പൊലീസും പ്രതിഷേധക്കാരും രംഗം കീഴടക്കി; ജനം മണിക്കൂറുകളോളം പെരുവഴിയിൽ

മലപ്പുറം ∙ പ്രതിഷേധത്തിന്റെ വഴി കൊട്ടിയടയ്ക്കാൻ പൊലീസും മുഖ്യമന്ത്രിയെ പ്രതിഷേധച്ചൂടറിയിക്കാൻ പ്രതിപക്ഷ യുവജന സംഘടനകളും ഒരുങ്ങിയിറങ്ങിയതോടെ ജില്ലയുടെ ഒരു ഭാഗം ഉച്ചവരെ കരുതൽ തടങ്കലിലായി. പൊലീസും പ്രതിഷേധക്കാരും രംഗം കീഴടക്കിയതോടെ ജനം മണിക്കൂറുകളോളം പെരുവഴിയിലായി.

കുറ്റിപ്പുറം

തവനൂർ സെൻട്രൽ ജയിലിനു സമീപം മിനി പമ്പ ജംക്‌ഷനിൽ നടന്ന പ്രതിഷേധത്തിനു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. പൊന്നാനി–കുറ്റിപ്പുറം ദേശീയപാത ബാരിക്കേഡ് സ്ഥാപിച്ച് പൂർണമായും അടച്ചുപൂട്ടി. ബാരിക്കേഡ് തള്ളിമാറ്റി പ്രവർത്തകർ മുഖ്യമന്ത്രി പോകുന്ന പാതയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വി.എസ്.ജോയ്, റിയാസ് മുക്കോളി, ഇ.പി.രാജീവ്, ഷാജി പച്ചേരി, എ.എം.രോഹിത്ത്, യൂത്ത് ലീഗ് നേതാക്കളായ മുസ്തഫ അബ്ദുൽ ലത്തീഫ്, ഗുലാം ഹസ്സൻ ആലംഗീർ തുടങ്ങിയവരെ പൊലീസ് തൂക്കിയെടുത്താണ് വാനിൽ കയറ്റിയത്. നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥരെ തവനൂരിലും മിനിപമ്പയിലും എത്തിച്ചിരുന്നു. ജില്ലയിലെ മുഴുവൻ ഡിവൈഎസ്പിമാരും തവനൂരിൽ എത്തിയിരുന്നു.

ചങ്ങരംകുളം

ജില്ലാ അതിർത്തിയായ ചങ്ങരംകുളത്ത് ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉൾപ്പെടെയുള്ളവരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫൈസൽ സ്നേഹ നഗർ, ഷറഫുദ്ദീൻ ആലംകോട്, അരുൺ ലാൽ, ഹസീബ് കോക്കൂർ എന്നിവരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. മുഖ്യമന്ത്രി തവനൂരിൽ നിന്നും പോയതിന് ശേഷമാണ് നേതാക്കളെ വിട്ടയച്ചത്.

തേഞ്ഞിപ്പലം

മേലെ ചേളാരി എൻഎച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ 3 യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ. മുസ്‌ലിം യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജകമണ്ഡലം ജന. സെക്രട്ടറി സവാദ് കള്ളിയിൽ, അരിയല്ലൂർ മേഖലാ പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ, തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹഫ്സൽ അരീപ്പാറ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

ചങ്കുവെട്ടിയിൽ കെ.എം.ഖലീൽ, റഹൂഫ് കാവതികളം, മുനവ്വർ ആലിൻചുവട്, കോയാപ്പു പുളിക്കൽ, ഷമീം കൊമ്പത്തിയിൽ, മുഹമ്മദലി പള്ളിമാലിൽ, ജുനൈദ് പനമ്പുലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റു ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തവനൂർ ജയിൽ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിന്റെ നേതൃത്വത്തിൽ എടപ്പാൾ കണ്ടനകത്ത് കരിങ്കൊടി കാട്ടി

മലപ്പുറം

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി.സബാഹ്, സിറാജ് പത്തിൽ, എ.പി. ഷരീഫ്, ഷാഫി കാടേങ്ങൽ, യു.എ റസാഖ്, വി.എ. വഹാബ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ നേതാക്കളും പ്രവർത്തകരും കുറ്റിപ്പുറം ടൗണിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok