keralaVD Satheesan

റെമഡിയേഷന്‍ സെല്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല; എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നു; മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്ന് പ്രതിപക്ഷ നേതാവ്

Story Highlights
  • അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇരകളെ സൃഷ്ടിച്ചത് സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും സംസ്ഥാനത്തിനുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും സെല്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇരകളെയും സാമൂഹിക പ്രവര്‍ത്തകരെയും സാഹിത്യകാരന്‍മാരെയും അധിക്ഷേപിച്ച മുന്‍ ജില്ലാ കളക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കീടനാശിനി കോര്‍പറേറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുവായിരത്തിലധികം പേര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് മറുപടി പറയേണ്ട മുഖ്യമന്ത്രി അതില്‍ നിന്നും ഒഴിഞ്ഞു മാറിയത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി വിചാരിച്ചാല്‍ 24 മണിക്കൂറിനകം റെമഡിയേഷന്‍ സെല്‍ പുനഃസംഘടിപ്പിക്കാവുന്നതേയുള്ളൂ. 2017 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തി എന്‍ഡോസള്‍ഫാന്‍ ഇരകളെന്നു കണ്ടെത്തിയ ആയിരത്തിലധികം പേരെ അനുകൂല്യങ്ങള്‍ ലഭിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന തീരുമാനവും നടപ്പായില്ല. സുപ്രീം കോടതി വധി വന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും മുവായിരത്തിലധികം പേര്‍ക്ക് ധനസഹായം വിതരണം ചെയ്തില്ല. ഇരകള്‍ക്ക് ആജീവനാന്ത ചികിത്സ നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചികിത്സാ സൗകര്യം ഒരുക്കാനോ ന്യൂറോ വിഭാഗം ഡോക്ടറെ നിയമിക്കാനോ തയാറാകാത്തത് ഇരകളോട് ചെയ്യുന്ന ക്രൂരതയാണ്. കോവിഡ് കാലത്ത് ചികിത്സ ലഭിക്കാതെ കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതു പേരാണ് മരിച്ചത്. കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും നടപ്പായില്ല. 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെയും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. മറ്റു പെന്‍ഷനുകള്‍ ഉയര്‍ത്തിയപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്നാണ് മുന്‍ കളക്ടര്‍ പറഞ്ഞത്. വിവിധ സര്‍ക്കാരുകളുടെ കാലത്തുണ്ടാക്കിയ പട്ടിക പുനഃപരിശോധിക്കണമെന്നാണ് മുന്‍ കളക്ടര്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണോ കീടനാശിനി കമ്പനികളുടെ പ്രതിനിധിയായാണോ കളക്ടര്‍ പ്രവര്‍ത്തിക്കുന്നത്? ഇതേ നിലപാട് തന്നെയാണോ സര്‍ക്കാരിനും? ഇരകള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍ പൈങ്കിളി നോവലിലെ കഥാപാത്രളാണെന്നാണ് കളക്ടറുടെ ആക്ഷേപം. കളക്ടറേറ്റിലെത്തുന്ന ഇരകളോട് അഹങ്കാരം നിറഞ്ഞ രീതിയിലാണ് കളക്ടര്‍ പെരുമാറുന്നത്. കളക്ടര്‍ ഇങ്ങനെയാണെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരുടെ സമീപനം എന്തായിരിക്കും? കളക്ടര്‍ക്കെതിരെ എന്‍ഡോസള്‍ഫാന്‍ ഇരകളും സംഘടനകളും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കുന്നിതില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok