kerala

‘സാക്ഷരത 100 ശതമാനം; വകതിരിവ് വട്ടപ്പൂജ്യം‘; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ ട്വീറ്റ്

Story Highlights
  • പാടവരമ്പത്തും ജലാശയങ്ങളുടെ സമീപത്തും ചതുപ്പുകളിലും, ഉപയോഗിച്ച സിറിഞ്ചുകളും മരുന്നുകളും തള്ളിയിരിക്കുന്ന ചിത്രങ്ങളാണ് ശ്രീജേഷ് പങ്കു വെച്ചിരിക്കുന്നത്

എറണാകുളം കിഴക്കമ്പലത്തെ തന്റെ പേരില്‍ അറിയപ്പെടുന്ന റോഡരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷ് രംഗത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘സാക്ഷരത നൂറ് ശതമാനം, വകതിരിവ് വട്ടപ്പൂജ്യം’ എന്ന അടിക്കുറിപ്പോടെ ശ്രീജേഷ് പങ്കു വെച്ച ചിത്രങ്ങള്‍ വളരെപെട്ടെന്ന് വൈറല്‍ ആകുകയാണ്. പാടവരമ്പത്തും ജലാശയങ്ങളുടെ സമീപത്തും ചതുപ്പുകളിലും, ഉപയോഗിച്ച സിറിഞ്ചുകളും മരുന്നുകളും തള്ളിയിരിക്കുന്ന ചിത്രങ്ങളാണ് ശ്രീജേഷ് പങ്കു വെച്ചിരിക്കുന്നത്.

ഇത്തരത്തിലാണ് എന്റെ പേരിലുള്ള റോഡ് നാട്ടുകാര്‍ അലങ്കരിച്ചിരിക്കുന്നത്. കുന്നത്തുനാട്/ കിഴക്കമ്പലം വില്ലേജ് ഓഫീസര്‍മാര്‍ ഇക്കാര്യം പരിഗണിച്ച് നടപടി എടുക്കുമെന്ന് പ്രതീക്ഷിച്ച് കൊള്ളുന്നു’. ശ്രീജേഷ് ട്വീറ്റ് ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ശ്രീജേഷ് ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. ഭാവി തലമുറക്ക് വേണ്ടി ഭൂമിയെ പരിരക്ഷിക്കണമെന്നും ശ്രീജേഷ് ട്വീറ്റില്‍ പറയുന്നു.

[ads2]

ശ്രീജേഷിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഒളിമ്പ്യന്‍ പി. ആര്‍ ശ്രീജേഷിനെ ഈയിടെ കേരള അഡ്വഞ്ചര്‍ ടൂറിസം അംബാസിഡര്‍ ആയി പ്രഖ്യാപിച്ചിരുന്നു. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശ്രീജേഷിനെ കിഴക്കമ്പലത്തെവീട്ടിലെത്തി മന്ത്രി സന്ദര്‍ശിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയില്‍ കേരളത്തില്‍ സജീവമല്ലാത്ത സാഹചര്യത്തിലും അതില്‍ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്റെ മനസ്സിന്റെ കരുത്താണെന്നും മന്ത്രി പറഞ്ഞു.ടൂറിസം വകുപ്പിന്റെ ഉപഹാരങ്ങള്‍ മന്ത്രി ശ്രീജേഷിനും കുടുംബത്തിനും കൈമാറി. മന്ത്രിയുടെ സന്ദര്‍ശനം അഭിമാനവും അംഗീകാരവുമാണെന്ന് പറഞ്ഞ പി. ആര്‍ ശ്രീജേഷ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗീകാരങ്ങള്‍ കായികതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.

വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ വികസന സംബന്ധിച്ച് ചര്‍ച്ചകള്‍ക്കൊടുവിലാണ് ശ്രീജേഷിനെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനവും വന്നത്. സംസ്ഥാനത്ത് പൊതുവെയും ഉപയോഗിക്കാന്‍ കഴിയാതെ പോകുന്ന ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുകയാണ് മുന്നിലുള്ളത്. ഇതില്‍ പലതും സാഹസിക ടൂറിസം മേഖലയുമായി കൂട്ടിയിണക്കാന്‍ കഴിയാവുന്നവയുമാണ്. കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പല പദ്ധതികളും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു ശ്രീജേഷിനെ പോലെ ബ്രാന്‍ഡ് ആന്‍ഡ് ഐക്കണ്‍ ആയുള്ള താരങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസം. ആഭ്യന്തര ടൂറിസം സാധ്യത മുന്നില്‍ കണ്ട് മുന്നോട്ട് പോകണം. അണ്‍ എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകള്‍ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വര്‍ദ്ധിപ്പിക്കും. ഈ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കും. പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവുമുള്ള മണ്ഡലമാണ് വൈപ്പിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button