
- പ്രതികള്‍ക്ക് കുഞ്ഞിരാമന് സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ സിബിഐ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. പ്രതിചേര്‍ത്ത 10 പേരില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ (Periya Murder) കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ (MLA K V Kunhiraman) പ്രതി ചേര്‍ത്തു. 21 ആം പ്രതിയാണ് കുഞ്ഞിരാമന്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ വി കുഞ്ഞിരാമന്. പ്രതികള്‍ക്ക് കുഞ്ഞിരാമന് സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രൻ, മധു, റെജി വർഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്‍ഡ് ചെയ്തു. അതേസമയം പാര്‍ട്ടിയെ സംശയത്തിലാക്കാനാണ് ശ്രമമെന്ന് കേസിലെ മറ്റൊരു പ്രതിയായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന് പറഞ്ഞു. തെളിവുകളില്ലാതെയാണ് സിബിഐ പലരെയും പ്രതി ചേര്‍ക്കുന്നതെന്നും മണികണ്ഠന് കുറ്റപ്പെടുത്തി.
ശനിയാഴ്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുള്ളപ്പോഴാണ് സിബിഐയുടെ നിർണായ നീക്കം. പ്രതികളിൽ ഒരാളായ റെജി വർഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നൽകിയതെന്നാണ് സിബിഐ കണ്ടെത്തൽ. മറ്റൊരു പ്രതി സുരേന്ദ്രൻ ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്ന് സിബിഐ പറയുന്നു. മറ്റുളളവർ ചേർന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും കണ്ടെത്തി.
2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷന് ബഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.