‘പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ സ്വീകരിക്കണമായിരുന്നു’: അടൂര്‍ ഗോപാലകൃഷ്ണന്‍

Story Highlights
  • മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു
10 - September - 2022

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ (Rahul Gandhi) കേരളാതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (Adoor Gopalakrishnan). ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടിയും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലെത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അടൂര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, തക്യാവില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ഷാഫി പറമ്പിലിടൊപ്പം ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.

സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 3570 കിലോമീറ്റര്‍ പിന്നിട്ട് ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok