10 ജില്ലകളിൽ റെഡ് അലർട്ട്; പെരിങ്ങൽക്കുത്ത് ഡാം തുറന്നു, ദുരിതപ്പെയ്ത്ത് തുടരുന്നു

തിരുവനന്തപുരം ∙ കേരളത്തിൽ ഓഗസ്റ്റ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 -115.5 മില്ലിമീറ്റർ) മഴയ്ക്കും, ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ ഉൾപ്പെടെ ശക്തമായ ഒഴുക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ 4 സംഘങ്ങൾ സംസ്ഥാനത്തെത്തി.

12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 പേരെ മാറ്റിപ്പാർപ്പിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. മണ്ണൊലിപ്പു സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മലയോര മേഖലയിലേക്കു രാത്രിയാത്ര ഒഴിവാക്കണം. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ  യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok