അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം, പാഴായി എംബാപ്പെയുടെ ഹാട്രിക്

ദോഹ: ഇത് മറഡോണയ്‌ക്കുള്ള അര്‍ജന്‍റീനയുടെ കനകമുത്തം. അവന്‍റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. അർജന്റീനയ്ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36–ാം മിനിറ്റ്) വകയാണ്.

ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഐതിഹാസിക കുതിപ്പിന് നെടുനായകത്വം വഹിച്ച് മെസ്സി ഒരിക്കൽക്കൂടി ലോക ഫുട്ബോളിന്റെ താരമായെങ്കിലും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫൈനലിൽ ഹാട്രിക് നേടിയ ഫ്രഞ്ച് താരം കിലിയൻ എംബപെ സ്വന്തമാക്കി. ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസ്സി ഏഴു ഗോളുമായി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായി. ഫൈനലിലും ഗോൾ നേടിയതോടെ, ഒരേ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന അതുല്യ നേട്ടവും മെസ്സിക്കു സ്വന്തം. മാത്രമല്ല,

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വർഷത്തിനിപ്പുറം ലോകകപ്പ് വേദിയിലെ 36 വർഷം നീണ്ട കിരീടവരൾച്ചയ്ക്കും രാജകീയമായി വിരാമമിട്ടു. ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തറിലെ കിരീടവിജയത്തോടെ അർജന്റീനയ്ക്ക് സമ്മാനത്തുകയായി 347 കോടി രൂപ ലഭിക്കും. നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കയ്യിലെടുത്ത ട്രോഫി അർജന്റീനയ്ക്ക് കൈമാറി രണ്ടാം സ്ഥാനത്തേക്ക് മാറുന്ന ഫ്രാൻസിന് 248 കോടി രൂപയും ലഭിക്കും. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഖത്തറിലെത്തിയത്. 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും അവർ ജേതാക്കളായിരുന്നു.

∙ ഗോളുകൾ വന്ന വഴി

അർജന്റീന ആദ്യ ഗോൾ: മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇടതു വിങ്ങിൽ അപകടകരമായ ഒട്ടേറെ നീക്കങ്ങൾ സംഘടിപ്പിച്ച എയ്ഞ്ചൽ ഡി മരിയയുടെ മറ്റൊരു നീക്കമാണ് അർജന്റീനയുടെ ആദ്യഗോളിനു വഴിയൊരുക്കിയത്. ഫ്രഞ്ച് ബോക്സിലേക്ക് അർജന്റീന താരങ്ങൾ നടത്തിയ മുന്നേറ്റത്തിനിടെ പന്ത് ജൂലിയൻ അൽവാരസിൽനിന്ന് വലതു വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയിലേക്ക്. ബൈലൈനു സമീപത്തുനിന്ന് പന്തു വീണ്ടെടുത്ത് ഒസ്മാൻ ഡെംബലെയെ കബളിപ്പിച്ച് മുന്നോട്ടുകയറിയ മരിയയെ, പിന്നാലെയെത്തിയ ഡെംബെലെ വീഴ്ത്തി. യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുത്ത മെസ്സി ഒരിക്കൽക്കൂടി യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0.

അർജന്റീന രണ്ടാം ഗോൾ: ആദ്യ ഗോളിന്റെ ആവേശത്തിൽ വർധിതവീര്യത്തോടെ പൊരുതിയ അർജന്റീന 10 മിനിറ്റ് കൂടി പിന്നിടുമ്പോഴേയ്ക്കും ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ആദ്യ ഗോളിനു കാരണമായ പെനൽറ്റി നേടിയെടുത്ത എയ്‍ഞ്ചൽ ഡി മരിയ. ആദ്യ ഗോളിനു കാരണമായത് ഒസ്മാൻ ഡെംബെലെയുടെ പിഴവെങ്കിൽ, ഇത്തവണ പിഴവു വരുത്തിയത് ദെയോ ഉപമികാനോ. ഫ്രഞ്ച് മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോളിന്റെ പിറവി. പന്തുമായി മുന്നേറിയ ലയണൽ മെസ്സി മുന്നിൽ ഓടിക്കിയറിയ മാക് അലിസ്റ്ററിനു പന്തു മറിച്ചു. ഷോട്ടെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ബോക്സിന്റെ ഇടതുഭാഗത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡി മരിയയ്ക്ക് അലിസ്റ്റർ പന്തു മറിച്ചു. അപകടം മണത്ത് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുന്നോട്ടു കയറിയെത്തിയെങ്കിലും എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഫിനിഷിൽ പന്തു വലയിൽ കയറി. സ്കോർ 2–0.

