വരുമാനം കുറവും വായ്പാ തിരിച്ചടവും കൂടിയായപ്പോൾ പ്രതിദിനം ഒരു കോടി രൂപയോളം നഷ്ടത്തിൽ കൊച്ചി മെട്രോ

കൊച്ചി ∙ അഞ്ചാം പിറന്നാളിലേക്ക് അടുക്കുമ്പോഴും കൊച്ചി മെട്രോയ്ക്കു ടിക്കറ്റിതര വരുമാനത്തിൽ പ്രതീക്ഷിച്ച വർധന കണ്ടെത്താനാവുന്നില്ല. ലോകത്താകെ ഒന്നോ രണ്ടോ മെട്രോകൾ മാത്രമാണു ടിക്കറ്റ് വരുമാനം കൊണ്ടു മാത്രം ലാഭത്തിലോടുന്നത്. മറ്റു മെട്രോകളെല്ലാം മറ്റു ധനാഗമ മാർഗങ്ങളുടെ ബലത്തിലാണു പിടിച്ചു നിൽക്കുന്നത്. സ്വന്തമായി ഐടി പാർക്കുകൾ നടത്തുന്ന മെട്രോകളും ഇന്ത്യയിലുണ്ട്. കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാർ 75,000 എത്തിയാൽ മെട്രോയുടെ നടത്തിപ്പ് ചെലവ് ടിക്കറ്റ് വരുമാനത്തിൽ നിന്നു കണ്ടെത്താം. എന്നാൽ പ്രതിദിന യാത്രക്കാർ ഇപ്പോഴും 40000–45000ത്തിൽ നിൽക്കുന്നു. ആലുവ നിന്നു തൃപ്പൂണിത്തുറ വരെ മെട്രോ നിർമിക്കാൻ വേണ്ടിവന്ന ചെലവ് 7,200 കോടിയാണ്. വരുമാനം കുറവും വായ്പാ തിരിച്ചടവും കൂടിയായപ്പോൾ പ്രതിദിനം ഒരു കോടി രൂപയോളം നഷ്ടത്തിലാണു മെട്രോ ഇപ്പോൾ ഓടുന്നത്.

കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ സർക്കാർ നൽകിയ 18 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി വരുമാനം കണ്ടെത്താനുള്ള പ്രോജക്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ മിനി ടൗൺഷിപ് നിർമിച്ച് ഫ്ലാറ്റുകൾ വിൽക്കാനായിരുന്നു ആദ്യ പദ്ധതി. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു പൊതുവെയുണ്ടായ തളർച്ച ഇൗ പദ്ധതിയെയും ബാധിച്ചു. 18 ഏക്കറിൽ നിന്നു പരമാവധി വരുമാനം കണ്ടെത്താവുന്ന പ്രോജക്ട് നിർദേശിക്കാൻ കെഎംആർഎൽ ഇപ്പോൾ ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കളമശേരിയിൽ മുട്ടം മെട്രോ യാഡിനു പിന്നിൽ 45 ഏക്കർ പാടത്തു മെട്രോസിറ്റി നിർമിക്കാൻ ആദ്യഘട്ടത്തിൽ ആലോചനയുണ്ടായിരുന്നു. പരിസ്ഥിതിയുടെ പേരിലുള്ള എതിർപ്പിനെ തുടർന്ന് അതു മുന്നോട്ടു പോയില്ല.

