കുട്ടികളെ പരിശീലിപ്പിക്കാൻ താൽപര്യം; അർജന്റീന സംഘം കേരളത്തിലെത്തും

ന്യൂഡൽഹി∙ അർജന്റീനയുടെ ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും ആരാധകർ ഇന്ത്യ മുഴുവനുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് അർജന്റീന എംബസി കൊമേഴ്സ്യൽ മേധാവി ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെ നന്ദി അറിയിക്കുന്നതിന് കേരള ഹൗസിൽ എത്തിയതായിരുന്നു അദ്ദേഹം.

കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ, കൺട്രോളർ സി.എ. അമീർ, ഇൻഫർമേഷൻ ഓഫിസർ സിനി കെ. തോമസ് എന്നിവർ ചേർന്ന് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ സ്വീകരിച്ചു. കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ട്. അർജന്റീനയുടെ അംബാസഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ വിഡിയോ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി വീക്ഷിച്ചു. അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെയും ആഹ്ലാദ പ്രകടനത്തിന്റെ ചിത്രങ്ങൾ ചേർത്ത് തയാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. തുടർന്ന് അർജന്റീന ആരാധകരോടൊപ്പം ഫുട്ബോൾ കളിച്ച ശേഷമാണ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button