ഫ്രാൻസ് ആദ്യ ഗോൾ: മത്സരം അവസാന പത്ത് മിനിറ്റിലേക്ക് കടന്നതോടെ അർജന്റീന വിജയമുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിത ട്വിസ്റ്റുമായി ഫ്രാൻസ് ഒരു ഗോൾ മടക്കിയത്. ആദ്യപകുതിയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് പരിശീലകൻ ടീമിൽ വരുത്തിയ മാറ്റങ്ങളാണ് നിർണായകമായത്. പന്തുമായി പകരക്കാരൻ താരം കോളോ മുവാനി നടത്തിയ മുന്നേറ്റം അർജന്റീന ബോക്സിലേക്കു കടന്നതിനു പിന്നാലെ നിക്കൊളാസ് ഒട്ടാമെൻഡിയുടെ ഫൗൾ. മുവാനിയെ വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത കിലിയൻ എംബപെ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–1.

ഫ്രാൻസ് രണ്ടാം ഗോൾ: ആദ്യ ഗോളിന്റെ ആരവമടങ്ങും മുൻപേ ഫ്രാൻസ് രണ്ടാം ഗോളും നേടി. ആദ്യ ഗോൾ പെനൽറ്റിയിൽ നിന്നെങ്കിൽ രണ്ടാം ഗോൾ കിലിയൻ എംബപെയുടെ കിടിലൻ ഫിനിഷിൽനിന്ന്. ഇത്തവണയും ഫ്രാൻസിന്റെ ഗോളിനു വഴിയൊരുക്കിയത് മറ്റൊരു പകരക്കാരൻ. മധ്യവരയ്ക്കു സമീപത്തുനിന്നും പന്തു വീണ്ടെടുത്ത് പകരക്കാരൻ താരം കിങ്സ്‍ലി കോമന്റെ മുന്നേറ്റം. മുന്നേറ്റത്തിനിടെ പന്ത് ഇടതുവിങ്ങിലേക്ക് മാറ്റി കിലിയൻ എംബപെയിലേക്ക്. താരം നീട്ടിനൽകിയ പന്തുമായി മാർക്കസ് തുറാം മുന്നോട്ട്. തൊട്ടുപിന്നാലെ തിരിച്ചെത്തിയ പന്തിലേക്ക് വീണ് എംബപെയുടെ കിടിലൻ ഫിനിഷ്. പന്ത് വലയിൽ. സ്കോർ 2–2.

അർജന്റീന മൂന്നാം ഗോൾ: രണ്ടു മിനിറ്റിനിടെ ഇരട്ടഗോൾ നേടി ഫ്രാൻസ് നടത്തിയ തിരിച്ചുവരവിനു പിന്നാലെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ വീണ്ടും ഗോളാരവമുയർന്നത് 108–ാം മിനിറ്റിൽ.ഗോളൊഴിഞ്ഞ എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ലയണൽ മെസ്സിയിലൂടെ അർജന്റീന ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ബോക്സിലേക്ക് അർജന്റീന നടത്തിയ മുന്നേറ്റത്തിനൊടുവിൽ പകരക്കാരൻ താരം ലൗട്ടാരോ മാർട്ടിനസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ ലോറിസ് തടഞ്ഞു. പക്ഷേ പന്ത് കയ്യിലൊതുക്കാനാകാതെ പോയതോടെ റീബൗണ്ട് ലയണൽ മെസ്സിയിലേക്ക്. മെസ്സിയുടെ ഷോട്ട് ഉപമികാനോ തടഞ്ഞെങ്കിലും ഗോൾവരയ്ക്കുള്ളിൽനിന്നായതിനാൽ അർജന്റീനയ്ക്ക് മൂന്നാം ഗോൾ… സ്കോർ 3–2.

