സാനിറ്ററി പാഡുകളിൽ അർബുദത്തിന് കാരണമാവുന്ന മാരക രാസവസ്തുക്കൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളിൽ ശരീരത്തിന് അപകടകരമാംവിധം മാരക രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തൽ. പാഡുകളിൽ അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായ ‘ടോക്സിക്സ് ലിങ്ക്’ എന്ന എൻ.ജി.ഒ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഇന്ത്യയിലുടനീളം ലഭ്യമായ 10 ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും ഫാലേറ്റുകളുടെയും അസ്ഥിര ജൈവസംയുക്തങ്ങളുടെയും (വി.ഒ.സി) അംശം കണ്ടെത്തി.ഫാലേറ്റുകളുടെ സാന്നിധ്യം അന്ധഃസ്രാവി ഗ്രന്ഥി തകരാറുകൾ, ഹൃദയത്തിനും പ്രത്യുൽപാദന വ്യവസ്ഥകൾക്കും ആഘാതം, പ്രമേഹം, അർബുദം, ജനനവൈകല്യങ്ങൾ തുടങ്ങിയവക്ക് കാരണമാകും.

whatsapp button Telegram

അസ്ഥിര ജൈവ സംയുക്തങ്ങളുടെ അംശംകൂടുന്നത് മസ്തിഷ്കവൈകല്യങ്ങൾ, ആസ്ത്മ, ശരീരവൈകല്യങ്ങൾ, അർബുദം എന്നിവക്ക് കാരണമാവുകയും പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

ജൈവം എന്ന് അവകാശപ്പെടുന്ന പാഡുകളിൽപോലും മാരകമായതോതിൽ ഫാലേറ്റുകൾ പരിശോധനയിൽ കണ്ടെത്തി. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ നിശ്ചിത നിലവാരത്തെക്കാൾ മൂന്നിരട്ടിവരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അസറ്റോൺ, ക്ലോറോഫോം, ബെൻസീൻ, ടോലുയിൻ തുടങ്ങിയ സംയുക്തങ്ങൾ എല്ലാ സാമ്പിളുകളിലും കണ്ടെത്തി.സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനനേന്ദ്രിയത്തിന് ചർമത്തെക്കാൾ ഉയർന്നനിരക്കിൽ രാസവസ്തുക്കൾ ആഗിരണംചെയ്യാൻ കഴിയുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല.

സാനിറ്ററി പാഡുകളിൽ അനുവദിക്കാവുന്ന രാസവസ്തുക്കൾ സംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ഏജൻസികളും പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും രാസവസ്തുക്കൾ അടങ്ങിയ പാഡുകൾക്ക് പകരം മറ്റുമാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പഠന റിപ്പോർട്ട് നിർദേശിക്കുന്നു.

Related Articles

Back to top button