നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു; അന്ത്യം കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾക്കിടെ

കൊച്ചി ∙ തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവിൽ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിൻ കലാഭവനിൽ ചേർന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button