ഫ്രാൻസ് മൂന്നാം ഗോൾ: എക്സ്ട്രാ ടൈമിൽ ലയണൽ മെസ്സി നേടിയ ഗോളിന് വീണ്ടും കിലിയൻ എംബപെയിലൂടെ ഫ്രാൻസിന്റെ തകർപ്പൻ മറുപടി. എക്സ്ട്രാ ടൈമിന്റെ 108–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിന്, 118–ാം മിനിറ്റിലാണ് കിലിയൻ എംബപെയിലൂടെ ഫ്രാൻസ് മറുപടി നൽകിയത്. സ്വന്തം ബോക്സിനുള്ളിൽ അർജന്റീന താരം മോണ്ടിയൽ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബപെ ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചത്. ഇതോടെ എംബപെ ഹാട്രിക്കും തികച്ചു. സ്കോർ 3–3.

∙ ആദ്യപകുതി അർജന്റീനയ്ക്ക്

മത്സരത്തിന്റെ ആദ്യപകുതിയിൽ വ്യക്തമായ മേധാവിത്തം പുലർത്തിയാണ് അർജന്റീന രണ്ടു ഗോളിന്റെ ലീഡു നേടിയത്. ആദ്യപകുതിയിൽ ഫ്രാൻസിന് ഒരു കോർണർ പോലും നേടിയെടുക്കാനായില്ല എന്നത് അർജന്റീന പുലർത്തിയ മേധാവിത്തത്തിന്റെ നേർക്കാഴ്ചയായി. ആരാധക ലക്ഷങ്ങളുടെ പ്രതീക്ഷകളുടെ ഭാരവുമായിറങ്ങിയ അർജന്റീന മേധാവിത്തം പുലർത്തുന്ന കാഴ്ചയോടെയാണ് മത്സരത്തിനു തുടക്കമായത്. മൂന്നാം മിനിറ്റിൽത്തന്നെ ഗോളിലേക്ക് അർജന്റീന ആദ്യ ഷോട്ടും പായിച്ചു. ഡിപോൾ ഓടിക്കയറിയ അൽവാരസിനു പാകത്തിന് ഉയർത്തി നൽകിയ പന്ത് ഹ്യൂഗോ ലോറിസ് കയ്യിലൊതുക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ സ്വന്തമാക്കിയതും അർജന്റീന തന്നെ.

14–ാം മിനിറ്റിലാണ് ഫ്രാൻസ് അർജന്റീന ബോക്സിലേക്ക് അപകടകരമായി ആദ്യ മുന്നേറ്റം സംഘടിപ്പിക്കുന്നത്. അഡ്രിയാൻ റാബിയോയ്ക്ക് പന്തു കൈമാറി മുന്നോട്ടു കയറിയ കിലിയൻ എംബപെയെ പന്തിലേക്ക് എത്തുന്നതിൽനിന്ന് അർജന്റീന പ്രതിരോധം തടഞ്ഞു. ഇടതുവിങ്ങിൽ എയ്ഞ്ചൽ ഡി മരിയയുടെ മുന്നേറ്റങ്ങൾ ഫ്രാൻസിനെ വിറപ്പിക്കുന്നതും ആദ്യപകുതിയുടെ തുടക്കത്തിലെ കാഴ്ചയായിരുന്നു. 17–ാം മിനിറ്റിൽ ഫ്രഞ്ച് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് മെസ്സി നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിന്റെ നടുവിൽ പന്തു ലഭിച്ച ഡി മരിയ, അത് ക്രോസ് ബാറിനും ഏറെ മുകളിലൂടെ പായിച്ചു.

19–ാം മിനിറ്റിൽ അടുത്ത സുവർണാവസരം ഫ്രാൻസിന്. ഇടതുവിങ്ങിലൂടെ അർജന്റീന ബോക്സ് ലക്ഷ്യമാക്കി നീങ്ങിയ തിയോ ഹെർണാണ്ടസിനെ ബോക്സിനു തൊട്ടുവെളിയിൽ വീഴ്ത്തിയതിന് ഫ്രാൻസിന് ഫ്രീകിക്ക്. കിക്കെടുത്ത അന്റോയ്ൻ ഗ്രീസ്മൻ പന്ത് അർജന്റീന ബോക്സിലേക്ക് ഉയർത്തിവിച്ചെങ്കിലും ഒളിവർ ജിറൂദിന്റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

ഇതിനിടെയാണ് ഒരിക്കൽക്കൂടി അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചതും മെസ്സി ലക്ഷ്യം കണ്ടതും. ആദ്യ ഗോൾ നേടിയതോടെ വർധിത വീര്യം പ്രകടമാക്കിയ അർജന്റീന നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നാണ് രണ്ടാം ഗോളിന്റെ പിറവി. ആദ്യപകുതിയിലുടനീളം തകർത്തുകളിച്ച എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു ഈ ഗോൾ. ഇതിനു പിന്നാലെ അപകടം മണത്ത ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം ഒളിവർ ജിറൂദ്, ഒസ്മാൻ ഡെംബെലെ എന്നിവർ പിൻവലിച്ച കോളോ മുവാനി, മാർക്കസ് തുറാം എന്നിവരെ കളത്തിലിറക്കി.

