
- പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ സി.ബി.ഐ. നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് ക്ലീൻ ചിറ്റ്. പരാതിക്കാരിയെ കെ.സി. വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സി.ബി.ഐ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് കെ.സി. വേണുഗോപാൽ പീഡിപ്പിച്ചുവെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സി.ബി.ഐ. വിശദമായി അന്വേഷിച്ചു. എന്നാൽ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ സി.ബി.ഐ. നൽകിയിട്ടുണ്ട്.
അതേസമയം, രണ്ട് തവണ ഇവർ നേരിട്ട് കണ്ടിട്ടുണ്ടെന്നും സി.ബി.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ. റിപ്പോർട്ടിൽ പറയുന്നത്.കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർപ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരേ ആയിരുന്നു പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നത്. ഇതിൽ അടൂർപ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡന് എന്നിവർക്ക് നേരത്തെ സി.ബി.ഐ. ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.സി. വേണുഗോപാലിനും ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.