
തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന മകന്‍ അനില്‍ ആന്റണിയെ തള്ളി എ.കെ.ആന്റണി. ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും വികാരനിര്‍ഭരനായി ആന്റണി പറഞ്ഞു. ഇപ്പോള്‍ പറഞ്ഞതല്ലാതെ അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യോത്തരങ്ങള്‍ക്കും പ്രതികരണത്തിനും ഞാന്‍ തയ്യാറല്ലെന്നും ആന്റണി വ്യക്തമാക്കുകയും ചെയ്തു.
കോണ്‍ഗ്രസ് ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന അനില്‍ ആന്റണിയുടെ വിമര്‍ശനങ്ങള്‍ക്കും ആന്റണി മറുപടി നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാം. ആ കുടുംബത്തോടായിരിക്കും എപ്പോഴും തന്റെ കൂറെന്നും ആന്റണി അടിവരയിട്ടു പറഞ്ഞു. കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ ബിജെപി പ്രവേശനത്തില്‍ നിലപാട് വിശദീകരിച്ച ആന്റണി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മടങ്ങുകയും ചെയ്തു.
ആന്റണിയുടെ വാക്കുകള്‍…
ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം എനിക്ക് വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായി എന്നാണ് പറയാനുള്ളത്. ഇന്ത്യാ രാജ്യത്തിന്റെ ഐക്യവും അതിന്റെ ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. 2014- മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്. 2019-ന് ശേഷം നാനാതത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം ദുര്‍ബലമായി. മത-സാമുദായിക സൗഹാര്‍ദം തര്‍ന്നുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബിജെപിയുടേയും ആര്‍എസ്എസിന്റേയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവുംവേണ്ട.
എല്ലാ ഇന്ത്യക്കാരേയും വേര്‍തിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്‌റുകുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി ഞാന്‍ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തില്‍ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.
എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാള്‍ ഇനി ജീവിക്കും എന്നതറിയില്ല. ദീര്‍ഘായുസ്സില്‍ എനിക്ക് താത്പര്യവുമില്ല. എത്രനാള്‍ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ ആയിട്ടായിരിക്കും.ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യത്തോരങ്ങള്‍ക്കും ഒരിക്കല്‍ പോലും ഞാന്‍ തയ്യാറാകില്ല. ഇത് സംബന്ധിച്ച് എന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ്.