∙ ഫ്രാൻസിന്റെ രണ്ടാം പകുതി

ആദ്യപകുതിയിൽ കളി പൂർണമായും കൈവിട്ടുപോയതോടെ രണ്ടാം പകുതിയിൽ ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം വരുത്തിയ മാറ്റങ്ങളാണ് കളിയുടെ ഗതി തിരിച്ചത്. ആക്രമണവീര്യം പൂർണമായും കൈവിട്ടില്ലെങ്കിലും അർജന്റീന അൽപം പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ, ഫ്രാൻസ് പോരാട്ടം കനപ്പിച്ചു. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം അകന്നുപോയതോടെ ഇത് അർജന്റീനയുടെ ദിനമാണെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി എംബപെയുടെ അവതാരം.

80–ാം മിനിറ്റിൽ കോളോ മുവാനിയെ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ട എംബപെ, തൊട്ടടുത്ത മിനിറ്റിൽ വീണ്ടും ഗോളടിച്ചു. സമനില ഗോളിനു പിന്നാലെ വിജഗോളിനായി ഫ്രാൻസ് ആഞ്ഞടിച്ചതോടെ മത്സരം കൂടുതൽ ആവേശകരമായി. ഇൻജറി ടൈമിൽ കോളോ മുവാനിയുടെ ഗോൾശ്രമം തടഞ്ഞ് എമിലിയാനോ മാർട്ടിനസ് അർജന്റീനയെ രക്ഷിച്ചു. പിന്നാലെ ലയണൽ മെസ്സിയുടെ ബുള്ളറ്റ് ഷോട്ട് തട്ടിയകറ്റി ഹ്യൂഗോ ലോറിസ് ഫ്രാൻസിന്റെയും രക്ഷകനായി.

∙ സമ്പൂർണ ടീമുമായി ഫ്രാൻസ്, അർജന്റീന

ലോകകപ്പ് ഫൈനലിനു മുൻപ് പ്രചരിച്ച സകല അഭ്യൂഹങ്ങൾക്കും വിടനൽകി സമ്പൂർണ ടീമിനെയാണ് നിർണായക മത്സരത്തിൽ ഇരു ടീമുകളും കളത്തിലിറക്കിയത്. പനി മൂലം മൊറോക്കോയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ കളത്തിലിറങ്ങാതിരുന്ന അഡ്രിയാൻ റാബിയോ, ഉപമെകാനോ തുടങ്ങിയവരെല്ലാം ഫ്രാൻസിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. സെമിയിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം വരുത്തിയത്. യൂസഫ് ഫൊഫാന, ഇബ്രാഹിമ കൊനാട്ടെ എന്നിവരെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റി റാബിയോയും ഉപമികാനോയും ആദ്യ ഇലവനിലെത്തി. കായികക്ഷമതയുടെ കാര്യത്തിൽ സംശയങ്ങൾ ഉയർന്ന ഒളിവർ ജിറൂദും റാഫേൽ വരാനും ഉൾപ്പെടെയുള്ളവർ ഫ്രഞ്ച് നിരയിലുണ്ട്.

സെമിയിൽ കളിച്ച ടീമിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോനി വരുത്തിയത് ഒരേയൊരു മാറ്റം. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇതാദ്യമായി അർജന്റീനയുടെ ആദ്യ ഇലവനിലേക്ക് എയ്ഞ്ചർ ഡി മരിയ തിരിച്ചെത്തി. ഇതോടെ ബെഞ്ചിലേക്കു മാറിയത് ലിയാൻഡ്രോ പരേദസ്. സസ്പെൻഷനു ശേഷം തിരിച്ചെത്തിയ മാർക്കോസ് അക്യൂനയ്ക്കു പകരം ടഗ്ലിയാഫിക്കോയെ പരിശീലകൻ ലയണൽ സ്കലോനി നിലനിർത്തിയതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button