വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് റോഡ് നിര്‍മിച്ചതെന്നു കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ ‘ഓപ്പറേഷൻ സരള്‍ രാസ്ത–3’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണം വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മിച്ചതെന്നു കണ്ടെത്തി. ആറു മാസത്തിനിടെ ‌ടാര്‍ ചെയ്ത 67 റോഡുകളിലും കുഴികള്‍ കണ്ടെത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയുടെ ‘പാറ്റേണ്‍’ മാറിയതാണ് സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പൂർത്തീകരിച്ച /അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളിലായിരുന്നു പരിശോധനയെന്നു വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിനന്റെ 9 റോഡുകളുമാണു പരിശോധിച്ചത്. തിരുവനന്തപുരത്ത് 40, കൊല്ലത്ത് 27, കണ്ണൂർ 23, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 6 വീതം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 5 വീതം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ 4 വീതം, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ 3 വീതവും റോഡുകളാണു പരിശോധിച്ചത്.

whatsapp button Telegram

148 റോഡുകളിൽ 67 റോഡുകൾ നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകംതന്നെ ചെറിയ കുഴികൾ രൂപപ്പെട്ട നിലയിലാണെന്നു വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം- 18, കൊല്ലം-10, പത്തനംതിട്ട-6, കോട്ടയം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ 4 വീതവും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 3 വീതവും ഇടുക്കിയിൽ 2, മലപ്പുറത്ത് 1 എന്നിങ്ങനെയാണു ചെറിയ കുഴികൾ രൂപപ്പെട്ട റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 19  റോഡുകളിൽ നിശ്ചിത അളവിനേക്കാൾ കുറഞ്ഞ കനത്തിലാണ് ടാർ ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടെത്തി.

തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ 3 വീതം റോഡുകളും കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതവും പത്തനംതിട്ട, എറണാകുളം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓരോ റോഡിലും മതിയായ കനത്തിൽ ടാർ ഉപയോഗിച്ചിരുന്നില്ല. എറണാകുളത്തെ ഒരു റോഡിൽ ടാർ തീരെ ഉപയോഗിച്ചില്ലെന്നും, കൊല്ലത്തെ ഒരു റോഡിൽ ആവശ്യമായ വിധത്തിൽ റോളർ ഉപയോഗിച്ചില്ലെന്നും, കോഴിക്കോട് ഒരു റോഡ് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം പൊട്ടിപ്പൊളിഞ്ഞതായും വിജിലൻസ് കണ്ടെത്തി.

whatsapp button Telegram

കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനാ വേളയിൽ റോഡുകളിൽനിന്നും കോർ കട്ട് മുഖേന ശേഖരിച്ച സാംപിളുകൾ ലാബുകളിലയയ്ക്കും. നിർമാണത്തിനായി ഉപയോഗിച്ച ടാർ, മെറ്റൽ, സാൻഡ്, ചിപ്സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തും. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്നും വിജിലൻസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button