കേരളമേ, ഇനിയെങ്കിലും പ്രകൃതിയെ അറിയൂ- ഗാഡ്ഗിൽ പറയുന്നു

Story Highlights
  • ദൈവത്തിന്റെ സ്വന്തംനാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം പ്രകൃതിദുരന്തങ്ങളുടെ നാടായിമാറുകയാണോ... ആവർത്തിക്കപ്പെടുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലുംഅതിന്റെസൂചനകളാണോ...പശ്ചിമഘട്ട വിദഗ്ധസമിതിയുടെ അധ്യക്ഷനായിരുന്ന ഇന്ത്യയിലെ പരിസ്ഥിതിവിദഗ്ധനായ മാധവ് ഗാഡ്ഗിൽ, കേരളത്തിനുള്ള മുന്നറിയിപ്പുകളായി ചിലതെല്ലാംതുറന്നുപറയുന്നു...മാതൃഭൂമി പ്രതിനിധി ടി.ജെ. ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്

ഇടവേളകൾപോലുമില്ലാതെ കേരളം തുടർച്ചയായി പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കുന്നു. സർക്കാരും ജനങ്ങളും വിദഗ്ധരും എന്താണ് അടിയന്തരമായി ചെയ്യേണ്ടത്?

  • പരമപ്രധാനം, പശ്ചിമഘട്ട വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള അതിപരിസ്ഥിതിലോല പ്രദേശങ്ങളിൽ പാടില്ല എന്നു നിർദേശിച്ച പ്രവൃത്തികൾ അടിയന്തരമായി നിർത്തുക എന്നതാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിക്കൊണ്ടിരിക്കുന്ന ഇടുക്കി, വയനാട്, കോട്ടയം പോലുള്ള പ്രദേശങ്ങൾ സമിതിയുടെ റിപ്പോർട്ടിൽ അതിപരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഞങ്ങൾ നൽകിയ റിപ്പോർട്ടിനിപ്പോൾ പത്തു വയസ്സായിരിക്കുന്നു. ഈ പത്തുവർഷവും പാടില്ലെന്നു പറഞ്ഞ പ്രവൃത്തികളെല്ലാം തുടർന്നുപോരുന്നു എന്നുമാത്രമല്ല ആ പ്രവൃത്തികളെല്ലാം വലിയതോതിൽ വർധിച്ചിട്ടുമുണ്ട്. ശാസ്ത്രീയ അടിത്തറയോടെയാണ് എന്തൊക്കെ പ്രവൃത്തികൾ നിരോധിക്കണമെന്നും എന്തൊക്കെ നിയന്ത്രിക്കണമെന്നും പറഞ്ഞത്.

പെരുമഴയെന്നു കേൾക്കുമ്പോഴേ കേരളത്തിലെ ജനങ്ങൾ പ്രളയഭീതിയിലാകുന്നു, തലയ്ക്കുമീതെ ഉരുൾപൊട്ടുന്നുണ്ടോ എന്ന ആശങ്കയിലുമാകുന്നു. സ്വന്തം ആവാസയിടങ്ങൾ സംരക്ഷിക്കുന്നതിന് ജനങ്ങൾ എന്താണു ചെയ്യേണ്ടത്?

  • തീരുമാനങ്ങളെടുക്കേണ്ടതിൽ ജനങ്ങളെ ഉൾപ്പെടുത്തി, യഥാർഥ ജനാധിപത്യരീതിയിൽ വിഷയങ്ങളെ കൈകാര്യംചെയ്യുകയാണുവേണ്ടത്. അതെങ്ങനെ വേണമെന്നതിലും വിദഗ്ധസമിതി നിർദേശം നൽകിയിരുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് പ്രാദേശികതലത്തിൽ തീരുമാനങ്ങളെടുക്കുന്നതിലാണ് പ്രാധാന്യം. അതതിടത്തെ ജനങ്ങൾക്ക് അവരുടെ രക്ഷയ്ക്ക് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടാകണം. രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ജനാധിപത്യ അധികാരവികേന്ദ്രീകരണം ജനകീയാസൂത്രണത്തിലൂടെ നടപ്പാക്കിയ കേരളത്തിൽ ഇതും നടപ്പാക്കാൻ ബുദ്ധിമുട്ടില്ല. ഓരോ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും അതതിടത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക ജനസമൂഹങ്ങളുടെ നിർദേശങ്ങൾക്ക് പ്രാധാന്യംവന്നാൽ, പരിസ്ഥിതിസംരക്ഷണം സ്വാഭാവികമായി നടപ്പാകും.

