യെദിയൂരപ്പയുടെ വിശ്വസ്തന്‍ കോണ്‍ഗ്രസില്‍; മുന്‍ എംഎല്‍എയുടെ വരവില്‍ ആത്മവിശ്വാസവുമായി ഡികെ ശിവകുമാര്‍

ബംഗളൂരു: മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തൻ യു.ബി. ബനകർ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം സ്ഥലമായ ഹാവേരിയിൽനിന്നുള്ള അദ്ദേഹത്തിന്‍റെ രാജി ബി.ജെ.പിക്ക് കനത്ത പ്രഹരമായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബനകർ കോൺഗ്രസ് സ്ഥാനാർഥിയായി ഹിരെകെറുറിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചനകൾ.

നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത് കൃഷിമന്ത്രി ബി.സി. പാട്ടീൽ ആണ്. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് ബനകറിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. ഇനിയും നിരവധി പേർ പാർട്ടിയിൽ ചേരുമെന്ന് ശിവകുമാർ പറഞ്ഞു. കോൺഗ്രസ് ഒരു ഒഴിഞ്ഞ വീടാണെന്നും ആരും കോൺഗ്രസിൽ ചേരില്ലെന്ന് പലരും പറയുന്നുണ്ട്. എന്നാൽ കോൺഗ്രസിൽ ചേരുന്നവരുടെ ഒരു നീണ്ട ലിസ്റ്റ് കയ്യിലുണ്ടെന്നും കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പറഞ്ഞു. നവംബർ ആദ്യത്തിൽ ബനകർ ബി.ജെ.പിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ ചെയർപേഴ്സൻ സ്ഥാനം, കർണാടക വീരശൈവ-ലിംഗായത്ത് വികസന കോർപറേഷൻ ഡയറക്ടർ സ്ഥാനം എന്നിവയും രാജിവെച്ചു.

94ലും 2013ലും ബനകർ ഹിരെകെറുറിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 2018ൽ കോൺഗ്രസ് സ്ഥാനാർഥിയായ ബി.സി. പാട്ടീലിനോട് പരാജയപ്പെട്ടു. എന്നാൽ പാട്ടീൽ പിന്നീട് ബി.ജെ.പിയിൽ ചേർന്നു. തുടർന്നും മണ്ഡലത്തിൽനിന്ന് പാട്ടീലിനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്. ഈ മണ്ഡലത്തിലെ ബി.ജെ.പിയുടെ മുഖവുമാണ് പാട്ടീൽ. ഇതോടെയാണ് ബനകർ ബി.ജെ.പി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button