കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; പാലക്കാട് 48കാരൻ ജീവനൊടുക്കി

Story Highlights
  • ചെളി കാരണം വിളവെടുപ്പിന് പ്രായമായ പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിഞ്ഞിരുന്നില്ല

പാലക്കാട്: ചിറ്റൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത്. 48 വയസായിരുന്നു. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയിരുന്നില്ല. ഇതിൽ ഏറെ  അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാർ പറയുന്നു. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി ചെയ്തത്. 15 ദിവസം മുൻപ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാൽ ഇത് തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.

ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. 60 വയസായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു. ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button