keralaLatest-News

ജോലി പോയാല്‍ പുല്ലെന്ന് ഡ്രൈവര്‍; പൂഞ്ഞാറില്‍ വെള്ളത്തിലായ ബസ്സും വിവാദത്തിലായ ഡ്രൈവിങ്ങും

ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാർ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരമായിരുന്നു സസ്പെൻഷൻ. ഇതിന് പിന്നാലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വലിയ ചർച്ചയായിരിക്കുകയാണ്.
അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്നുപോകാമെന്ന പ്രതീക്ഷയിലാണ് ഡ്രൈവർ ജയദീപ് ബസ് മുന്നോട്ട് എടുത്തത്. ചെറിയ വണ്ടികൾക്ക് പോകാനായി ബസ് ഇടയ്ക്ക് നിർത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റിൽ നിന്നും ഇരച്ചെത്തിയ വെള്ളത്തിൽ ബസ് നിന്നുപോയി. പിന്നീട് സ്റ്റാർട്ട് ആയില്ല. നാട്ടുകാരാണ് ഒരാൾ പൊക്കത്തിൽ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ജയദീപിനെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്യുകയും ചെയ്തു. താൻ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്പെൻഷന് പിന്നിൽ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറയുന്നത്.

യാത്രക്കാർ എന്നെ അടിക്കാഞ്ഞത് എന്തുകൊണ്ട്…

എന്റെ യാത്രക്കാരെ എന്റെ ജീവൻ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാൻ തയ്യാറായാണ് വാഹനം ഓടിച്ചത്. അല്ലെങ്കിൽ വെള്ളം കയറിയപ്പോൾ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കിൽ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്. ബസിനേക്കാൾ ചെറിയ വണ്ടികൾ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാൾ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാർ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്. എന്നാൽ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിൻ നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങിക്കിട്ടി. വെള്ളം കൂടിക്കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കരയ്ക്കെത്തിച്ചില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നിൽ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്ക് കയറ്റി.

നാട്ടുകാരിൽ നിന്ന് ലഭിച്ചത് വലിയ സ്വീകരണം

ഒരു നാട്ടുകാരനും ഞാൻ അനാവശ്യമായി വാഹനം മുന്നോട്ടെടുത്തതാണെന്ന് പറഞ്ഞില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അവർ എന്നെ കൈവെച്ചേനെ. അവിടെ നിരവധി പേർ വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. വെള്ളം വേണോ ചായവേണോ വീട്ടിൽ വന്ന് ഉണ്ണണോ എന്നൊക്കെയാണ് നാട്ടുകാർ ചോദിച്ചത്.

ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം

സംഭവത്തിന് ശേഷം കൺട്രോളിങ് ഇൻസ്പെക്ടർ എത്തി. എന്നോടും കണ്ടക്ടറോടും പോയി ചായ കുടിക്കാൻ പറഞ്ഞു. രാവിലെ ആറ് മണിക്ക് ചായ കുടിച്ചതിന് ശേഷം ഞങ്ങൾ ഒന്നും കഴിച്ചിരുന്നില്ല. അതുകഴിഞ്ഞ് വിശ്രമിക്കാൻ സമയം ലഭിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞ് എനിക്കിട്ട് പണി തരുമെന്ന് പറഞ്ഞാൽ ഞാൻ പ്രതികരിക്കും. അതുകൊണ്ടാണ് ഫെയ്സ്ബുക്കിൽ അത്തരത്തിൽ പോസ്റ്റിട്ടത്.

പണത്തിന് വേണ്ടിയല്ല ജോലിക്ക് പോകുന്നത്

പണം നേടാൻ വേണ്ടിയല്ല ഞാൻ ജോലിക്ക് പോകുന്നത്. ഒരു ത്രില്ലിനാണ് ബസോടിക്കുന്നത്. കസിൻസിന് പണ്ട് ബസുണ്ടായിരുന്നു. അതോടിച്ച് ത്രില്ലടിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയത്. പണത്തിന് വേണ്ടി ഓവർഡ്യൂട്ടിയൊന്നും ചെയ്യാറില്ല. വളരെ ശ്രദ്ധിച്ചാണ് ജോലി കൈകാര്യം ചെയ്തിരുന്നത്. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്നുവരെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ നൂറ് രൂപ പോലും അടച്ചിട്ടില്ല. യാത്രക്കാരുമായിട്ടും പ്രശ്നം ഉണ്ടാക്കിയിട്ടില്ല.

കെ.എസ്.ആർ.ടി.സി നിശ്ചലമാകണം

യാത്രക്കാരെ രക്ഷിക്കാൻ നോക്കിയിട്ട് എനിക്കിട്ട് പണി തരാൻ നോക്കുന്ന ഒരു പ്രസ്ഥാനമാണിത്. ഈ പ്രസ്ഥാനം ജീവിതത്തിൽ രക്ഷപ്പെടാൻ പോകുന്നില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത് നിശ്ചലമാകും. നിശ്ചലമാകണം എന്നാണ് ഞാൻ പറയുന്നത്. പരസ്പരം പാരവെയ്പ്പാണ് കെ.എസ്.ആർ.ടി.സിയിൽ. യൂണിൻ നോക്കിയാണ് എല്ലാം തീരുമാനിക്കുന്നത്. സസ്പെൻഷന് മുമ്പ് എന്നോട് ഒരു വിശദീകരണവും തേടിയിട്ടില്ല. കൺട്രോളിങ് ഇൻസ്പെക്ടറോട് വിശദീകരണം തേടിയിരുന്നു. അദ്ദേഹം ഞാൻ കുറ്റക്കാരനല്ലെന്ന് കാണിച്ചാണ് മറുപടി നൽകിയത്. സസ്പെൻഷന് പിന്നിൽ രാഷ്ട്രീയമാണ്. ഞാൻ ഇവിടുത്തെ ഐഎൻടിയുസി പ്രസിഡന്റാണ്. ഒരു സസ്പെൻഷനും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. അവധി എടുത്തതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. കാരണം ബോധിപ്പിച്ചതോടെ അത് ക്ലോസ് ചെയ്തതാണ്. ഞാൻ ആരെയോ വെടിവെച്ചെന്ന പേരിൽ പ്രചാരണം നടക്കുന്നുണ്ട്. അത് കള്ള കേസാണ്. അതിർത്തി തർക്കത്തിന്റെ പേരിലുള്ള കള്ള കേസാണിത്. അത് അവസാനിച്ചതാണ്.

ജോലി പോകുമെന്ന പേടി എനിക്കില്ല

ഇങ്ങനെ പ്രതികരിച്ചതിന്റെ പേരിൽ ജോലി പോകുമെന്ന ഒരു പേടിയും എനിക്കില്ല. എന്റെ ജീവിതം ഭദ്രമാണ്. നാളെയെ കുറിച്ച് ഒരു പേടിയുമില്ല. അഞ്ചേക്കർ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെൻഷനുണ്ട്. സഹോദരിമാർ അമേരിക്കയിലാണ്. അവർ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവർ എനിക്ക് പണം അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്. ഒന്നിനും ഒരു കുറവും അവർ വരുത്താറില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok