‘ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തു’: വി.ഡി.സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോൺ വിഷയത്തിൽ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്.

ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും.

സംഘപരിവാറിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് സി.പി.എം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത്. സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എസ്.എഫ്.ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും എസ്.എഫ്.ഐ- ഡിവൈ.എഫ്.ഐ ക്രിമിനലുകള്‍ ഗാന്ധിയുടെ ചിത്രം തകര്‍ത്തു. സംഘപരിവാറിന്റെ ഗാന്ധി നിന്ദയാണ് സി.പി.എമ്മും ആവര്‍ത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok