kerala

ഫാഷിസ്റ്റ് ഭീകരതയോടുള്ള സന്ധിയില്ലാ സമരത്തിൽ ഓർമകളും ആയുധമാകട്ടെ, ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും കുടുംബത്തിന്റെയും ചിത്രം പങ്കുവെച്ചു ഷാഫി പറമ്പിൽ എംഎൽഎ

 വർഷങ്ങൾക്ക് മുമ്പ് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തൻ്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും തീവെച്ചു കൊന്ന ക്രൂരത നാം ഇടയ്ക്കിടെ ഓർക്കുന്നതാണ്. ബജ്‌റംഗ്ദൾ പ്രവർത്തകരായിരുന്നു അതിന് നേതൃത്വം കൊടുത്തത്. അന്ന് ആ ക്രൂരതക്ക് എല്ലാവിധ ഊർജവും നൽകിയത് ബജ്‌റംഗ്ദൾ ഒഡിഷ സംസ്ഥാന കോർഡിനേറ്ററായ പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു. മതപരിവർത്തനത്തിനെതിരെ നൂറിലധികം തവണ വിദ്വേഷ പ്രസംഗങ്ങളും നിരാഹാരവും സംഘടിപ്പിച്ച് ഒഡിഷയിൽ ക്രിസ്ത്യൻ വിരുദ്ധ വികാരം പ്രതാപ് ചന്ദ്ര പ്രവർത്തകർക്കിടയിൽ ആളിക്കത്തിക്കുകയായിരുന്നു.
ഷാഫി പറമ്പിൽ  എംഎൽഎ യുടെ ഫേസ്ബുക് കുറിപ്പ് :
ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നിട്ട് ഇന്നേക്ക്  22 വർഷം. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ക്രിസ്തു  മതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയായിരുന്നു അവരെ ജീവനോടെ ചുട്ടെരിച്ചത്. 
കാവി ഭീകരത വെറുപ്പിന്റെ തീഗോളത്തിൽ ഇല്ലാതെയാക്കിയത് സ്വന്തം രാജ്യത്തെക്കാളും ഇന്ത്യയെ സ്നേഹിച്ച, ഒറീസയിലെ   നിർധനരായ കുഷ്ഠരോഗികൾക്കായി ജീവിതം മാറ്റിവെച്ച ഒരു മനുഷ്യസ്നേഹിയെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയുമായിരുന്നു. 
കൊലപാതകം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വധ്വാ കമ്മീഷൻ സ്റ്റെയ്ൻസ് ഒരു തരത്തിലുള്ള മത പരിവർത്തന പ്രക്രിയയിലും പങ്കാളിയായിരുന്നില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി. 
എന്നിട്ടും വ്യാജ വാർത്തകൾ കൊണ്ടും അസത്യ  പ്രചാരണങ്ങൾ കൊണ്ടും  വിള കൊയ്യുന്നവർ പിൻവാങ്ങിയില്ല. കൊലയെ ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിച്ചവരിൽ ജനപ്രതിനിധികളുമുണ്ടായിരുന്നു. ബീഭത്സമായ കൊല കൊണ്ടും അരിശം  തീരാതെ നിർലജ്ജമായ നുണകൾ കൊണ്ടും അപവാദ   പ്രചാരണങ്ങൾ കൊണ്ടും ആ കുടുംബത്തെ വേട്ടയാടുന്നതിനും കൊലയ്ക്ക് ന്യായീകരണം  ചമയ്ക്കുന്നതിനും  ഇന്ത്യൻ പാർലിമെന്റ്  പോലും സാക്ഷ്യം വഹിക്കുകയുണ്ടായി.
മനുഷ്യബലികൾ കൊണ്ട് ഉന്മത്തരായി അധികാരകസേരയിലേക്ക്  നടന്നടുത്തവരുടെ ഇരകളായി എരിഞ്ഞുതീർന്ന അനേകരെ പിന്നെയും രാജ്യം കണ്ടു. 
ഒരു വിഭാഗം മനുഷ്യരെ അപരരാക്കി വെറുപ്പിന്റെ ആൾരൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന കുടിലതയ്ക്ക്  മറുപടി നൽകേണ്ടത്  സ്റ്റെയിൻസും മക്കളും ഉൾപ്പെടെ ഉള്ളവരുടെ ഓർമകളെ ജ്വലിപ്പിച്ചു കൊണ്ടാണ്. വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും കാർഡുകൾ ഇറക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക്  മുന്നിൽ സേവനത്തിന്റെയും സ്നേഹത്തിന്റെയും  ത്യാഗത്തിന്റെയും പാഠങ്ങൾ കൊണ്ട് മനുഷ്യ മനസ്സിനെ കീഴടക്കിയവരുടെ പേരുകൾ ഉച്ചത്തിൽ വിളിച്ചു പറയാം.
ഫാഷിസ്റ്റ് ഭീകരതയോടുള്ള  സന്ധിയില്ലാ സമരത്തിൽ ഓർമകളും ആയുധമാകട്ടെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok