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയിൽനിന്ന് സഭയുടെ പെരുമാറ്റച്ചട്ടം പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെവരെയുള്ളതെല്ലാം മറന്നു. സഭ അടിച്ചു തകർക്കാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. മാധ്യമ സിൻഡിക്കേറ്റാണെന്നു പറഞ്ഞു മാധ്യമപ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത്. ‘കടക്കു പുറത്ത്’, ‘മാറി നിൽക്ക്’, ‘ചെവിയിൽ പറയാം’ എന്നെല്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്. 

രാഹുൽഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ തറയിലിട്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് വിവരം ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കിട്ടിയോ?  എസ്എഫ്ഐക്കാരായിരിക്കും മുഖ്യമന്ത്രിയോട് ഈ വിവരം പറഞ്ഞത്. ഓഫിസ് ആക്രമിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ആഭ്യന്തരമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത് നിരുത്തരവാദപരമാണ്. ഗാന്ധി ചിത്രം തല്ലി തകർത്തത് എസ്എഫ്ഐ ആണെന്ന് പൊലീസിന് ഇനി റിപ്പോർട്ട് കൊടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ആസൂത്രണം ചെയ്താണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. സംഘപരിവാറിന്റെ രാഹുൽ വേട്ടയ്ക്കൊപ്പം തങ്ങളും ഉണ്ടെന്ന സന്ദേശമാണ് സിപിഎം നല്‍കിയത്. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടിമാറ്റിയതിനെക്കുറിച്ചു മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

അടിയന്തരപ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷം നോട്ടിസ് കൊടുത്തത്. സഭയിൽ പ്രതിഷേധം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ മന്ത്രിമാരും ഒരുമിച്ച് എണീറ്റുനിന്ന് മുദ്രാവാക്യം വിളിച്ചതാണ് സഭയിലെ ആദ്യത്തെ സംഭവം. സഭയിൽ മാന്യതയില്ലാതെ ഭരണപക്ഷം പെരുമാറിയപ്പോൾ സഭ വിടാൻ പ്രതിപക്ഷം തീരുമാനിച്ചു. അത് പ്രതിപക്ഷത്തിന്റെ വിവേചനാധികാരമാണ്. ദൃശ്യങ്ങൾ കാണിക്കാതിരുന്നാൽ സഭാ ടിവിയുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണകക്ഷിയെ മാത്രം കാണിക്കാനാണെങ്കിൽ സിപിഎം ടിവി മതി. സഭാ ടിവി സംപ്രേഷണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കോൺഗ്രസിനു വിശ്വാസമില്ല. കേന്ദ്ര ഏജൻസികളെക്കുറിച്ച് വാളയാറിന് അപ്പുറവും ഇപ്പുറവും കോൺഗ്രസിനു രണ്ടു നിലപാടില്ല. കേന്ദ്ര സർക്കാർ‌ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമാക്കുകയാണ്. ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത് പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്താൻ അനുവാദം കൊടുത്ത സർക്കാർ, സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസ് എടുക്കുകയാണ്. ഒരേ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടു നീതിയാണ്. സർക്കാർ സ്വപ്ന സുരേഷിനെ ഭയപ്പെടുന്നതു കൊണ്ടാണ് സരിത്തിനെ തട്ടികൊണ്ടുപോയി ഫോൺ പിടിച്ചെടുത്തത്. മുഖ്യമന്ത്രിക്കു സ്വർണക്കടത്തു കേസിൽ ആത്മവിശ്വാസം ഇല്ല. മുഖ്യമന്ത്രി പരിഭ്രാന്തനാണ്. അതിനാലാണ് സരിത്തിനെ തട്ടികൊണ്ടുപോയതും സ്വപ്നയ്ക്കെതിരെ കേസെടുത്തതും–  വി.ഡി.സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok