ട്രാഫിക് നിയമലംഘകരെ ശ്രദ്ധിക്കുക ; AI ക്യാമറകള്‍ സജ്ജം

തിരുവനന്തപുരം∙ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ സമഗ്ര ഭരണാനുമതി. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറയ്ക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി  കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന്  മുൻപ്  ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ തലവനും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിനു കീഴിലെ ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് ഐടി /കംപ്യൂട്ടർ വിഭാഗത്തിലെ ഒരു അധ്യാപകനും ഉൾപ്പെടുന്ന സേഫ് കേരള പ്രോജക്റ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

കേടായ ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പൊലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പൊലീസ് വകുപ്പിന് ആവശ്യാനുസരണം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ വിഡിയോ ഫീഡും മറ്റ് ഡാറ്റയും പൊലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും. ഇതിന്റെ ഏകോപനത്തിന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

സം‌സ്ഥാനത്തെ ദേശീയ, സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇതിൽ 675 ക്യാമറകള്‍ ഹെല്‍‌മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍‌റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍‌ത്താതെ പോകുന്ന വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും.

അനധികൃത പാര്‍‌ക്കിങ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകള്‍, അമിത വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്ന 4 ക്യാമറകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന 18 ക്യാമറകള്‍ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. 14 ജില്ലകളിലും കണ്‍‌ട്രോള്‍ റൂമുകളും സ്ഥാപിക്കും.

തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലകള്‍. മിക്ക ജില്ലകളിലും നാല്‍പതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പിഴ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റും അടയ്ക്കന്നതിന് 30 ദിവസം വരെ സമയമുണ്ട്. നിശ്ചിത സമയം കഴിഞ്ഞും പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തും.

പിഴത്തുക

  • ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചാല്‍ – 500 രൂപ.
  • യാത്രചെയ്യുന്ന രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ – 1,000 രൂപ.
  • രണ്ടില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ സഞ്ചരിച്ചാല്‍- 1,000.
  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിച്ചാല്‍- 2,000

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button