
- ആറുമാസത്തിനുള്ളിൽ ആദ്യ വാഹനം നിരത്തിലിറക്കാനാണ് ധാരണ
കോഴിക്കോട്: അടിമുടി മാറാനൊരുങ്ങി കേരളത്തിലെ സ്വകാര്യ ബസുകൾ. ഇപ്പോഴുള്ള അതേ ബസ് ചാർജ് നൽകി അത്യാധുനിക സംവിധാനങ്ങളുള്ള ശീതീകരിച്ച വൈദ്യുതി ബസുകളിൽ സഞ്ചരിക്കാം. ബെംഗളൂരു ആസ്ഥാനമായുള്ള അസ്യു എനർജിയാണ് സ്വകാര്യ ബസ് മേഖലയിൽ മാറ്റത്തിന് തുടക്കം കുറിക്കുന്നത്
അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ അസ്യു എനർജിയും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും കരാർ ഒപ്പുവെച്ചു. നടത്തിപ്പുകാർക്ക് ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാത്ത രീതിയിലാണ് വാഹനങ്ങൾ നിരത്തിലിറക്കുക. ബസിലേക്ക് ആവശ്യമുള്ള ജീവനക്കാരെ നടത്തിപ്പുകാർ ചുമതലപ്പെടുത്തണം. ഒരു കിലോ മീറ്ററിന് നിശ്ചിത നിരക്കിൽ തുക കമ്പനിക്ക് നൽകണമെന്നും നിബന്ധനയുണ്ട്.
ഇന്ധന ചെലവ് 30 രൂപയിൽ നിന്ന് ആറ് രൂപയിലേക്ക് കുറക്കാൻ പുതിയ രീതിയിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 10000 ബസുകൾ നിരത്തിലിറക്കാനുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ ചാർജിങ് സ്റ്റേഷനുകളും അറ്റകുറ്റപ്പണികളും കമ്പനി ഏറ്റെടുക്കും. ആറ് മാസത്തിനുള്ളിൽ ആദ്യ വാഹനം നിരത്തിലിറക്കാനും ധാരണയായിട്ടുണ്ട്.