പരസ്യം, മെട്രോ കാർഡ് ബ്രാൻഡിങ്, റിയൽ എസ്റ്റേറ്റ് എന്നിവയാണു നടപ്പാക്കിയിട്ടുള്ള മറ്റുവരുമാന മാർഗങ്ങൾ. മെട്രോയുടെ ടിക്കറ്റ് കാർഡ് ആയ കൊച്ചി വൺ മെട്രോ കാർഡിൽ ആക്സിസ് ബാങ്കുമായി ചേർന്ന് അവതരിപ്പിച്ച സംരംഭം അത്തരത്തിൽ ആദ്യത്തേതായിരുന്നു. പത്തു വർഷത്തേക്കു കോടിക്കണക്കിനു രൂപ കെഎംആർഎല്ലിനു ഇൗ ഇനത്തിൽ വരുമാനം ലഭിക്കും. സ്വന്തമായി ടിക്കറ്റ് കാർഡ് ഇറക്കുന്നതിനും അതിന്റെ അനുബന്ധ െചലവുകൾക്കും വേണ്ടിവരുമായിരുന്ന കോടിക്കണക്കിനു രൂപ ലാഭിക്കാനും ഇതുവഴി കഴിഞ്ഞു. മെട്രോ സ്റ്റേഷനുകൾക്കു കോ ബ്രാൻഡിങ് കൊണ്ടുവന്നെങ്കിലും ഏതാനും സ്റ്റേഷനുകൾക്കു മാത്രമേ ആളുണ്ടായുള്ളു. മെട്രോ തൂണുകളിലെ പരസ്യമാണ് മറ്റൊരു വരുമാന മാർഗം. എന്നാൽ ദേശീയപാതയിലെ തൂണുകളിൽ പരസ്യം ചെയ്യാൻ ദേശീയപാതാ അതോറിറ്റി അനുമതി നൽകിയിട്ടില്ല. ട്രെയിൻ ബ്രാൻഡിങ് വേണ്ട വിധത്തിൽ ക്ലിക്കായില്ല. സ്റ്റേഷനുകൾക്ക് അകത്തും പുറത്തുമുള്ള പരസ്യവും സജീവമായിട്ടില്ല.

സ്റ്റേഷനുകൾക്കു അകത്തും പുറത്തുമുള്ള സ്ഥലം വാടകയ്ക്കു നൽകാൻ കാര്യമായ ശ്രമങ്ങൾ നടന്നുവരുന്നു. ആലുവ സ്റ്റേഷനിൽ 4 നിലകളിലായുള്ള സ്ഥലത്തിൽ 3 നിലകളിലേതു വാടകയ്ക്കു പോയി. കലൂർ സ്റ്റേഡിയത്തിൽ 60000 ചതുരശ്ര അടി വീതമുള്ള രണ്ടു നിലകളിൽ ഒന്നിൽ കെഎംആർഎൽ ഓഫിസ് പ്രവർത്തിക്കുന്നു. മറ്റൊരു നില വാടകയ്ക്കു നൽകി. എറണാകുളം സൗത്തിൽ സ്റ്റേഷനു മുകളിൽ എട്ടു നിലകളിലായി വൻ സമുച്ചയം നിർമിച്ചിട്ടുണ്ട്. ഇതു ദീർഘകാലത്തേക്കു വാടകയ്ക്കു നൽകാൻ പരസ്യം നൽകിയിരിക്കുകയാണ്. ഹോട്ടൽ, ഓഫിസ് കോംപ്ലക്സ് എന്നിവയ്ക്ക് അനുയോജ്യമാണ് ഇൗ സ്ഥലം.

വിവിധ സ്റ്റേഷനുകളിലായി ആയിരത്തോളം കിയോസ്കുകൾ വാടകയ്ക്കു നൽകാൻ കെഎംആർഎൽ അടുത്തിടെ പരസ്യലേലം നടത്തി. ഒട്ടേറെ ആളുകൾ താൽപര്യം പ്രകടിപ്പിച്ചെങ്കിലും വളരെ കുറച്ചു കിയോസ്കുകൾ മാത്രമേ പ്രവർത്തനം തുടങ്ങിയിട്ടുള്ളു. കമ്മിഷൻ ചെയ്യാനിരിക്കുന്ന വടക്കേക്കോട്ട സ്റ്റേഷനിലും കാര്യമായ സ്ഥലം വാടകയ്ക്കു നൽകാനുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok