എസി മുറിയും ഫ്രിഡ്ജിലെ ഭക്ഷണവും വേണ്ട, സാധനങ്ങൾ പങ്കുവയ്ക്കാൻ പാടില്ല; ഹോം ക്വാറന്റൈനിലുള്ളവർ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം ∙ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും ഉള്ളതിനാൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരും വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയുന്നതാണു ഹോം ക്വാറന്റീൻ.

കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണു ഹോം ക്വാറന്റീൻ അനുവദിക്കുന്നത്. ഇവർ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും. ഒരു കാരണവശാലും വീട്ടിലുള്ള മറ്റുള്ളവരുമായി ഇവർ ഇടപഴകരുത്. ഗുരുതരാവസ്ഥ വന്നാൽ ആശുപത്രികളിൽ എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങൾ ഉണ്ടെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹോം ക്വാറന്റീനു സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ സെന്ററുകൾ ലഭ്യമാണ്. 

ഹോം ക്വാറന്റീൻ എങ്ങനെ?

ശുചിമുറിയോടു കൂടിയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എസിയുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌ക് ധരിക്കേണ്ടതാണ്. രോഗീ പരിചണം നടത്തുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

സാധനങ്ങൾ കൈമാറരുത്

ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായവ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും സ്വയം കഴുകുന്നതാണു നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്ലീച്ചിങ് ലായനി (1 ലീറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കണം.

സ്വയം നിരീക്ഷണം

വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീർണതകൾ വരികയാണെങ്കിൽ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പൾസ് ഓക്‌സി മീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്ക്കണം. 

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാൽ പൾസ് ഓക്‌സീമീറ്റർ കൊണ്ട് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്‌സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്‌സിജൻ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാനാകും.

സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് നേരത്തെയുള്ളതിൽ നിന്ന് 3 ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം.

വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

അപായ സൂചനകൾ തിരിച്ചറിയണം

ഹോം ഐസൊലേഷനിൽ കഴിയുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തിൽ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം. ആരോഗ്യ പ്രവർത്തകരും വാർഡുതല ജാഗ്രതാ സമിതികളും ഹോം ഐസൊലേഷനിലുള്ളവരെ സഹായിക്കാൻ എപ്പോഴുമുണ്ട്. അതിനാൽ ആശങ്ക വേണ്ട. എന്നാൽ ജാഗ്രത ഏറെ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok