ഊരാളുങ്കൽ സംവാദത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി. വി ഡി സതീശന്റെ ചില ചോദ്യങ്ങൾക്ക് മറുപടി പറയണം എ...
ഊരാളുങ്കൽ സംവാദത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി. വി ഡി സതീശന്റെ ചില ചോദ്യങ്ങൾക്ക് മറുപടി പറയണം എന്നാണ് തോമസ് ഐസക് ആവശ്യപ്പെടുന്നത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുക തന്നെ ചെയ്യും. ഒളിച്ചോടില്ല. ആന എന്ന് പറഞ്ഞാൽ ചേന എന്ന് കേൾക്കുകയുമില്ല.
ഊരാളുങ്കൽ സംവാദത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി.
1. അഡ്വാൻസിംഗ് റൂൾ അതോറിറ്റി ക്വാസി ജുഡീഷ്യൽ ഫോറമാണ്. സർക്കാരിന് ഇടപെടാൻ പറ്റില്ല. സതീശൻ ഇപ്പോൾ അഭിപ്രായം മാറ്റി.
ഉത്തരം: അതോറിറ്റിയുടെ മാത്രമല്ല, ഒരു ജി എസ് ടി ഓഫീസറുടെ അസസ്മെന്റിൽ പോലും ഇടപെടാൻ പറ്റില്ല. അപ്പീൽ പോകണം. അതാണ് സർക്കാർ ഇടപെടൽ. ഇവിടെ ഊരാളുങ്കൽ വിഷയത്തിൽ സർക്കാർ അവരെക്കാളും വാശിയോടെ അവർക്ക് വേണ്ടി നിൽക്കുന്നു.
2. ഇത് സതീശനാണ് എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഉത്തരം: ഞാൻ പേഴ്സണൽ സ്റ്റാഫിനെ കൊണ്ട് fb പോസ്റ്റ് എഴുതിക്കാറില്ല. ഐസക്ക് അങ്ങിനെ ചെയ്യുന്നതു കൊണ്ടാണ് ജിഎസ്ടി പിരിച്ചാൽ പകുതിപ്പണം കേന്ദ്രത്തിന് പോകും. അത് കൊണ്ട് നികുതി പിരിക്കണ്ട എന്നെഴുതിയത്.
ആ നയമാണ് സർക്കാരിന്റേതെങ്കിൽ പൊതുമരാമത്ത് വകുപ്പിലെ ഉൾപ്പെടെ വർക്ക്സ് കോൺട്രാക്റ്റിന് ജി എസ് ടി പിരിക്കരുത്. കാരണം വർക്കിലെ ജി എസ് ടി കൊടുക്കുന്നത് സംസ്ഥാന സർക്കാരാണ്. പകുതി പണം പോകുന്നത് കേന്ദ്രത്തിലേക്കുമാണ്.
3.pure service എന്താണ് എന്ന് അദ്ദേഹം വിശദമാക്കുന്നു. ഊരാളുങ്കലിന് നികുതി ഒഴിവാക്കിയത് സാധനങ്ങൾ സപ്ലൈ ചെയ്യാതെ സംസ്ക്കാരിക വകുപ്പിൽ ട്രെയിനിംഗ് കൊടുക്കുന്നതിനാണ് സർവ്വീസ് കരാർ.
ഉത്തരം:- ഊരാളുങ്കൽ ലേബർ കോൺ ട്രാക്ടിംഗ് സൊസൈറ്റി കലാകാരന്മാർക്ക് ട്രെയിനിംഗ് വരെ കൊടുക്കുന്ന ഇത്ര വലിയ സ്ഥാപനമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. പക്ഷെ അവർ കൊടുത്ത ജി എസ് ടി പ്രൊഫൈൽ നമ്പറിൽ ഇത്തരം ഒരു സർവ്വീസ് നൽകുന്ന കാര്യം അവർ പറഞ്ഞിട്ടില്ല. ആ രേഖ ഞാൻ വേണമെങ്കിൽ ഹാജരാക്കാം.
