കെ. സുരേന്ദ്രന്‍ സര്‍വ്വഗുണ സമ്പന്നന്‍; ആ ഗുണങ്ങള്‍ എനിക്കുണ്ടാകരുതേയെന്നാണ് പ്രാര്‍ഥന: രാത്രിയാകുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നവര്‍ പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ട

Story Highlights
  • പ്രതിപക്ഷ നേതാവ് ആലപ്പുഴയില്‍ നല്‍കിയ ബൈറ്റ്

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. നിയമവിരുദ്ധമായ കണ്ണൂര്‍ വി.സി നിയമനത്തിന് ഗവര്‍ണര്‍ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വി.സിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമായിരുന്നു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. ഇതു രണ്ടും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞത് നിയമവിരുദ്ധമാണെന്നു പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാരിനെ സഹിയിക്കാനാണെന്നു പറയാന്‍ തലതിരിഞ്ഞ ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമെ സാധിക്കൂ. കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി.മുരളീധരനും കെ.സുരേന്ദ്രനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാന്‍ വരുന്നത്. പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ആളാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട.

നിര്‍ഗുണനായ പ്രതിപക്ഷ നേതാവെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്‍ സര്‍വ്വഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. വായപോയ കോടാലി പോലെ വാലും തലയുമില്ലാതെ ഓരോന്ന് പറയുന്നത് ഏറ്റുപിടിക്കാന്‍ ബി.ജെ.പിയുടെ മെഗാഫോണല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും.

പിണറായി ഉള്‍പ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സര്‍ഗാത്മകവുമാണ്. കേരളത്തില്‍ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വര്‍ഗീയതയും കൊലപാതകവുമായി സംഘപരിവാര്‍ ശക്തികള്‍ വരുന്നത്. ഇവര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മുമായി ധാരണയുണ്ടാക്കി അവര്‍ക്ക് വേട്ടു ചെയ്ത ആളുകളാണ്. സി.പി.എമ്മാകാട്ടെ എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും കൂട്ടുകൂടും. എന്നാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്.

സില്‍വര്‍ ലൈന്‍: പൗരപ്രമുഖരുമായല്ല നിയമസഭയിലാണ് ചര്‍ച്ച ചെയ്യേണ്ടത്

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പൗരപ്രമുഖന്‍മാരെ കാണാന്‍ നടക്കുകയാണ്. പണ്ടുകാലങ്ങളില്‍ വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖര്‍ക്കും ഭൂവുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രി വരേണ്യ വര്‍ഗക്കാരുമായി മാത്രം സംസാരിക്കാന്‍ ഇറങ്ങിയിരിക്കുന്നത് പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഡി.പി.ആര്‍ പോലും പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാല്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കും. ജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചാല്‍ അതിനെ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദീകരിക്കേണ്ടത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. രണ്ടു ലക്ഷം കോടിയോളം രൂപ ചെലവുള്ള പദ്ധതി രഹസ്യമായും ദുരൂഹമായും നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരപ്രമുഖര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒപ്പമല്ല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് യെസ് പറയുന്നവരെയാണ് വിളിച്ചുകൂട്ടിയിരിക്കുന്നത്. പദ്ധതിയെ കുറിച്ച് നിയമസഭയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ പൗരപ്രമുഖര്‍ക്ക് പിന്നാലെ നടക്കുകയല്ല വേണ്ടത്.

കേരളത്തില്‍ പൊലീസും വര്‍ഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. പൊലീസിനെ പാര്‍ട്ടി നേതാക്കള്‍ നിയന്ത്രിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. എന്തു സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകിരിക്കുകയാണ്.

ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഗവര്‍ണര്‍ നിയമവിരുദ്ധതയ്ക്ക് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലും യു.ഡി.എഫിലും ഒറ്റ അഭിപ്രായമേയുള്ളൂ. ഭിന്നതയുണ്ടെന്നു വരുത്തി അത് ആഘോഷിക്കാന്‍ ആരും വരേണ്ടതില്ല.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok