ബ്രഹ്മപുരം തീപിടിത്തം: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസം കൂടി അവധി

പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുകയാണ്. എറണാകുളം കലക്ടർ, മേയർ, ചീഫ് സെക്രട്ടറി, എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ യോഗം വിളിക്കാമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ യോഗമാണ് അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് അഞ്ച് മണിയിലേക്ക് മാറ്റിയത്.

ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. ഇന്നലെയാണ് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി.

വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കുന്നതിൽ ഈ മൂന്ന് വിഭാഗങ്ങൾക്കും വലിയ വീഴ്ച്ചയുണ്ടായി എന്നാണ് കോടതിയുടെ വിമർശനം. ഒപ്പംതന്നെ പ്രശ്നത്തിനുള്ള പരിഹാര നിർദേശങ്ങൾ ഇന്ന് തന്നെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അടക്കമുള്ളവർ നേരിട്ട് ഹാജരാകണമെന്നും കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ രേണു രാജ് കോടതിയിൽ നേരിട്ട് ഹാജരായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഓൺലൈനായാണ് ഹാജരായത്. കോർപ്പറേഷൻ സെക്രട്ടറിയും പി.സി.ബി ചെയർമാനും നേരിട്ടാണ് കോടതിയിൽ ഹാജരായത്. പൊതുജനാരോഗ്യമാണ് പ്രധാനമെന്നും അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button