4.16 കോടിയുടെ ക്രാഫ്റ്റ് വില്ലേജെന്ന് പറഞ്ഞു. ശരിക്കും 3 കോടിയുടെ " കലാകാരന്മാർക്കുള്ള ട്രെയിനിംഗ്" മാത്രമേയുള്ളൂ.
ഉത്തരം:- ഇത് ഞാനാണോ ആദ്യം പറഞ്ഞത്. അങ്ങ് അങ്ങയുടെ തന്നെ പോസ്റ്റ് വായിച്ചു നോക്കണം. ഊരാളുങ്കൽ വടകരയിലും വെള്ളാറിലും ഉണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയിക്കാണണം. അത് അവർ നടത്തുന്ന സാംസ്ക്കാരിക പ്രവർത്തനമാണ് എന്നാണ് ഉദാഹരിച്ചിരുന്നത്. ഇപ്പോൾ പറയുന്നു ഈ സാംസ്ക്കാരിക പ്രവർത്തനം നേരത്തെ തുടങ്ങിയതാണ്. അത് ഇപ്പോഴത്തെ അതോറിറ്റി ഉത്തരവിൽ വരില്ലത്രെ.
സാംസ്ക്കാരിക വകുപ്പ് സാംസ്കാരിക പ്രവർത്തനം നടത്താൻ ഊരാളുങ്കലിന് കൊടുത്ത വർക്ക് ഓർഡർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസിദ്ധപ്പെടുത്താൻ ദയവു ചെയ്ത് അങ്ങ് തയ്യാറാകണം.
തോമസ് ഐസക്കിന്റെ fb പോസ്റ്റ്..
ഊരാളുങ്കൽ സൊസൈറ്റിക്ക് നികുതി ഇളവു കൊടുത്തു എന്ന് പറഞ്ഞ് വി.ഡി. സതീശന് എംഎൽഎ ഇട്ട പോസ്റ്റിനോട് ഞാൻ പ്രതികരിച്ചിരുന്നുവല്ലോ? എൻ്റെ പ്രതികരണത്തിന് അദ്ദേഹം ഇപ്പോള്‍ ചില ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു.
അഡ്വാൻസ് റൂളിംഗ് അതോറിട്ടി നികുതി ഒഴിവാക്കി കൊടുത്തപ്പോൾ സർക്കാർ നിലപാട് എന്തായിരുന്നു? അതോറിറ്റിയില്‍ ഒരാൾ സംസ്ഥാന നികുതി വകുപ്പ് ജോയിൻ്റ് കമ്മീഷണര്‍ അല്ലേ എന്നതാണ് അദ്ദേഹം ഉയർത്തുന്ന ആദ്യ ചോദ്യം. ഞാന്‍ ഒന്ന് ചോദിക്കട്ടെ. സതീശന് ആദ്യ പോസ്റ്റിൽ ഉന്നയിച്ച ആരോപണം എന്തായിരുന്നു? ഊരാളുങ്കലിനു നികുതി ഇളവു നൽകി സംസ്ഥാന ജി.എസ്.ടി വകുപ്പ് ഉത്തരവ് ഇറക്കി എന്നും അത് അടിയന്തിരമായി പിൻവലിക്കണം എന്നുമായിരുന്നില്ലേ? ഇത് അഡ്വാൻസ് റൂളിംഗ് അതോറിറ്റിയുടെ ഉത്തരവാണ് എന്ന് പറഞ്ഞതോടെ അദ്ദേഹം ഒന്നു കാലം മാറ്റി ചവിട്ടിയിട്ടുണ്ട്. നിങ്ങളുടെ ഉദ്യോഗസ്ഥനല്ലേ അതില്‍ ഒരംഗം എന്നതാണ് ഇപ്പോള്‍ ചോദ്യം.
അഡ്വാൻസ് റൂളിംഗ് അതോറിറ്റിയും അതിൻ്റെ അപ്പീല്‍ അതോറിറ്റിയും അർദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതില്‍ അംഗങ്ങളാകുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ നിർവ്വഹിക്കുന്നത് ജുഡീഷ്യല്‍ അധികാരമാണ്. ഈ അതോറിറ്റികൾക്ക് സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരമുള്ള സിവില്‍ കോടതികളുടെ അധികാരമാനുള്ളത്. അത് പ്രവർത്തിക്കേണ്ട രീതി ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ അതോറിറ്റിയിലെ സർക്കാർ ഉദ്യോഗസ്ഥന് സർക്കാർ നിർദ്ദേശം കൊടുക്കക സാധ്യമല്ല എന്ന് സതീശന് അറിയാത്തതല്ല. വീണെടുത്തു കിടന്ന് ഉരുളുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്.
നികുതി ഇല്ലാതാക്കണം എന്ന് തീരുമാനിച്ചു എന്നതാണ് വി.ഡി. സതീശന് നിരന്തരം നടത്തുന്ന പ്രയോഗം. ഇത് മനപൂർവ്വം എഴുതുന്നതാണെന്ന് എനിക്ക് അറിയാം. നികുതി ഉണ്ടായിരുന്നു. അത് ഇളവു ചെയ്തു എന്ന് തോന്നിക്കണം. അതാണ് വിദ്യ. എന്താണ് അഡ്വാൻസ് റൂളിംഗ് എന്നത്? അത് ഞാന്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയതാണ്. നികുതി ബാധ്യത സംബന്ധിച്ച് ആദ്യം തന്നെ വ്യക്തത വരുത്തി നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ ആക്കാനുള്ള ഒരു നിയമ വ്യവസ്ഥയാണത്. ഊരാളുങ്കലിന് സാംസ്കാരിക വകുപ്പ് നൽകിയ ഒരു സേവന കരാര്‍ നികുതി വിധേയമാണോ എന്നതാണ് ഇവിടെ വന്ന ചോദ്യം? അവര്‍ നൽകുന്ന സേവനം pure service എന്ന ഗണത്തിൽപ്പെടുന്നതാണെന്നും കേന്ദ്ര ജി.എസ്.ടി വകുപ്പിൻ്റെ 2017ലെ വിജ്ഞാപനം അനുസരിച്ച് അത് നികുതി വിധേയമല്ല എന്നതുമാണ് അതോറിറ്റിയുടെ തീർപ്പ്.
അവരുടേത് എന്ത് സർവ്വീസ് എന്നാണ് സതീശന് ചോദിക്കുന്നത്. അവര്‍ കാശ് വാങ്ങിയല്ലേ ജോലി ചെയ്യുന്നത്. അതിന് സർവ്വീസ് എന്ന് എങ്ങനെ പറയും? പ്രതിഫലം ഇല്ലാതെ ചെയ്യുന്നതല്ലേ സർവ്വീസ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇത് സതീശന് എഴുതിയതാവില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ജി.എസ്.ടി എന്നാല്‍ ചരക്കുസേവന നികുതിയെന്നാണ്. ചരക്കുകൾക്കും സേവനങ്ങൾക്കും മേലുള്ള നികുതി. നേരത്തെ ഉണ്ടായിരുന്ന service tax കൂടി ചേർത്ത സംയോജിത നികുതി. സേവനങ്ങൾക്ക് പ്രതിഫലം നൽകുന്നതിന്മേലുള്ള നികുതിയാണിത്.
പ്രതിഫലേച്ഛയില്ലാതെ സാമൂഹ്യസേവനം പോലെ പണം വാങ്ങാതെ നൽകുന്ന സേവനങ്ങളല്ല ജി.എസ്.ടി.യിലെ pure service. ചരക്കു കൈമാറ്റം ഒട്ടും ഇല്ലാത്ത സേവനങ്ങളെയാണ് ജി.എസ്.ടി.യുടെ ഭാഷയിൽ pure service എന്നുവിളിക്കുന്നത്. ചരക്കു കൈമാറ്റം ഇല്ലാത്ത സേവനങ്ങൾക്ക് പണം വാങ്ങിയാൽപോലും അവ pure service എന്ന ഗണത്തിലേ വരൂ. ഉദാഹരണത്തിന് ഒരു കെട്ടിടം പണിയാനുള്ള കരാർ നൽകിയാൽ അതിൽ സിമന്റ്, കമ്പി തുടങ്ങിയ ചരക്കുകളുടെ കൈമാറ്റം പ്രസ്തുത വർക്സ് കോൺട്രാക്ട് സേവനങ്ങളുടെ ഭാഗമായി ഉണ്ടാവും. ആയതിനാൽ അത് pure service അല്ല. അവ composite സർവ്വീസാണ്. എന്നാൽ ഇവിടെ ഊരാളുങ്കൽ നൽകുന്ന കലാകാരന്മാർക്കുള്ള ട്രെയിനിംങ് പ്രോഗ്രാം പോലുള്ള സേവനമാണ് നൽകുന്നത്. അതിൻ്റെ ഭാഗമായി ചരക്കു കൈമാറ്റം ഇല്ല. അതുകൊണ്ടു അത് pure service എന്ന ഗണത്തിൽ വരും. ഈ pure service നൽകുന്നതാകട്ടെ സംസ്ഥാന സാംസ്കാരിക വകുപ്പിനാണുതാനും.
ഇങ്ങനെ ജി.എസ്.ടി കൗൺസിൽ ഒഴിവു നൽകുന്നതു ധനനഷ്ടമായി കണക്കാക്കാനാവില്ല. ആരോഗ്യമേഖലയിലെ സേവനങ്ങൾക്കും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നികുതി ഒഴിവാക്കിയതിനെ ധനനഷ്ടമായി കണക്കാക്കാനാവില്ലല്ലോ. അതേപോലെ തന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങളെ കാണേണ്ടതും. അവയെ നികുതി ബാധ്യതയിൽ നിന്നൊഴിവാക്കിയത് ധനനഷ്ടമല്ല, മറിച്ചു സമൂഹത്തിൻ്റെ ഉന്നമനത്തിനും രാജ്യപുരോഗതിക്കും വേണ്ടി കേന്ദ്ര-സംസംസ്ഥാ ധനമന്ത്രിമാർ അടങ്ങുന്ന ജി.എസ്.ടി കൗൺസിൽ എടുത്ത ഉദാരവും പുരോഗമനപരവുമായ തീരുമാനമാണ്.
വളരെ വിശദമായി ചർച്ച ചെയ്തിട്ടാണ് ഇത്തരത്തിലുള്ള ഒഴിവുകൾ സംബന്ധിച്ച് കൗൺസിൽ തീരുമാനിച്ചത്. പല സംസ്ഥാനങ്ങളും സർക്കാരിനു ലഭിക്കുന്ന സേവനങ്ങൾ നികുതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ അങ്ങനെ പൊതുവിൽ ഒഴിവുകൾ നൽകുന്നതിനു പകരം pure services നു മാത്രം ഒഴിവു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ട് സംസ്ഥാനങ്ങൾ ഇങ്ങനെ ആവശ്യപ്പെട്ടു? നികുതി മുഴുവൻ അധികമായി സംസ്ഥാന സർക്കാർ നൽകണം. അതിനു പകുതിയേ സംസ്ഥാന സർക്കാരിനു തിരിച്ചുകിട്ടൂ. ഇത് ചൂണ്ടിക്കാണിച്ചതിൽ എനിക്കു വലിയ ജാള്യതയൊന്നും ഇല്ല.
സതീശൻ്റെ മറ്റൊരു തട്ടുപൊളി ചോദ്യം - നിങ്ങള്‍ എന്നു മുതലാണ് ഊരാലുങ്കലിനു പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത് എന്നാണ്. അതോറിറ്റിയുടെ ഉത്തരവ് തന്നെ ഉദ്ധരിക്കാം. “As per the notification, pure Service (excluding works contract service or other composite supplies involving supply of Goods) provided to the central Government, State Government, or union territory, or local authority or a government authority by way of any activity in relation to any function entrusted to a panchayath under Article 243 G of the Constitution or in relation to any function entrusted to a municipality under Article 243w of the Constitution ....”
അതായത്, സർക്കാരുകൾക്കോ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കോ ഇത്തരത്തിലുള്ള സേവനം ആരു നൽകിയാലും അതു pure service എന്ന ഗണത്തില്‍ വരും. അതിനു സേവന ദാതാവിൻ്റെ സ്റ്റാറ്റസ് പ്രസക്തമല്ല. ഊരാലുങ്കലിനു മാത്രമല്ല ഇത്തരം ഉത്തരവ് അതോറിട്ടി നൽകിയിട്ടുള്ളത്. Advance Ruling No. KER 27/2019, Dt. 24-5-2019.
കാട്ടില്‍ മരങ്ങള്‍ നടാനും, ഫയർലൈൻ തീർക്കാനും, നദീതീരം സംരക്ഷിക്കാനും വനം വകുപ്പ് നൽകിയ സേവന കരാര്‍ നാം ഇപ്പോള്‍ ചർച്ച ചെയ്യുന്ന വിജ്ഞാപന പ്രകാരം നികുതി വിധേയമല്ല എന്നാണ് അതോറിറ്റി തീർപ്പ് കൽപ്പിച്ചത്. അതിന്റെ് അർത്ഥം പ്രസ്തുത വ്യക്തിയ്ക്ക് സർക്കാരിൻ്റെയോ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയോ സ്റ്റാറ്റസ് നൽകി എന്നാണോ? സേവനത്തിന്റെ സ്വഭാവം എന്ത് എന്നതാണ് നിയമം അനുശാസിക്കുന്നത്. ഇത് അറിയാതെയല്ല സതീശന് ഇത്തരം വിതണ്ഡ വാദങ്ങള്‍ ഉന്നയിക്കുന്നത്.
“ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇത് എന്ത് pure service ആണ്? ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി?” എന്നൊക്കെ എംഎൽഎ എഴുതിക്കണ്ടു. 16 കോടി രൂപ നൽകിയത് സർഗ്ഗാലയ എന്ന ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കി നടത്തുന്നതിന് ഏതാണ്ട് 10 വർഷം മുമ്പ് നൽകിയതാണ്. അത് ടെണ്ടർ വിളിച്ചാണ് കൊടുത്തത്. അതിലെ നിർമ്മാണത്തിന് അക്കാലത്തെ വാറ്റ് നികുതിയും ഈടാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് സർവ്വീസ് ടാക്സും കൊടുത്തു എന്നാണ് ഞാൻ അറിഞ്ഞത്. എന്തിന് അത് ഇപ്പോഴത്തെ വിവാദവുമായി കൂട്ടിക്കുഴയ്ക്കുന്നു?
വളരെ പ്രശസ്തമായ രീതിയിൽ സർഗ്ഗാലയ എന്ന ക്രാഫ്റ്റ് വില്ലേജ് നടത്തിയ പരിചയത്തിൻ്റെ അടിസ്ഥാനത്തിലാണ് 23 ക്രാഫ്റ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ഗ്രാമീണ കലാകാരൻമാരുടെ നൈപുണിയെ വികസിപ്പിച്ച് അവയുടെ മാർക്കറ്റിംഗിനു സഹായിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതിൽ കെട്ടിട നിർമ്മാണത്തിനോ മറ്റുമുള്ള ഒരു ചെലവും ഉൾപ്പെടുന്നില്ല. അതുകൊണ്ട് ഇത് pure service ആണ്. അതിനു ജി.എസ്.ടി നിയമത്തിൽ നികുതി ഇളവുമുണ്ട്.
നികുതി ബാധ്യത ഇല്ലാത്ത സേവനങ്ങൾക്ക് നികുതി ഈടാക്കുകയും, ആ തുക സംസ്ഥാന ഖജനാവിൽ നിന്നുതന്നെ നൽകുകയും, അതിൽ പകുതി മാത്രം തിരികെ സംസ്ഥാന ഖജനാവിലേക്കു വരികയും ചെയ്യുന്നത് എങ്ങനെയാണ് സംസ്ഥാനത്തിനു ഗുണകരമാവുന്നത്?
COMMENTS