keralaThiruvananthapuram

മഴയ്ക്ക് താൽക്കാലിക ശമനം, വടക്കന്‍ കേരളത്തില്‍ ആശ്വാസം; മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് (orange alert) പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് , കണ്ണൂര്‍ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂര്‍ , എറണാകുളം ,ഇടുക്കി ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തില്‍ മഴ നന്നായി കുറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ടൊഴിഞ്ഞു. കോഴിക്കോട് രാത്രി ചിലയിടങ്ങളില്‍ നേരിയ മഴ തുടര്‍ന്നു. എവിടെയും കാര്യമായി നാശനഷ്ടങ്ങളില്ല. കോഴിക്കോട് താലൂക്കില്‍ ക്യാമ്ബുകളിലായി 400 പേരാണുള്ളത്. കാസര്‍ഗോഡും ശക്തമായ മഴയില്ല. ജില്ലയില്‍ ക്യാമ്ബുകളൊന്നും തുറന്നിട്ടില്ല.

മലപ്പുറത്തും രാത്രി മുതല്‍ കാര്യമായ മഴയില്ല. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍ നിലവില്‍ മഴ കുറവാണ്. രാത്രി മഴയുണ്ടായിരുന്നു. ഇപ്പോള്‍ ചില ഭാഗങ്ങളില്‍ നേരിയ മഴ മാത്രം. പയ്യാവൂര്‍ കരിമ്ബിന്‍ കണ്ടി പുഴയില്‍ ഒഴുക്കില്‍ പെട് ഒരാളെ കാണാതായി. അനില്‍ കുമാറാണ് ഒഴുക്കില്‍ പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തെരച്ചില്‍ തുടരുകയാണ്.

പാലക്കാട് ജില്ലയില്‍ മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. നഗരത്തിലടക്കം ചാറ്റല്‍ മഴയാണുള്ളത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാന്പ് തുറന്നു. മൂന്ന് കുടുംബങ്ങളിലെ 19 പേരെ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു. മലന്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലേര്‍ട്ട് നല്‍കി. ഭാരതപ്പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ഡാമുകളായ പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ശിരുവാണി എന്നിവയുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സൈലന്റ് വാലി, നെല്ലിയാമ്ബതി അടക്കമുള്ള മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

വയനാട്ടില്‍ കാര്യമായ മഴ പ്രശ്നങ്ങളില്ല.. രാത്രിയില്‍ ചിലയിടങ്ങളില്‍ നേരിയ മഴ ഉണ്ടായിരുന്നു. ചാലക്കുടിയില്‍ രാത്രി നേരിയ മഴ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ മഴ പെയ്യുന്നില്ല. കോട്ടയത്തും ഇപ്പോള്‍ മഴ ഇല്ല. രാത്രിയില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok