നെയ്മീൻ കിലോയ്ക്ക് 1350 രൂപ; സംസ്ഥാനത്ത് മൽസ്യ വില കുതിച്ചുയരുന്നു

Story Highlights
  • സാധാരണക്കാർ കൂടുതലായും വാങ്ങുന്ന നാടൻ മത്തിയ്ക്ക്(തെക്കൻ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില. ചില സ്ഥലങ്ങളിൽ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കിൽ 200 രൂപ മുതലും വലുതാണെങ്കിൽ 300 രൂപ മുതലുമാണ് വില

കൊല്ലം: സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെയാണ് സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നത്. എക്കാലവും ഏറ്റവും ഉയർന്ന വിലയുള്ള നെയ്മീന് ഇപ്പോൾ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ്ങ് നിരോധനത്തിന് മുമ്പ് 900-1000 രൂപയായിരുന്നു നെയ്മീന് കിലോയ്ക്ക് വില. കൊല്ലം നീണ്ടകര, മൽസ്യബന്ധന തുറമുഖത്തുനിന്നു കച്ചവടക്കാർ എടുത്ത് ചില്ലറ വിൽപന നടത്തുന്നതിന്‍റെ വിലയാണിത്. സാധാരണക്കാർ കൂടുതലായും വാങ്ങുന്ന നാടൻ മത്തിയ്ക്ക്(തെക്കൻ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില. ചില സ്ഥലങ്ങളിൽ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കിൽ 200 രൂപ മുതലും വലുതാണെങ്കിൽ 300 രൂപ മുതലുമാണ് വില.

ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. ചില ദിവസങ്ങളിൽ ഇത് 300-350 രൂപ വരെ ആകുന്നുണ്ട്. ചെറിയ ചെമ്മീന് 450 രൂപ മുതൽ മുകളിലോട്ടാണ് വില. കേര മൽസ്യത്തിന് 500-600 രൂപയാണ് ഇപ്പോൾ വില. ട്രോളിങ് നിരോധനത്തിന് മുമ്പ് ഇത് 400 രൂപയായിരുന്നു. സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയുള്ളത് കൊഴുവ അഥവ നെത്തോലി(നെത്തൽ) മാത്രമാണ്. കൊഴുവയ്ക്ക് 70 രൂപ മുതൽ 100 രൂപ വരെയാണ് വില.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതുകൊണ്ടും മൽസ്യലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. ജനപ്രിയമായ ഒട്ടുമിക്ക മൽസ്യങ്ങളും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപ്പോൾ കൂടുതലായി ലഭിക്കുന്ന കൊഴുവയാണ്. അതിന് വില കൂടാതിരിക്കാൻ കാരണവും അതാണ്. ഹാർബറുകളിൽ മൽസ്യ ലഭ്യത കുറഞ്ഞതോടെ, കച്ചവടക്കാർ കമ്മീഷൻ കടകളെ ആശ്രയിക്കുന്നത് കൂടിയിട്ടുണ്ട്. ഇത് പഴകിയ മൽസ്യങ്ങൾ വീണ്ടും വ്യാപകമാകാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ പൂർണ വളർച്ചയെത്താത്ത അയല, ചൂര പോലെയുള്ള മൽസ്യങ്ങളെ വ്യാപകമായി പിടിക്കുന്നതിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളി മേഖലകളിൽ ഇത്തരത്തിൽ ചെറു മൽസ്യങ്ങളെ ട്രോളിങ് നിരോധന കാലയളവിൽ പിടികൂടുന്നതിനെതിരെ അധികൃതർ നടപിട എടുത്തിരുന്നു.

പഴകിയ മൽസ്യങ്ങളുടെ വരവ് കൂടി

കഴിഞ്ഞ ദിവസം കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയത് പതിനായിരത്തിലേറെ കിലോ വരുന്ന പഴകിയ മൽസ്യമാണ്. ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടിയത്. ഓപ്പറേഷൻ മത്സ്യ യുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര മത്സ്യമാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് അടൂർ, കരിനാഗപ്പള്ളി, ആലങ്കോട് എന്നിവിടങ്ങളിലെ കമ്മീഷൻ ഏജന്‍റുമാർക്കായി കൊണ്ടുവന്ന മത്സ്യമായിരുന്നു ഇത്.

വെള്ളിയാഴ്ച രാത്രി 11മണിയോടെ ആയിരുന്നു പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഭക്ഷ്യസുരക്ഷാ അധികൃതർ പിടികൂടി. പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ സഹായത്തോടു കൂടി നശിപ്പിച്ച് കളയുമെന്ന് ചാത്തന്നൂർ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ സുജിത് പെരേര പറഞ്ഞു. കൊട്ടാരക്കര, പത്തനാപുരം സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. ലക്ഷ്മി വി നായർ , നിഷാ റാണി. എസ്, ഫിഷറീസ് ഓഫീസർ ഷാൻ യു, ഓഫീസ് അറ്റൻഡന്റ് ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok