‘മാനേജര്‍ കണ്ണൂര്‍ സ്വദേശി, റിപ്പോര്‍ട്ട് വ്യാജം’; ഇപിയുടെ പേര് ഒഴിവാക്കിയതില്‍ പരാതി

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിമാനക്കമ്പനി മാനേജർ പൊലീസിനു നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് സമ്മർദങ്ങൾക്കു വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുൺ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു. പരാതി രേഖാമൂലം നൽകാൻ വരുൺ ദ്വിവേദി അഭ്യർഥിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് രേഖാമൂലം പരാതി നൽകി.

കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനി മാനേജർ വ്യാജ റിപ്പോർട്ടാണ് നൽകിയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലായിരുന്നു എന്ന് ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. പൊലീസ് സമ്മർദത്തിനും രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങിയാണ് റിപ്പോർട്ട്. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സീറ്റ് ബൽറ്റ് ഊരാനുള്ള നിർദേശം വന്നപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആൾ തടഞ്ഞെന്നുമാണു വിമാനക്കമ്പനി മാനേജരുടെ റിപ്പോർട്ടിലുള്ളത്. ഇതിനുശേഷമാണ് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പോയതെന്നും റിപ്പോർട്ടിലുണ്ട്. ഇ.പി.ജയരാജന്‍ ആരാണെന്നു പ്രാഥമികമായിതന്നെ തിരിച്ചറിയുമെന്നിരിക്കെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാത്തതു ദുരൂഹമാണെന്നും സതീശന്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok