
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ നിര്യാണത്തേത്തുടര്ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പി ടി തോമസ് ജയിച്ചു കയറിയത്. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 43.82 ശതമാനം പേര് പി ടിയെ പിന്തുണച്ചു. പി ടി തോമസ് 59,839 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന് ഡോ. ജെ ജേക്കബിന് 45,510 വോട്ടുകളാണ് കിട്ടിയത്. 33.32 ശതമാനമായിരുന്നു ഡോ. ജെ ജേക്കബിന്റെ വോട്ടു വിഹിതം. ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി 15,483 വോട്ടുകള്‍ നേടി മൂന്നാമതായി. ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി. 10.18 ശതമാനം വോട്ടുകളാണ് തൃക്കാക്കരയില്‍ ആദ്യമായി മത്സരിച്ച ട്വന്റി ട്വന്റിക്ക് ലഭിച്ചത്. തൃക്കാക്കരയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാബു എം ജേക്കബും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് പി ടി തോമസ് തെരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ചിരുന്നു.
2016ലും പി ടി തോമസ് തന്നെയാണ് തൃക്കാക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 11,996 വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ത്ഥി ഡോ. സെബാസ്റ്റിയന് പോള്‍ പരാജയപ്പെട്ടു. യുഡിഎഫ് 61,451 വോട്ടുകളും (45.42 ശതമാനം) എല്‍ഡിഎഫ് 49,455 വോട്ടുകളും (36.55 ശതമാനം) നേടി. ബിജെപിയുടെ എസ് സജിക്ക് 21,247 വോട്ടുകള്‍ (15.70 ശതമാനം) ലഭിച്ചു. 1,275 എണ്ണത്തോടെ നോട്ട വോട്ടുകള്‍ നാലാമതായി.
2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. തൃപ്പൂണിത്തുറയിലേയും എറണാകുളം മണ്ഡലത്തിലേയും ചില ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു ഇത്. മണ്ഡലം രൂപീകരിച്ച 2011ലും 2016ലും 2021ലും യുഡിഎഫാണ് തൃക്കാക്കരയില്‍ ജയിച്ചത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന് തൃക്കാക്കരയിലെ ആദ്യ എംഎല്‍എയായി. 22,406 വോട്ടുകള്‍ക്കായിരുന്നു ബെന്നി ബെഹ്നാന്റെ ജയം. യുഡിഎഫ് 65,854 വോട്ടുകളും (55.88 ശതമാനം) സിപിഐഎമ്മിന്റെ എം ഇ ഹസൈനാര്‍ 43, 448 വോട്ടുകളും (36.87 ശതമാനം) നേടി. ബിജെപി നേതാവ് എന്‍ സജികുമാര്‍ 5,935 വോട്ടുകള്‍ നേടി (5.04 ശതമാനം) നാലാം സ്ഥാനത്തെത്തി.