fastrack

എതിരാളികളെ പെർഫോമൻസിൽ തോൽപിക്കാൻ പുതിയ ടിവിഎസ് ആർടിആർ അപ്പാച്ചെ 4v

ടിവിഎസ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും പുച്ഛമായിരുന്നു.. 
ഓ..വേറെ കമ്പനിയില്ലാഞ്ഞിട്ടാണോ ഇതെടുക്കുന്നത്..
പക്ഷേ ഇങ്ങനെ പറഞ്ഞിരുന്നവരെ മാറ്റി ചിന്തിപ്പിച്ച, ടിവിഎസ് നിരയിലെ കരുത്തനായ മോഡലാണ് അപ്പാച്ചെ. വിപണിയിൽ വന്ന അന്നു മുതൽ ഇന്നു വരെ തലയെടുപ്പ് ലേശംപോലും കുറഞ്ഞിട്ടില്ല. എതിരാളികളെ കാതങ്ങൾ പിന്നോക്കം പായിച്ചാണ് പുതിയ അപ്പാച്ചെ എത്തിയിരിക്കുന്നത്. റൈഡ് മോഡുകളും അഡ്‌ജസ്റ്റബിൾ ഫോർക്കുകളുമായി വന്ന 200 4വിയെ ഒന്നടുത്തു കാണാം. 
കിടു ലുക്ക്
ഒഴുക്കൻ മട്ടിലുള്ള ബോഡി പാനലുകളായിരുന്നു ആദ്യകാല അപ്പാച്ചെയ്ക്കെങ്കിൽ കൂർത്ത വരകളും വക്കുകളും കൂടിച്ചേർന്ന സ്പോർട്ടി ലുക്കിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. പുതിയ പ്ലാസ്റ്റിക് കവറിങ്ങോടുകൂടിയ എൽഇഡി ഹെഡ്‌ലാംപിൽ തുടങ്ങുന്നു ആ മാറ്റം. പുരികക്കൊടിപോലെ നിൽക്കുന്ന ഡേ ടൈം റണ്ണിങ് ലാംപ് കാണാൻ‌ രസമുണ്ട്. കറുപ്പു നിറവും ചുവപ്പു ലൈനുകളും കാഴ്ചയിൽ നല്ല എടുപ്പു നൽകുന്നുണ്ട്. 
എൻജിൻ
മുൻ മോഡലിനെക്കാളും ഒരു കിലോഗ്രാം   ഭാരം കുറവാണ് 2021 മോഡലിന്. 197.75 സിസി ഒായിൽ കൂൾഡ് എൻജിൻ ബിഎസ്6 നിലവാരത്തിലേക്ക് ഉയർന്നപ്പോൾ പഴയ ഗൗരവം വിട്ടിട്ടില്ല. ഭാരം കുറഞ്ഞ പുതിയ പിസ്റ്റൺ ആണ് നൽകിയിരിക്കുന്നത്. മുൻ മോഡലുമായി പവർ‌ ഫിഗറിൽ ഒരു കുറവുമില്ല. എന്നാൽ  ടോർക്കിൽ‌ നേരിയ കുറവുണ്ട്.  റിഫൈൻഡ്മെന്റ് ലെവൽ വേറെ ലെവലാണെന്നുതന്നെ പറയണം. 5 സ്പീഡ് ഗിയർബോക്സാണ്. ഷിഫ്റ്റിങ് അൾട്രാ സ്മൂത്ത്. സ്ലിപ്പർ ക്ലച്ച് സംവിധാനം നൽകിയത് ഡൗൺ ഷിഫ്റ്റിങ് കൂടുതൽ കംഫർട്ടാക്കുന്നു. മൂന്ന് സ്റ്റെപ്പ് 
ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുമാണ്.ബിഎസ്6 2020 മോഡൽ ആർടിആർ 160യിൽ നൽകിയ ഗ്ലൈഡ് ത്രൂ സാങ്കേതികവിദ്യ 200 4 വിയിലും നൽകിയിട്ടുണ്ട്. സിറ്റി ഡ്രൈവിൽ കൂളായി നീങ്ങാൻ സഹായിക്കുന്ന സംവിധാനമാണിത്. ഓട്ടമാറ്റിക് കാറുകളിലെ ക്രീപ് സംവിധാനത്തിനു തുല്യമാണിത്. നിരങ്ങി നിരങ്ങി പോകുന്ന സാഹചര്യത്തിൽ ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റം ചെറിയ തോതിൽ ഇന്ധനം നൽകിക്കൊണ്ടിരിക്കും; ത്രോട്ടിൽ കൊടുക്കാതെ തന്നെ. 
സെഗ്‌മെന്റിൽ ആദ്യം
അർബൻ, റെയിൻ എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളുമായാണ് വരവ്. ഹാൻഡിലിലെ സ്വിച്ച്‌വഴി റൈഡ് മോഡ് സിലക്ട് ചെയ്യാം. സ്പോർട് മോഡിൽ മണിക്കൂറിൽ 127 കിലോമീറ്ററാണ് കൂടിയ േവഗം. അർബൻ റെയിൻ മോഡിൽ 105 കിലോമീറ്ററും. മോഡ് മാറുന്നതിനനുസരിച്ച് പവർ ഡെലിവറിയിലും  മാറ്റമുണ്ട്.
സൂപ്പർ സസ്പെൻഷൻ
ഷോവയുടെ അഡ്‌ജസ്റ്റബിൾ സസ്പെൻഷനാണ് പുതിയ അപ്പാച്ചെയിൽ. ഇതും സെഗ്‌മെന്റിൽ  ആദ്യം.  സ്മാർട് കണക്ട്ടിവിഎസ് സ്മാർട് കണക്ട് വഴി ബൈക്കും ഫോണും പെയർ ചെയ്യാം. കോളും എസ്എംഎസും എല്ലാം എടുക്കാനും വായിക്കാനും കഴിയും. ടേൺ ബൈ ടേൺ നാവിഗേഷൻ, കോർണറിൽ എത്ര ചെരിഞ്ഞാണ് എടുത്തുപോയത് എന്നറിയാൻ കഴിയുന്ന ലീൻ ആംഗിൾ ട്രാക്കർ എന്നിങ്ങനെ ‘ഫുള്ളി പാക്ക്ഡ്’ ആണ് പുതി്യ അപ്പാച്ചെ. 
ഫൈനൽ ലാപ് 
മൂന്നു കളറുകളിലാണ് 2021 മോഡൽ എത്തിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക്, പേൾ വൈറ്റ്, മാറ്റ് ബ്ലൂ. ടിവിഎസ് വൺ മെയ്ക്ക് റേസിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ നിറങ്ങൾ നൽകിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഇത്രയും ഫീച്ചേഴ്സും പെർഫോമൻസും നൽകുന്നു എന്നതുതന്നെയാണ് പുതിയ അപ്പാച്ചെയുടെ ഹൈലൈറ്റ്.
Source :- pics – google,  Content – Manorama fastrack

Leave a Reply

Your email address will not be published. Required fields are marked *

Back to top button