ജറുസലേം: 2021 ലെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയത്.
നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.
2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്.പരാഗ്വേയുടെ നാദിയ ഫെറെയ്റ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി.

മിസ് യൂണിവേഴ്സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടര്ന്നാണ് മോഡലും നടിയുമായ സന്ധു വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചണ്ഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.

സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഈ മത്സരം വീക്ഷിക്കുന്ന യുവതികൾക്ക് നിങ്ങൾ നൽകുന്ന ഉപദേശമെന്നതായിരുന്നു ഫൈനൽ റൗണ്ടിലെ ഒരു ചോദ്യം. “ഇന്നത്തെ യുവത നേരിടുന്ന വലിയ സമ്മർദ്ദം, സ്വയം വിശ്വസിക്കുക എന്നതിലാണ്. നിങ്ങളിലെ സവിശേഷത തിരിച്ചറിയുന്നത് നിങ്ങളെ സുന്ദരമാക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കി ലോകമെമ്പാടും നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, നിങ്ങൾക്കു വേണ്ടി സംസാരിക്കൂ, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്, നിങ്ങളുടെ ശബ്ദം തന്നെയാണ് നിങ്ങളെ നിർവചിക്കുന്നത്. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഇന്ന് ഞാനവിടെ നിൽക്കുന്നതും.” – ഹർനാസ് നൽകിയ മറുപടി ഇങ്ങനെ.