തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരമായ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരവേ ലോകം ഇന്ന് അന്തര്‍ദേശീയ ബാലികാ ദിനം ആചരിക്കുകയാണ്. വീട്ടി...

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരമായ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരവേ ലോകം ഇന്ന് അന്തര്‍ദേശീയ ബാലികാ ദിനം ആചരിക്കുകയാണ്. വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് ഇരയായി ചെറിയ പ്രായത്തില്‍ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ മുതല്‍ ഒന്നും പുറത്ത് പറയാനാകാതെ ഭീതിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍വരെ നമുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ പല പ്രശ്നങ്ങളും കൃത്യസമയത്ത് കണ്ടെത്താന്‍ രക്ഷാകര്‍ത്താക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ കഴിയാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.
ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.
അന്തർദേശീയ ബാലികാ ദിനത്തിൽ ആദരപൂർവം
സുരക്ഷഉറപ്പാക്കുന്നതിൽ സമൂഹം പരാജയപ്പെട്ടു
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംവിധാനങ്ങൾ അലംഭാവം കാട്ടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ ഓരോ സംഭവങ്ങൾ അറിയുമ്പോൾ വിഷമം തോന്നാറുണ്ട്. രാത്രികളിലെന്നല്ല പകലുപോലും സ്വതന്ത്രമായി സഞ്ചരിക്കാൻ പെൺകുട്ടികൾ മടിക്കുന്നത് അവരുടെ ശാരീരികമായ പരിമിതികൾകൊണ്ടല്ല, അതിനുവേണ്ട സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സമൂഹവും അധികാരികളും പരാജയപ്പെടുന്നത് കൊണ്ടാണ്.സൈബർ ലോകത്തും സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ വർദ്ധിക്കുകയാണ്. യു ട്യൂബിലൂടെയോ ഫേസ്ബുക്കിലൂടെയോ സ്ത്രീകളെ അധിക്ഷേപിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പൊതുബോധ്യം ഉണ്ടെങ്കിൽ മാത്രമേ അതിന് അവസാനമുണ്ടാവുകയുള്ളൂ.
സയന പി.ഒ, അത്ലറ്റിക്സ് താരം
തുല്യതയല്ല, വേണ്ടത് പരസ്പര ബഹുമാനം
പ്ളസ് ടു കഴിഞ്ഞപ്പോഴാണ് ഞാൻ കായികരംഗത്തേക്ക് ഇറങ്ങുന്നത്. മാതാപിതാക്കൾക്കും സഹോദരിക്കും കായിക പാരമ്പര്യം ഉള്ളതിനാൽ നല്ല പ്രോത്സാഹനമാണ് വീട്ടുകാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും ലഭിച്ചത്. ഒരു പെൺകുട്ടിയായതിനാൽ വേർതിരിവ് കാട്ടിയ അനുഭവമില്ല. നമ്മുടെ നാട്ടിൽ കായിക രംഗത്തേക്ക് പെൺകുട്ടികൾക്ക് കടന്നുവരാൻ പ്രയാസങ്ങൾ ഉണ്ടെന്ന് പറയാനാവില്ല.
ശാരീരികമായ വ്യത്യാസങ്ങൾ അംഗീകരിച്ചേ മതിയാകൂ. തുല്യതയെക്കാൾ ഉപരി ബഹുമാനമാണ് നൽകേണ്ടത്. ആണെന്നോ പെണ്ണെന്നോ ട്രാൻസ്ജെൻഡറെന്നോ വ്യത്യാസമില്ലാതെ ഓരോ വ്യക്തിയെയും അംഗീകരിക്കാനും ബഹുമാനിക്കാനും നമ്മുടെ സമൂഹത്തിന് കഴിയണം.
വി.കെ. വിസ്മയ, അന്താരാഷ്ട്ര അത്ലറ്റ്, ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ്
മോഡേൺ വസ്ത്രം ധരിച്ചാൽ മോശക്കാരിയാകും
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹൃദമായി പെരുമാറുന്നയാളാണ് ഞാൻ. പക്ഷേ,അതേ രീതിയിൽ പലരും കാണുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമേ പുരോഗമനം പറയുന്ന പുതുതലമുറയിലെ ഭൂരിഭാഗം യുവാക്കളും മനസിൽ സദാചാര പൊലീസിന് സല്യൂട്ടടിക്കുന്നവരാണ്. ഏതെങ്കിലും ആണിനോട് അടുത്തിടപഴകിയാൽ അവൾ പോക്കാണെന്നും മറ്റും മറ്റുള്ളവരോട് പറഞ്ഞ് നമ്മളെ മോശക്കാരാക്കുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. പഴയ തലമുറയിൽപ്പെട്ടവരെ നമ്മൾ കുറ്റംപറയുമ്പോഴാണ് പുതുതലമുറയിലുള്ളവർക്കും ഒരുമാറ്റവുമുണ്ടായിട്ടില്ലെന്ന് മനസിലാകുന്നത്. മോഡേൺ വസ്ത്രം ധരിച്ചാൽ മോശക്കാരിയാക്കും. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇവിടുത്തെ സദാചാര ചേട്ടന്മാർ നൽകുന്നില്ല.
പെണ്ണല്ലേയെന്ന് പറഞ്ഞ് മാറ്റിനിറുത്തുന്ന മനോഭാവം മാറണം. പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുന്നവരാണ് ഏറെയും. ആണിനും പെണ്ണിനും സമൂഹം തുല്യപ്രാധാന്യം നൽകണം.

COMMENTS