തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിൽക്കാതെ സ്വതന്ത്ര നിലപാടെടുത്ത ജോസ് കെ മാണിയുടേത് ക്ഷമിക്കാൻ കഴിയാത്ത രാഷ്ട്രീയ വഞ...
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിൽക്കാതെ സ്വതന്ത്ര നിലപാടെടുത്ത ജോസ് കെ മാണിയുടേത് ക്ഷമിക്കാൻ കഴിയാത്ത രാഷ്ട്രീയ വഞ്ചനയാണെന്നും അതുകൊണ്ട് മൃദുസമീപനം ഇനി ഉപേക്ഷിക്കാമെന്നും കെപിസിസി. ജോസ് പക്ഷത്തിനെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഇനി സഹകരിക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസ് പക്ഷത്തിനെതിരെ നടപടി സ്വീകരിച്ചേക്കും.ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുമായി ബാന്ധവം വേണ്ട. കാര്യത്തിൽ ഉടൻ തീരുമാനം വേണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. ബെന്നി ബഹനാൻ , കെസി ജോസഫ് , കെ മുരളീധരൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.നിയമസഭയില്‍ യു.ഡി.എഫ്. നല്കിയ വിപ്പ് ലംഘിക്കുകകൂടി ചെയ്തതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ഒത്തുതീര്‍പ്പ് എന്ന മുന്നണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. ഇന്നലെ രാത്രിയാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.
മുന്നണിയുടെ അന്ത്യശാസനവും തള്ളി നിയമസഭയിൽ സ്വതന്ത്ര നിലപാടെടുത്ത ജോസ് ഇനിയൊരു തിരിച്ച് പോക്കില്ലെന്ന വ്യക്തമായ സൂചന യുഡിഎഫിന് നൽകിക്കഴിഞ്ഞു.യു.ഡി.എഫ്. യോഗങ്ങളില്‍നിന്നു മാത്രമല്ല, മുന്നണിയില്‍നിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം നീങ്ങുന്നത്.
COMMENTS