
ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ മലയാളി ഗോൾ കീപ്പർ പി. ആർ. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്ലിന ബോൾഗൊഹെയിൻ എന്നിവർ അടക്കം ആകെ 12 പേർക്കാണ് പുരസ്കാരം. ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും.
പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും അവാർഡ് ജേതാക്കളായി.
ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