
കൊച്ചി : എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള എ.എൽ ജേക്കബ് മേൽപാലത്തിനു വിള്ളൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2013 ൽ മെട്രോ നിർമ്മാണത്തിന് അനുബന്ധമായി ഡി.എം.ആർ.സിയാണ് ഈ മേൽപാലം നിർമ്മിച്ചത്. ഗാന്ധിനഗർ പ്രദേശത്തെയും എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള രാജാജി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിലേക്ക് കടക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമായി നിലകൊള്ളുന്ന ഈ മേൽപാലത്തിലൂടെ ദിനംപ്രതി കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പടെയുള്ള ആയിരകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് കടന്നുപോവുന്നത്.
പാലത്തിന്റെ ഗാന്ധിനഗറിൽ നിന്നുമുള്ള പ്രവേശന ഭാഗത്ത് റോഡ് ഉള്പടെ അൽപ്പം ഇടിഞ്ഞ രീതിയിലാണ് നിലകൊള്ളുന്നത്. പിന്നീടുള്ള പരിശോധനയിലാണ് പാലത്തിന്റെ അപ്പ്രോച്ച് സ്ട്രക്ച്ചറിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് ടി.ജെ വിനോദിന്റെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമീക പരിശോധന നടത്തി. ഉദ്യോഗസ്ഥരോട് പരിശോധന റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടുണ്ടെന്നും ടി ജെ വിനോദ് എം.എൽ.എ അറിയിച്ചു.