ജനവാസമേഖലകളിൽനിന്ന് ക്വാറികൾക്കുള്ള ദൂരപരിധി 200 മീറ്ററാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവുള്ളപ്പോൾ കേരളത്തിൽ 50 മീറ്ററാക്കി . പ്രകൃതിദുരന്തങ്ങളിൽ ക്വാറികൾ എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

  • ഇതുസംബന്ധിച്ച് കേരളത്തിൽനിന്ന് ഒരുപാട് കത്തുകൾ എനിക്ക് ലഭിച്ചിരുന്നു. വീടുകളുടെ ചുമരിൽ വിള്ളൽവീഴുന്നു, വായുമലിനീകരണംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, അർധരാത്രിയിലും ക്വാറിയിൽനിന്നു കല്ലുനിറച്ച വാഹനങ്ങൾ നിർബാധം പോകുന്നത്, കുട്ടികൾക്ക് ഉറങ്ങാൻപോലുമാകാത്ത സ്ഥിതി ഇതൊക്കെയാണ് ജനങ്ങൾ അറിയിക്കുന്നത്. ക്വാറികളിൽ സ്ഫോടനങ്ങൾ നടക്കുമ്പോൾ ചുറ്റുപാടുമുള്ള കുന്നുകളിലെ പാറകളുടെ ഘടനയെ അതു ബാധിക്കുന്നു. പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ പ്രദേശംതന്നെ ദുർബലമായിപ്പോകുന്നു. ക്വാറികളുടെ പ്രവർത്തനം ഈ രീതിയിൽ വേണം നോക്കിക്കാണാൻ.

ആവർത്തിക്കപ്പെടുന്ന ഉരുൾപൊട്ടലുകൾ പശ്ചിമഘട്ടത്തിന്റെ ജൈവ ആവാസവ്യവസ്ഥയെ ബാധിക്കുന്നത് എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്?

  • ദീർഘകാലപ്രത്യാഘാതങ്ങൾക്ക് കാത്തിരിക്കാം… പ്രകൃതിദുരന്തങ്ങളുടെ ഇടവേളകൾ കുറഞ്ഞുവരും. കാലാവസ്ഥാ പ്രതിസന്ധി, സമുദ്രനിരപ്പുയരുന്നത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങൾ ഇടയ്ക്കിടെ ചക്രവാതങ്ങൾ അഥവാ ചുഴലിക്കാറ്റുകൾ അഭിമുഖീകരിക്കേണ്ടിവരുന്നത് എല്ലാം പ്രശ്നങ്ങളിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. 1980 മുതലാണ് ചക്രവാതങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഡേറ്റ നമുക്കുള്ളത്. അന്നുമുതലുള്ള വിവരങ്ങൾ പരിശോധിച്ചാലറിയാം അറബിക്കടലിൽ ചക്രവാതങ്ങൾ വർധിച്ചുവരുന്നു എന്ന്. മഹാരാഷ്ട്ര തീരങ്ങളും ഗുജറാത്ത് തീരങ്ങളും കണ്ട ചുഴലിക്കാറ്റുകൾ കേരളത്തിലേക്കും എത്തും. കണ്ടൽക്കാടുകൾ ഉൾപ്പെടെയുള്ള സ്വാഭാവിക പരിസ്ഥിതിയെ തൂത്തെറിഞ്ഞ് തീരങ്ങളിൽ നിർമിച്ച കെട്ടിടങ്ങൾ തകർന്നുവീഴുന്നത് കാണേണ്ടിവരും. വിഴിഞ്ഞം തുറമുഖത്തെവരെ ബാധിച്ചേക്കാവുന്ന അപടകരമായ അവസ്ഥയാണുള്ളത്.

അതിതീവ്രമഴയാണ് ദുരന്തങ്ങൾക്കു കാരണമെന്നാണ് മിക്കപ്പോഴും അധികൃതർ കാരണമായി അവതരിപ്പിക്കുന്നത്

  • ശുദ്ധ അസംബന്ധമാണത്, അതിതീവ്രമഴയെന്നത് ദുരന്തത്തിലേക്കുള്ള കാരണങ്ങളിൽ ഒന്നേ ആകുന്നുള്ളൂ. പ്രകൃതിദുരന്തത്തിന് കാരണമാകുന്നത് സങ്കീർണമായ ഒട്ടേറെ കാര്യങ്ങളാണ്. അതിതീവ്രമഴ​െയക്കാൾ പ്രാധാന്യമുള്ളത് പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗത്തിലെ പ്രശ്നങ്ങളാണ്.

അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളിൽനിന്ന് കേരളം ‘പ്രകൃതിപാഠം’ പഠിക്കുന്നുണ്ടോ?

  • അധികൃതർ പാഠങ്ങൾ പഠിച്ചില്ലെങ്കിലും ഓരോ ദുരന്തം കഴിയുമ്പോഴും ജനങ്ങൾ പ്രകൃതിയെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരായിമാറുന്നുണ്ട്. ആധുനിക വിവരസാങ്കേതികവിദ്യകൾ സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തുന്നത് ഇക്കാര്യത്തിൽ ഗുണംചെയ്യും. പ്രാദേശികമായുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ പോലുള്ളവയിലൂടെ ശരിയായദിശയിൽ അവബോധം സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. അടുത്തിടെ എനിക്കൊരു ഇ-മെയിൽ കേരളത്തിൽനിന്നു വന്നിരുന്നു, പൂർണമായും മലയാളത്തിലായിരുന്നു അത്. ക്വാറി പ്രശ്നങ്ങളായിരുന്നു ചൂണ്ടിക്കാട്ടിയത്. ഞാനത് ഗൂഗിൾ ട്രാൻസ്ലേറ്ററിൽ പരിഭാഷപ്പെടുത്തി മനസ്സിലാക്കി. അദ്ദേഹത്തിന് മറുപടികൊടുത്തു. ഗൂഗിൾ ട്രാൻസ്ലേറ്ററിലൂടെ മലയാളിത്തിലേക്ക് പരിഭാഷപ്പെടുത്താനും ആവശ്യപ്പെട്ടു. നോക്കൂ ഈ രീതിയിൽ ഭാഷ എന്നതിനെ സാധാരണ ജനത മറികടക്കുന്നു. യഥാർഥവസ്തുതകൾ അവരിൽ ഒരാളെങ്കിലും മനസ്സിലാക്കിയാൽ അത് അയാളുൾപ്പെടുന്ന സമൂഹത്തിലേക്കെത്തുകയാണ്.

കേരളത്തിൽ ദുരന്തമുണ്ടായ ഇടങ്ങൾ താങ്കൾ സന്ദർശിക്കുമോ?

  • കേരളത്തിന്റെ അവസ്ഥകണ്ടിട്ട് വരണമെന്നുണ്ട്. പക്ഷേ, ഞാനിപ്പോൾ എൺപതാമത്തെ വയസ്സിലാണ്. ഈ സമയത്തെ യാത്രകൾ ആരോഗ്യസ്ഥിതി വഷളാക്കാനിടയുണ്ട്. പുണെയിൽത്തന്നെയാണ് ഞാനിപ്പോൾ.

ഗാഡ്ഗിൽ പറയുന്നത്

കാട് മറ്റാവശ്യങ്ങൾക്കായി (കൃഷിയുൾപ്പെടെ) മാറ്റരുത്.
റോഡുകളും മറ്റു നിർമിതികളും പരിസ്ഥിതി ആഘാതപഠനത്തിനുശേഷം മാത്രം നടപ്പാക്കുക.
പുതിയ ഹിൽസ്റ്റേഷനുകൾ അനുവദിക്കരുത്, പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്കായി മാറ്റരുത്.
ചതുപ്പുകളും തണ്ണീർത്തടങ്ങളും നികത്തരുത്, പുഴകളിലെ നീരൊഴുക്ക് മെച്ചപ്പെടുത്തണം.
അതിപരിസ്ഥിതിലോല പ്രദേശങ്ങളായ ഒന്ന്, രണ്ട് മേഖലകളിൽവൻകിടഖനനത്തിന് പുതിയ
ലൈസൻസ് അനുവദിക്കരുത്, ഒന്നാം മേഖലയിൽ ക്വാറികൾക്കും മണൽവാരലിനും പുതിയ
ലൈസൻസ് പാടില്ല.

From: മാതൃഭൂമി ന്യൂസ്

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok